നിസാൻ ഡിജിറ്റൽ ഹബ്: 3000 പേർക്ക് 3 വർഷത്തിനകം ഹൈടെക് ജോലി

കൊച്ചി ∙ തിരുവനന്തപുരം ടെക്നോസിറ്റിയിൽ സ്ഥാപിക്കുന്ന നിസാൻ ഡിജിറ്റൽ ടെക്നോളജി ഹബ് മൂന്നു വർഷത്തിനകം 3000 ഹൈടെക് സാങ്കേതിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു നിസാൻ മോട്ടോർ കോർപറേഷൻ വൈസ് പ്രസിഡന്റും ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ (സിഐഒ) ടോണി തോമസ് പറഞ്ഞു. പദ്ധതി സംബന്ധിച്ച ധാരണാപത്രം ഉടനെ ഒപ്പുവയ്ക്കുന്നതാണ്. നിസാനിലും സപ്ലയർ കമ്പനികളിലുമായിരിക്കും നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ. അതിന്റെ പലമടങ്ങ് അവസരങ്ങൾ നേരിട്ടല്ലാതെയും ഉണ്ടാകും. മെക്കട്രോണിക്സിലും നിർമിത ബുദ്ധിയിലും ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ സാങ്കേതികവിദ്യയിലും മറ്റുമുള്ള വികസനമാണു തിരുവനന്തപുരത്തെ ഹബ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രംഗത്തു നിസാനിൽ പ്രവർത്തിക്കുന്നവരിൽ പകുതിയോളം പേർ തിരുവനന്തപുരം കേന്ദ്രത്തിലായിരിക്കും.

വിജ്ഞാന അധിഷ്ഠിത ജോലികളായതിനാൽ ശമ്പളവും ഏറ്റവും മികച്ചതായിരിക്കും. ഇത്തരം ഡിജിറ്റൽ ഹബ് നിസാൻ ആസ്ഥാനമായ യോക്കോഹാമയിലും ചൈനയിലും പാരിസിലും അമേരിക്കയിലെ നാഷ്‌വില്ലിലുമുണ്ട്. അഞ്ചാമത്തേതാണു തിരുവനന്തപുരം. തുടക്കം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന നിസാന്റെ സപ്ലയർ കമ്പനിയിലായിരിക്കും. ഇൻഫോസിസും ടിസിഎസും ടെക്ക് മഹീന്ദ്രയുമെല്ലാം നിസാന്റെ സോഫ്റ്റ്‌വെയർ സപ്ലയർ കമ്പനികളാണ്.

ടെക്നോപാർക്കിന്റെ മൂന്നാം ഘട്ടമായ ഗംഗ, യമുന കെട്ടിടങ്ങളിൽ കാൽലക്ഷം ചതുരശ്രയടി സ്ഥലം ഒരുക്കി അവിടേക്കു പ്രവർത്തനം വ്യാപിപ്പിക്കും. ടെക്നോസിറ്റിയിൽ അനുവദിച്ച 30 ഏക്കറിൽ നിർമിക്കുന്ന സ്വന്തം ക്യാംപസിലേക്കു പിന്നീടാണു മാറുക. ഇവിടെ ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന കാറുകളുടെ സാങ്കേതികവിദ്യ പരീക്ഷിക്കാനുള്ള ഡ്രൈവിങ് ട്രാക്കും മറ്റും സൃഷ്ടിക്കും. ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പിനെയും (ബിസിജി) മക്കിൻസിയെയും ലൊക്കേഷൻ കണ്ടെത്താൻ ഏൽപിച്ചിരുന്നു. ഇന്ത്യയിൽ അവർ നിർദേശിച്ച ഇടങ്ങളിൽ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടുമൊന്നുമില്ലായിരുന്നു. എന്നാൽ കേരളത്തെ വിലയിരുത്താൻ  ആവശ്യപ്പെട്ടപ്പോൾ തലസ്ഥാനത്തിന് ഒട്ടേറെ ഘടകങ്ങൾ അനുകൂലമായി.

ഐടി ഗവേഷണത്തിന് ഉന്നത യോഗ്യതയുള്ളവരുടെ ലഭ്യത, ട്രാഫിക് കുരുക്കുകളില്ലാത്ത ഹരിത നഗരത്തിന്റെ സാന്നിധ്യം, എയർപോർട്ട് കണക്ടിവിറ്റി, ചെലവു കുറവും സാമൂഹിക സൗകര്യങ്ങളും മികച്ച ജീവിതനിലവാരവും, യുഎസ്ടി പോലെ ഇവിടെ വളർന്നു വിജയിച്ച കമ്പനികൾ നൽകിയ പോസിറ്റീവ് സന്ദേശവും ആത്മവിശ്വാസവും, മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എംപി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി എന്നിവർ നൽകിയ സജീവ പിന്തുണ ഇവയൊക്കെ അതിൽ പെടുന്നു– ടോണി തോമസ് ചൂണ്ടിക്കാട്ടി.