ഫോർട്ടിസിൽ 4000 കോടി രൂപ നിക്ഷേപിക്കാൻ മലേഷ്യൻ കമ്പനി

ന്യൂഡൽഹി ∙ പ്രമുഖ ആശുപത്രി ശൃംഖലയായ ഫോർട്ടിസ് ഹെൽത്ത് കെയറിൽ നിക്ഷേപിക്കാൻ മലേഷ്യയിലെ ഐഎച്ച്എച്ച് ഹെൽത്ത് കെയർ. മുൻഗണനാ ഓഹരികൾ വഴി 4000 കോടി രൂപ ഐഎച്ച്എച്ച് ഫോർട്ടിസിൽ നിക്ഷേപിക്കും. ടിപിസി മണിപ്പാൽ കൂട്ടായ്മ 2100 കോടിയുടെ വാഗ്ദാനം നൽകിയിരുന്നു. ഐഎച്ച്എച്ചിന് 31% പങ്കാളിത്തം ലഭിക്കും. ഓഹരിക്ക് വില 170 രൂപ. ഇതേ നിരക്കിൽ ഓപ്പൺ ഓഫറിലൂടെ മറ്റൊരു 26% കൂടി നേടാനും ഐഎച്ച്എച്ചിന് പദ്ധതിയുണ്ട്. ഇതിന് 3300 കോടി രൂപകൂടി ചെലവഴിക്കും. 

മൂന്നു മാസത്തിനുള്ളിൽ ഇടപാട് പൂർത്തിയാക്കും. ഇടപാടുകൾക്ക് ഫോർട്ടിസ് ഓഹരി ഉടമകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഫോർട്ടിസിന്റെ പ്രവർത്തനങ്ങളിൽ പരിവർത്തനം വരുത്താൻ 100 ദിവസം മാത്രം മതിയാകുമെന്ന് ഐഎച്ച്എച്ച് മാനേജിങ് ഡയറക്ടർ ടാൻ സീ ലെങ് പറഞ്ഞു. ഓപ്പൺ ഓഫർ സെപ്റ്റംബർ ആദ്യം തുടങ്ങും. ഫോർട്ടിസിൽ നിക്ഷേപം നടത്താൻ മൂന്ന് ഓഫറുകൾ ലഭിച്ചിരുന്നുവെങ്കിലും ഓഹരി ഉടമകളുടെ അനുമതി ലഭിക്കാതെ വന്നതോടെ ഇവ നടപ്പാക്കാനായില്ല.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫോർട്ടിസിന് പുതിയ നിക്ഷേപ നിർദേശം ശക്തി പകരുമെന്നു വിലയിരുത്തുന്നു. 34 ആശുപത്രികളുടെ നിയന്ത്രണം ഐഎച്ച്എച്ചിന് ലഭിക്കും. 2600 ഡോക്ടർമാരും, 13,200 മറ്റ് ജീവനക്കാരും ഫോർട്ടിസിന്റെ കീഴിലുണ്ട്. 8800 കോടി മൂല്യമുള്ള ഗ്രൂപ്പാണു ഫോർട്ടിസ്.