നൂറിനെ ആയിരം ആക്കാൻ മോഹം...

വർഷങ്ങൾക്കുമുൻപ് ഒരു മലയാളി ശതകോടീശ്വരൻമാരുടെ നിരയിലേക്ക് ഉയർന്നപ്പോൾ അതേ നാട്ടുകാരനായ മറ്റൊരു കാശുകാരനു സഹിച്ചില്ല. ഛായ്, നമ്മളെക്കാളും കാശുകാരനായി പുതിയൊരാൾ വരികയോ! എങ്ങനെ പണമുണ്ടാക്കിയതെന്നതിനെച്ചൊല്ലി ചില അപവാദങ്ങൾ പറഞ്ഞുപരത്തി. ഒന്നും ഏറ്റില്ലെന്നു മാത്രം.

ബില്യണർ എന്നു വിളിക്കപ്പെടുന്ന ശതകോടീശ്വരൻമാർക്ക് അവരുടെ നിരയിലേക്കു പുതിയവർ വരുന്നതു തീരെ പിടിക്കില്ല. പുതിയവർ കേറി വരുന്നതനുസരിച്ച് പഴയവർ താഴോട്ടു പോകുന്നു. ഒരേ നാട്ടുകാരും ഒരേ സമുദായക്കാരുമാണെങ്കിൽ തീരെ പിടിക്കില്ല. അതല്ല നമ്മുടെ വിഷയം–എന്തോന്നാ ഈ ബില്യണർ? സ്വത്തുക്കളുടേയും പണത്തിന്റേയും മൂല്യം ഒരു ബില്യൺ (100 കോടി) ഡോളർ ഉള്ളവരാകുന്നു ബില്യണർ. ഇന്നത്തെ ഡോളറിന്റെ എക്സ്ചേഞ്ച് മൂല്യം അനുസരിച്ച് 6800 കോടി രൂപ വരും. യഥാർഥ രൂപം കിട്ടില്ലെങ്കിലും ശതകോടീശ്വരൻ എന്നു മലയാളത്തിൽ പറഞ്ഞു തടിതപ്പാമെന്നു മാത്രം.

പണ്ടൊക്കെ സായിപ്പിന്റെ നാട്ടിൽ കാശുകാരനാവണമെങ്കിൽ മില്യണർ ആവണം. പത്തുലക്ഷം ഡോളർ ഉണ്ടായിരുന്നാൽ മതി. ഇന്നത്തെ നിലയ്ക്ക് വെറും 6.8 കോടി രൂപ. ഇന്ന് ഏതു കുഗ്രാമത്തിലും കാണും അത്തരം ഐറ്റംസ്. അതിനാൽ മില്യണർക്കു വിലയില്ലാതായി. ആരെങ്കിലും മില്യണർ ആയെന്നു വീമ്പിളക്കിയാൽ കേൾക്കുന്നവർ കോട്ടുവായിടും. വീട്ടിൽ ചെന്നു പറഞ്ഞാൽ ‘നീ കഞ്ഞീകുടിച്ചിട്ടു കിടന്നുറങ്ങാൻ നോക്ക്’ എന്ന ഉദാസീനമായ മറുപടി കിട്ടിയേക്കാം. ദേ, വന്നു വന്ന്  ബില്യണർക്കും വിലയില്ലാതാവുകയാണോ? ശകലം കണക്കുകൾ കേട്ടോ.

