വിപണി മൂല്യം: കേരള കമ്പനികൾ ഭൂരിപക്ഷവും സ്മോൾ ക്യാപ്

കൊച്ചി ∙ കമ്പനികളെ അവയുടെ ഓഹരി വിപണി മൂല്യം അനുസരിച്ചു തരംതിരിക്കുന്നതിനു പുതിയ മാനദണ്ഡം വന്നതോടെ കേരള കമ്പനികൾ ഭൂരിപക്ഷവും സ്മോൾ ക്യാപ് വിഭാഗത്തിൽ തുടരുമെന്ന നിലയായി. സ്മോൾ ക്യാപ് വിഭാഗത്തിലായതിനാൽ മ്യൂച്വൽ ഫണ്ടുകൾക്ക് അവയിൽ ഭൂരിപക്ഷത്തിലും നിക്ഷേപം നടത്താൻ കഴിയില്ല. നിലവിൽ കേരളം തട്ടകമാക്കിയ മൂന്നു കമ്പനികൾ മാത്രമാണ് മിഡ് ക്യാപ് വിഭാഗത്തിൽ അവശേഷിക്കുന്നത്. മുത്തൂറ്റ് ഫിനാൻസ്, ഫെഡറൽ ബാങ്ക്, അപ്പോളോ ടയേഴ്സ്. മലയാളികൾ സാരഥികളായ എംആർഎഫ് ലാർജ് ക്യാപിൽ തുടരുന്നുമുണ്ട്.

പഴയ മാനദണ്ഡം അനുസരിച്ച് 50,000 കോടിയിലേറെ ഓഹരി മൂല്യമുള്ള കമ്പനികൾ ലാർജ് ക്യാപിലും പതിനായിരം കോടി മുതൽ 50,000 കോടി വരെയുള്ള കമ്പനികൾ മിഡ് ക്യാപിലും പതിനായിരം കോടിയിൽ താഴെയുള്ള കമ്പനികൾ സ്മോൾ ക്യാപിലുമായിരുന്നു. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യ (ആംഫി) നിശ്ചയിച്ച് സെബി അംഗീകരിച്ച പുതിയ മാനദണ്ഡം അനുസരിച്ച് ഓഹരി വിപണി മൂല്യത്തിൽ നൂറാം സ്ഥാനം വരെ നിൽക്കുന്ന കമ്പനികൾ ലാർജ് ക്യാപും 101 മുതൽ 250–ാം സ്ഥാനം വരെയുള്ള കമ്പനികൾ മിഡ് ക്യാപിലും 250നു മുകളിലുള്ളവ സ്മോൾ ക്യാപിലുമായി. അതാണ് മൂന്നെണ്ണം ഒഴികെ മറ്റെല്ലാ കേരള കമ്പനികളും സ്മോൾ ക്യാപ് വിഭാഗത്തിലായതും മ്യൂച്വൽ ഫണ്ട് നിക്ഷേപം ലഭിക്കാൻ അർഹത നഷ്ടപ്പെട്ടതും.

സ്മോൾ ക്യാപിൽ 258–ാം റാങ്കിലുള്ള വിഗാർഡും 263–ാം റാങ്കിലുള്ള മണപ്പുറം ഫിനാൻസും 273–ാം റാങ്കുള്ള ആസ്റ്ററും അധികം താമസിയാതെ മിഡ് ക്യാപിലേക്കു മാറാം. ആസ്റ്റർ ഡിഎം ഹെ‌ൽത്ത് കെയർ ഈ കൂട്ടത്തിൽ അവസാനം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ്. 163–ാം റാങ്കോടെ മിഡ് ക്യാപിലുള്ള മുത്തൂറ്റ് ഫിനാൻസും 148–ാം റാങ്കോടെ മിഡ് ക്യാപിലുള്ള ഫെഡറൽ ബാങ്കും ലാർജ് ക്യാപിലേക്കും താമസിയാതെ മാറുമെന്ന് അവയുടെ വളർച്ചാ സാധ്യതകൾ വിലയിരുത്തിയ ഹെഡ്ജ് ഇക്വിറ്റീസ് എംഡി അലക്സ് കെ. ബാബു ചൂണ്ടിക്കാട്ടി.

ആറു മാസത്തിലൊരിക്കലാണ് ആംഫി ഓഹരിമൂല്യം അനുസരിച്ച് കമ്പനികളുടെ റാങ്ക് നിർണയിക്കുക. ഇനി 2019 ജനുവരിയിൽ അടുത്ത ലിസ്റ്റ് വരും. കമ്പനിയുടെ ഓഹരികളുടെ എണ്ണത്തെ ഓഹരി വില കൊണ്ടു ഗുണിച്ചു കിട്ടുന്ന തുകയാണ് വിപണിമൂല്യം അഥവാ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ.