സുരക്ഷിതമാകട്ടെ ചിട്ടികൾ

ഒരുകാലത്ത് കേരളത്തിലെ എല്ലാ ചിട്ടികളുടെയും റജിസ്ട്രേഷൻ ജമ്മു കശ്മീരിലായിരുന്നു. ചിട്ടി പൊട്ടുമ്പോഴാണു റജിസ്ട്രേഷൻ ബോർഡിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു മനസ്സിലാവുക. ഇന്നു കാലം മാറി, കഥ മാറി. 2012 ലെ സുപ്രീംകോടതി ഉത്തരവു പ്രകാരം എവിടെ ചിട്ടി നടത്തിയാലും തൊട്ടടുത്ത സബ് റജിസ്ട്രാർ ഓഫിസിൽ അതു റജിസ്റ്റർ ചെയ്തിരിക്കണം. ഓർക്കുക, റജിസ്റ്റർ ചെയ്യാത്ത ചിട്ടികൾ അനധികൃതമാണ്.

നേരിട്ടു പരിശോധിക്കാം ചിട്ടി റജിസ്ട്രേഷൻ 

പണം എളുപ്പത്തിൽ ലഭിക്കുന്നതിനുള്ള സൗകര്യമോർത്ത് സ്വകാര്യ ചിട്ടി തിരഞ്ഞെടുക്കുന്നവരാണ് ഏറെയും. നിങ്ങൾ ചേരുന്ന ചിട്ടി സുരക്ഷിതമാണോ എന്നറിയാൻ തൊട്ടടുത്ത സബ് റജിസ്ട്രാർ ഓഫിസിൽ നേരിട്ടു ചെന്നു പരിശോധന നടത്താം.

∙ എല്ലാ സബ് റജിസ്ട്രാർ ഓഫിസുകളിലും ഇതിനു പ്രത്യേക സൗകര്യമുണ്ട്.

∙ ചിട്ടി സ്ഥാപനത്തിന്റെ ഹെഡ് ഓഫിസ് മാത്രം റജിസ്റ്റർ ചെയ്താൽ പോര, മുഴുവൻ ബ്രാഞ്ചുകളും അതതു പ്രദേശത്തു റജിസ്റ്റർ ചെയ്യണം

∙ സ്ഥാപനത്തിന്റെ പേരു മാത്രം പോര, ഓരോ ചിട്ടിയിലും ചേരുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിവരവും റജിസ്റ്റർ ചെയ്യണം. ഉദാഹരണത്തിന് 40 പേരുള്ള ചിട്ടിയാണെങ്കിൽ 40 പേരുടെയും പേരും വിലാസവും നൽകണം. അങ്ങനത്തെ പത്തു ചിട്ടികളുണ്ടെങ്കിൽ പത്തിലും റജിസ്ട്രേഷൻ വേണം

∙ നിങ്ങളുടെ പേരും വിലാസവും റജിസ്ട്രാർ ഓഫിസിൽ കണ്ടില്ലെങ്കിൽ ചിട്ടി നടത്തിപ്പുകാരോട് അതേക്കുറിച്ചു ചോദിക്കണം.

∙ ചിട്ടിക്കു ലഭിക്കുന്ന പാസ്ബുക്കിൽ സ്ഥാപനത്തിന്റെയും സബ് റജിസ്ട്രാർ ഓഫിസിന്റെയും സീൽ പതിച്ചിട്ടുണ്ടായിരിക്കണം.

∙ ഓരോ തവണ പണം അടയ്ക്കുമ്പോഴും സ്ഥാപനത്തിന്റെ സീൽ ചെയ്ത രസീത് വാങ്ങി സൂക്ഷിച്ചു വയ്ക്കുക.