ടൂറിസം പദ്ധതികൾ പൂർത്തീകരിക്കുക, പണം ഇനിയും തരാം; കണ്ണന്താനം

കൊച്ചി ∙ ടൂറിസം പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുകയാണെങ്കിൽ കൂടുതൽ പണം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാണ്. പക്ഷേ, കേരളത്തിൽ പദ്ധതികളുടെ നടത്തിപ്പിനു വേഗം പോരാ - വിമർശനം കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റേത്. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ, പ്രസാദ് പദ്ധതികളുടെ അവലോകന യോഗത്തിനു ശേഷം  സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്ഥാനങ്ങളിലും കാര്യക്ഷമമായ ടൂറിസം പൊലീസ് വേണമെന്ന ശുപാർശ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

350 കോടി രൂപയുടെ പദ്ധതികൾ

സ്വദേശ് ദർശൻ, പ്രസാദ് എന്നിവയ്ക്കു കീഴിലുള്ള നാലു പദ്ധതികളിലായി 350 കോടി രൂപയാണു കേന്ദ്രം അനുവദിച്ചത്. വനം വകുപ്പുമായി ബന്ധപ്പെട്ട അനുമതികൾ ലഭിക്കുന്നതിനുള്ള കാലതാമസമാണു സ്വദേശ് ദർശൻ പദ്ധതികൾ വൈകിപ്പിക്കുന്നതെന്നു കേന്ദ്ര മന്ത്രി പറഞ്ഞു. ഹൈക്കോടതിയെ സമീപിച്ച് അനുമതി വാങ്ങാമെന്നു ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ അറിയിച്ചിട്ടുണ്ട്. സ്വദേശ് ദർശന്റെ ഭാഗമായി 90 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഗവി-വാഗമൺ-തേക്കടി ടൂറിസം അടിസ്ഥാന വികസന പദ്ധതി സെപ്റ്റംബർ 30ന് അകം പൂർത്തീകരിക്കും. ശബരിമല-എരുമേലി-പമ്പ-സന്നിധാനം ഉൾപ്പെടുന്ന ആധ്യാത്മിക സർക്യൂട്ടിനായി അനുവദിച്ച 99.99 കോടി രൂപയിൽ 64 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കു ടെൻഡർ നൽകി. ശ്രീപത്മനാഭസ്വാമി ക്ഷേത്രം-ആറൻമുള-ശബരിമല സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി 5.94 കോടി രൂപ അനുവദിച്ചിട്ടും ആറൻമുള പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. 

ഗുരുവായൂർ വികസനവും ഇഴയുന്നു

പ്രസാദ് പദ്ധതിയിൽ ഉൾപ്പെട്ട ഗുരുവായൂർ വികസനത്തിന് 46 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. സിസിടിവി ഘടിപ്പിക്കുന്ന പ്രവർത്തനം മാത്രമാണ് അൽപമെങ്കിലും പുരോഗമിച്ചത്. മൾട്ടിലെവൽ കാർപാർക്കിങ്, ടൂറിസ്റ്റ് അമിനിറ്റി സെന്റർ നിർമാണം ആരംഭിച്ചിട്ടില്ല. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമാണം 20 ശതമാനം പൂർത്തിയായി. മലയാറ്റൂർ പള്ളിയും ചേരമാൻ ജുമാ മസ്ജിദും പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. മലയാറ്റൂർ പള്ളിയുടെ ഭാഗമായ കുന്നും മലയും നിരത്തി കോൺക്രീറ്റ് പാകണമെന്ന നിർദേശം സ്വീകാര്യമല്ലാത്തതിനാൽ പുതുക്കിയ ശുപാർശ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ലക്ഷ്യം മൂന്നിരട്ടി വിദേശ ടൂറിസ്റ്റുകൾ 

വിദേശ ടൂറിസ്റ്റുകളുടെ എണ്ണവും വരുമാനവും മൂന്നു വർഷത്തിനകം ഇരട്ടിയാക്കുകയാണു ലക്ഷ്യം. ഓഗസ്റ്റ് അവസാനം ചൈനയിൽ റോഡ് ഷോ ഉൾപ്പെടെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.