കെഎസ്എഫ്ഇ പ്രവാസി ചിട്ടി: റജിസ്ട്രേഷൻ തുടങ്ങി

തിരുവനന്തപുരം∙ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ റജിസ്ട്രേഷൻ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചിട്ടിയിൽ ചേരുന്ന പ്രവാസികൾ നവകേരള സൃഷ്ടിയിൽ പങ്കാളികളാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറിയവരുമാനമുള്ളവർക്കും ചേരാവുന്ന ചിട്ടിയിലെ നിക്ഷേപത്തിനു സർക്കാർ പൂർണ ഗാരന്റി നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ ഭാഗമായിത്തന്നെ ജീവിക്കുന്ന പ്രവാസികളാണു സംസ്‌ഥാനത്തിന്റെ കരുത്ത്. പ്രവാസി ചിട്ടിയിലൂടെ നാടിന്റെ വികസനത്തിൽ കൂടുതൽ പങ്കാളിത്തത്തിനുള്ള അവസരമാണ് അവർക്കു ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയാണ് ആദ്യം പേര് റജിസ്റ്റർ ചെയ്തത്. കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങൾക്കു ധനം സമാഹരിക്കുന്നതിനാണു പ്രവാസി ചിട്ടി തുടങ്ങുന്നത്. പൂർണമായി ഓൺലൈനായി നടത്തുന്ന ചിട്ടിയുടെ സോഫ്റ്റ്‌വെയറും ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സിഡിറ്റും സാസ് വാപ്പ് ടെക്നോളജീസും ചേർന്നു മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്.  സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 2500 രൂപയാണു ചിട്ടിയിലെ കുറഞ്ഞ തവണ. പ്രവാസികൾക്ക് ഏറ്റവും ആകർഷകമായ സമ്പാദ്യമാർഗമായി പ്രവാസി ചിട്ടി മാറുമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. ചിട്ടി സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്ററും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാരായ കെ.എം.മാണി, സി.കെ.നാണു, കോവൂർ കുഞ്ഞുമോൻ, പി.സി.ജോർജ്, വി.അബ്‌ദുറഹ്‌മാൻ, കിഫ്‌ബി സിഇഒ: ഡോ. കെ.എം.എബ്രാഹം, കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ്, എം.ഡി: എ.പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.