ട്രഷറി നിക്ഷേപം സർക്കാർ പിൻവലിച്ചു; പൊതുമേഖലാ പദ്ധതികൾക്കു പണമില്ല

കൊച്ചി ∙ പൊതുമേഖലാ സ്ഥാപനങ്ങളുടേതായി ട്രഷറി സേവിങ്സ് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്ന പണം മുഴുവൻ മാർച്ച് 31നു മുമ്പു സർക്കാർ പിൻവലിച്ചതു തിരിച്ചു കിട്ടാതായതോടെ പദ്ധതികളും വികസന പരിപാടികളും നിലയ്ക്കുന്നു. പുതിയ സാമ്പത്തിക വ‍ർഷത്തിന്റെ തുടക്കത്തിൽ പൊതുമേഖലയിലെ പദ്ധതികളെല്ലാം മുടങ്ങിയിരിക്കുകയാണ്. മാർച്ചിലെ സാമ്പത്തിക ഞെരുക്കം നേരിടാനെന്ന പേരിലാണ് ട്രഷറി സേവിങ്സ് അക്കൗണ്ടുകളിലെ പണം മുഴുവൻ സർക്കാർ ഏറ്റെടുത്തത്. 

പുതിയ സാമ്പത്തിക വർഷം പുതിയ അക്കൗണ്ട് ആരംഭിച്ചിട്ട് അതിന്റെ നമ്പർ അയച്ചു കൊടുക്കണമെന്നും അതിലേക്ക് പണം ക്രെഡിറ്റ് ചെയ്യുമെന്നും ധനകാര്യ വിഭാഗം അറിയിച്ചിരുന്നു. പുതിയ അക്കൗണ്ടുകൾ തുടങ്ങിയെങ്കിലും പണം ലഭിക്കാത്ത സ്ഥിതിയാണ്.

കേന്ദ്ര ഗ്രാന്റ് തുക ലഭിക്കുന്ന പദ്ധതികളുടെ മാച്ചിങ് സംസ്ഥാന വിഹിതത്തിനും ഇതേ ഗതി ഉണ്ടായിട്ടുണ്ട്. മാർച്ച് അവസാനം വിവിധ പദ്ധതികൾക്കുള്ള സംസ്ഥാന വിഹിതം അതത് അക്കൗണ്ടുകളിലേക്കു ക്രെഡിറ്റ് ചെയ്തിരുന്നു. പക്ഷേ പിറ്റേന്നു തന്നെ പിൻവലിക്കുകയും ചെയ്തു. അങ്ങനെ 2017–18ലെ വാർഷിക പദ്ധതിയിൽ അലോക്കേഷൻ ഉണ്ടായിരുന്ന പദ്ധതികളുടെ തുകകളാണ് നടപടിക്രമം പാലിച്ചെന്നു വരുത്തിയിട്ടു പിൻവലിച്ചത്. ഇനി നടപ്പു വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച ശേഷമേ തുക ലഭിക്കൂ. നാലുമാസത്തോളം കാലതാമസം ഉണ്ടാകുകയും ചെയ്യും.

ഏതാനും മാസങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആഴ്ച തോറും പിൻവലിക്കാവുന്ന തുകയുടെ പരിധിയും കുറച്ചുകൊണ്ടു വരികയായിരുന്നു. ആഴ്ചയിൽ 25 ലക്ഷം പിൻവലിക്കാൻ അനുമതിയുള്ളവയ്ക്ക് അതു 10 ലക്ഷമാക്കി. ഇപ്പോൾ പലതവണ സെക്രട്ടേറിയറ്റിൽ കയറി ഇറങ്ങിയാൽ മാത്രമേ പണം പിൻവലിക്കാൻ അനുമതി ലഭിക്കൂ എന്ന സ്ഥിതിയാണ്. കിട്ടുന്നത് നേരത്തേ അനുവദിച്ച തുകയുടെ ഒരംശം അതും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം.

മുഴുവൻ തുകയും സർക്കാർ തിരിച്ചെടുത്തതിനാൽ പദ്ധതി പാടെ നിലച്ച ഉദാഹരണങ്ങളുമുണ്ട്. നദികളിൽ നിന്നു വാരുന്ന മണൽ ലേലം ചെയ്തു വിൽക്കുമ്പോൾ കിട്ടുന്ന തുകയുടെ 50% തദ്ദേശ സ്ഥാപനങ്ങൾക്കും ബാക്കി 50% നദീതീര സംരക്ഷണ പദ്ധതിക്കുമാണ്. അങ്ങനെ വിവിധ പഞ്ചായത്തുകളിൽ നിന്നു ലഭിച്ച 140 കോടി രൂപ ഈ പദ്ധതിയുടെ അക്കൗണ്ടിലുണ്ടായിരുന്നു. അതു മുഴുവൻ സർക്കാർ ട്രഷറിയിലേക്കു മുതൽകൂട്ടി.