ചന്ദ കൊച്ചാർ അവധിയിൽ; സന്ദീപ് ബക്ഷിക്ക് ചുമതല

ചന്ദ കൊച്ചാർ

ന്യൂഡൽഹി ∙ വിഡിയോകോൺ വായ്പാ ഇടപാട് സംബന്ധിച്ച് ആരോപണവിധേയയായ ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ചന്ദ കൊച്ചാർ അവധിയിൽ പ്രവേശിച്ചു. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ചുമതലക്കാരനായ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി സന്ദീപ് ബക്ഷിയെ നിയമിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷുറൻസ് സിഇഒ ആയി പ്രവർത്തിച്ചിരുന്ന ബക്ഷി ഇന്നു ചുമതലയേൽക്കും. ചന്ദ കൊച്ചാറിനെതിരായ ബാങ്കിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരെ അവർ അവധിയിലായിരിക്കും. ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയും ആയി എൻ.എസ്. കണ്ണനെ നിയമിക്കാനും ബാങ്ക് ബോർഡ് തീരുമാനിച്ചു.