ലോകമാകെ 2700 ബില്യണർമാരെങ്കിലുമുണ്ട്. കഴിഞ്ഞ വർഷം 437 പേർ കൂടി ബില്യൺ സ്വത്തുകാരായി മാറിയിരുന്നു.  ‘ഇജ്ജാതി വർഗം’ ഏറ്റവും കൂടുതൽ ഉള്ളതെവിടാ? നമ്മൾ വിചാരിക്കും മുതലാളിത്ത സ്വർഗമായ അമേരിക്കയിലാവുമെന്ന്. അടുത്തകാലം വരെ  അമേരിക്കയിലായിരുന്നു, പക്ഷേ ഇന്നു കമ്യൂണിസ്റ്റ് ചൈനയിലാണ് ലോകത്തു തന്നെ ഏറ്റവും കൂടുതൽ ബില്യണർമാരുള്ളത്. 819 പേർ. ആഴ്ചയിൽ നാലു പേർ വീതം ചൈനയിൽ ബില്യണർ പട്ടികയിലേക്ക് ഉയരുന്നുണ്ട്. സ്വത്തുക്കളുടെ അമിത കേന്ദ്രീകരണം കമ്യൂണിസ്റ്റ് ചൈനയിലാണു നടക്കുന്നതെന്നതാണു വൈരുദ്ധ്യാത്മക വാസ്തവം. 

ജെഫ് ബെസോസ്

ബില്യണർമാരിൽ തന്നെ കൂടിയതും കുറഞ്ഞതുമുണ്ട്. 100 ബില്യൺ ഡോളറിലേറെ (സുമാർ 6,80,000 കോടി രൂപ) സ്വത്തുള്ളവർ മ്മിണി ബല്യ കക്ഷികളാകുന്നു. ബിൽഗേറ്റ്സും വാറൻ ബഫെറ്റും ജെഫ് ബെസോസുമാണ് ആ ലവലിൽ. 130 ബില്യൺ ഡോളർ സ്വത്തുമായി ഇക്കൊല്ലമാണ് ജെഫ് ബെസോസ് ലോക കോടീശ്വരൻമാരി‍ൽ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 ബില്യൺ കൂടി ഒറ്റയടിക്ക് ജെഫ് ബെസോസ് കയ്യടക്കി.

ആമസോൺ സ്ഥാപകനാണേ. ഓൺലൈൻ വാണിഭമാകയാൽ ഒറ്റ പൈസ നികുതി കൊടുക്കാതെ ഒഴിയുന്നു. ദിവസം 275 മില്യൺ ഡോളർ (1863 കോടി രൂപ) ബെസോസ് സമ്പാദ്യത്തിൽ കൂട്ടുന്നു.

ഇത്രയും വായിക്കുന്നതിനിടെ ബെസോസിന്റെ പണപ്പെട്ടിയിൽ സമ്പാദ്യം 10 ലക്ഷം ഡോളർ ( 6.8 കോടി രൂപ) കൂടിയിരിക്കും. ഈ പോക്കിൽ 25 കൊല്ലത്തിനകം ജെഫ് ബെസോസ് ലോകത്തെ ആദ്യ ട്രില്യണർ ആവുമെന്നു വരെ പറഞ്ഞു തുടങ്ങി. അതിന് ആയിരം ബില്യൺ സ്വത്തു വേണം. 130 ബില്യണിലെത്തി, ഇനി ആയിരത്തിലെത്തണം.

ഒടുവിലാൻ∙ഇത്രയും കാശുണ്ടാക്കുന്നതെന്തിനെന്ന ചോദ്യത്തിന് ബഹിരാകാശ യാത്രയ്ക്കു ഗവേഷണത്തിനെന്നാണു ബെസോസിന്റെ മറുപടി. സ്പേസ് എക്സ് റോക്കറ്റുണ്ടാക്കിയിട്ടുണ്ട്. ഫ്ളൈറ്റിൽ ദുബായിക്കു പോകും പോലെ ബഹിരാകാശത്തു പോകുന്ന കാലമാണു സ്വപ്നം. അങ്ങനെ മനുഷ്യനെ ഭൂമിയിൽ നിന്നു രക്ഷിച്ചെടുക്കണം. ഭൂമി നശിക്കുന്ന സ്ഥിതിക്കു മനുഷ്യരാശിയുടെ അതിജീവനത്തിന് അന്യഗ്രഹങ്ങളേ ഉള്ളു പോൽ. അദ്ദാണു കാര്യം.