‘നീര’യെ രക്ഷിക്കാൻ സർക്കാർ; ഒറ്റ ബ്രാൻഡിങ്ങിൽ വിപണിയിലേക്ക്

‘നീര’യെ രക്ഷിക്കാൻ സർക്കാർ 

തിരുവനന്തപുരം∙ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഗുണനിലവാരം ഏകീകരിച്ച് ഒരേ ബ്രാൻഡിങ്ങിൽ നീര ഏഴുമാസത്തിനുള്ളിൽ വിപണിയിലിറക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. ഗുണനിലവാരം ഏകീകരിക്കാനും പുതിയ പേരും ലോഗോയും ഉൾപ്പെടെയുള്ള ബ്രാൻഡിങ് തീരുമാനിക്കാനും രണ്ടു വിദഗ്ധസമിതികൾ രൂപവൽക്കരിച്ചു. നീരയുടെ ടെട്രാ പായ്ക്കിങ്ങിനും വിപണനത്തിനും സർക്കാർ നേരിട്ടു സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. 

പ്രതിസന്ധിയിലായ നീര പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. യുഡിഎഫ് സർക്കാർ അവതരിപ്പിച്ച പദ്ധതിയാണെങ്കിലും അതിനെ മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണു സർക്കാരിന്റെ തീരുമാനമെന്നു മന്ത്രി വ്യക്തമാക്കി. 

നാളികേര വികസന ബോർഡ്, കേന്ദ്ര നാണ്യവിള ഗവേഷണകേന്ദ്രം, കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങളുടെ മൂന്നു സാങ്കേതികവിദ്യകളാണ് നീര ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ ഏകോപിപ്പിക്കാൻ ഈ മൂന്നു സ്ഥാപനങ്ങളിലെയും വിദഗ്ധരുടെ സമിതിയാണു രൂപവൽക്കരിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി സർക്കാരിനു റിപ്പോർട്ടു നൽകും. 

പൊതു ലോഗോയും പേരും തീരുമാനിക്കാൻ ഉൽപാദകസംഘങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ ഏഴംഗ കമ്മിറ്റിയാണ് രൂപവൽക്കരിച്ചത്. രണ്ടുസമിതികളും 22ന് ആദ്യയോഗം ചേരും. 

നീര ഉൽപാദിപ്പിക്കുന്ന 29 കമ്പനികൾക്ക് അടുത്ത സാമ്പത്തികവർഷം നാളികേര മിഷൻ പദ്ധതിയുടെ ഭാഗമായി പ്രത്യേക സാമ്പത്തികസഹായം അനുവദിക്കും. പാലക്കാട്, വാഴക്കുളം എന്നിവിടങ്ങളിലെ ടെട്രാ പായ്ക്ക് യൂണിറ്റുകൾ നീര കമ്പനികൾക്ക് ഉപയോഗിക്കാൻ സൗകര്യമൊരുക്കും. പരസ്യം ഉൾപ്പെടെയുള്ളവ സർക്കാർ നേരിട്ട് ഏറ്റെടുക്കും. 

നീര വിപണനത്തിനു പാർലെ ഉൾപ്പെടെയുള്ള കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ടെങ്കിലും അവരുടെ സഹായം ഉപയോഗിക്കില്ലെന്നു മന്ത്രി പറഞ്ഞു. കർഷകർക്കു പരമാവധി പ്രയോജനം ലഭ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണം അനുവദിക്കില്ല. നീര ഉൽപാദനവുമായി ബന്ധപ്പെട്ട് കള്ളു ചെത്തുതൊഴിലാളി യൂണിയനുകളുടെ എതിർപ്പ് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു.