ഉൽപാദനം കൂട്ടുമെന്ന് റിപ്പോർട്ട്; എണ്ണവില തണുത്തു

ലണ്ടൻ ∙ കത്തിക്കയറിയ എണ്ണവില നേരിയ തോതിൽ തണുത്തു. ബാരലിന് 2.17 ഡോളർ കുറഞ്ഞ് 76.62 ഡോളർ വരെ എത്തി. യുഎസിൽ വില 69.34 ഡോളർ. 1.37 ഡോളറിന്റെ കുറവ്. ആവശ്യമെങ്കിൽ എണ്ണ ഉൽപാദനം കൂട്ടാൻ‍ റഷ്യയും, സൗദി അറേബ്യയും സന്നദ്ധമാണെന്ന വാർത്തയാണ് വിലയെ സ്വാധീനിച്ചത്. 17 മാസമായി ഉൽപാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ഇതോടെ വില 2014 ന് ശേഷമുള്ള ഉയർന്ന നിലവാരത്തിൽ എത്തുകയും ചെയ്തു.

പ്രതിദിനം 10 ലക്ഷം ബാരലിന്റെ അധിക ഉൽപാദനം നടത്തുന്നതു സംബന്ധിച്ച് സൗദി, റഷ്യ മന്ത്രിമാർ ചർച്ച നടത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 80.50 ഡോളർ വരെ ഈ മാസം ഉയർന്നിരുന്നു. വില ഈ നിലവാരത്തിൽ എത്തിയതോടെ, ഉൽപാദനം കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് സൗദി പറയുന്നു. ജൂൺ 22 ന് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും റഷ്യയും തമ്മിലുള്ള ചർച്ചയിൽ ഉൽപാദനം വർധിപ്പിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കും.

ഒപെക്ക് ഉൽപാദനം കുറയ്ക്കുകയും വെനസ്വേലയിൽ ഉൽപാദനം കുറയുകയും ചെയ്തതോടെ കഴിഞ്ഞ ഒരു വർഷമായി എണ്ണവില കുതിച്ചു കയറുകയായിരുന്നു. നിലവിൽ പ്രതിദിനം 27 ലക്ഷം ബാരലിന്റെ കുറവാണ് ഉള്ളത്. ഉയർന്ന എണ്ണവില റഷ്യയ്ക്കും ഒപെക്കിനും നേട്ടമായപ്പോൾ, അവസരം മുതലെടുത്ത് യുഎസ് ഉൽപാദനം കൂട്ടുകയും ചെയ്തു. പ്രതിദിനം ഉൽപാദനം 1.07 കോടി ബാരലാക്കി ഉയർത്തി.

പെട്രോളിന് 14 പൈസ കൂടി

കൊച്ചി ∙ തുടർച്ചയായ 13–ാം ദിവസവും പെട്രോൾ, ഡീസൽവില കുതിക്കുന്നു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയും കൂടി. ഇതോടെ പെട്രോൾ വില കൊച്ചിയിൽ ലീറ്ററിന് 80. 93 രൂപയും ഡീസൽ വില 73 .62 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലീറ്റർ പെട്രോളിന് 82 രൂപയ്ക്കു മുകളിലാണു വില. നഗരപരിധിക്കു പുറത്ത് വില 82.50 കടന്നു. ഡീസൽവില 74.37 രൂപയായും ഉയർന്നു. നഗരത്തിനു പുറത്തു ഡീസൽവില 75 രൂപയ്ക്കു തൊട്ടടുത്തെത്തി. തുടർച്ചയായ ഇന്ധനവിലക്കയറ്റം മൂലം ഭക്ഷ്യോൽപന്നങ്ങളുടെ വില ഉയരുകയാണ്.