ആവശ്യമറിഞ്ഞ് ചിട്ടി തിരഞ്ഞെടുക്കാം

പരിചയക്കാരുടെ നിർബന്ധത്തിനു വഴങ്ങി ഏതെങ്കിലും ചിട്ടിയിൽ ചേരുന്നതിൽ കാര്യമില്ല. സ്വന്തം ആവശ്യം എന്താണെന്നു തിരിച്ചറിഞ്ഞു ചിട്ടി തിരഞ്ഞെടുക്കുന്നതാണു മിടുക്ക്. ചിട്ടികളെ രണ്ടു തരത്തിൽ സമീപിക്കാം. ഒന്നുകിൽ നിക്ഷേപം അല്ലെങ്കിൽ വായ്പ. അടിയന്തര ആവശ്യമുള്ളവർ ‘വായ്പ’ എന്ന നിലയിലും ദീർഘകാല ആവശ്യങ്ങളുള്ളവർ ‘നിക്ഷേപം’ എന്ന നിലയിലുമാണു ചിട്ടികളെ ഉപയോഗപ്പെടുത്തേണ്ടത്.

∙ വായ്പ എന്ന നിലയിൽ ചിട്ടിയെ സമീപിക്കുന്നവർ കാലാവധി കുറഞ്ഞ ചിട്ടികൾ  തിരഞ്ഞെടുക്കണം.

∙ ആകെ ചിട്ടിത്തുകയുടെ 60–70 ശതമാനം വരെ തുക വായ്പയായി വിളിച്ചെടുക്കാൻ കഴിഞ്ഞാൽ ബാങ്ക് ലോണിനെക്കാൾ ലാഭകരമായിരിക്കും. ഉദാഹരണത്തിന് 2500 രൂപ വീതം 40 മാസം അടയ്ക്കുന്ന ചിട്ടി കാലാവധി കഴിയുമ്പോൾ ഒരു ലക്ഷം രൂപ ലഭിക്കും. നേരത്തെ വിളിച്ചെടുക്കുന്ന ഒരാൾക്ക് 70,000 രൂപയെങ്കിലും കിട്ടിയാൽ ബാങ്ക് ലോണിനെക്കാൾ ലാഭകരമാണ്. ഇതേ തുക 40 മാസത്തേക്കു വായ്പയെടുക്കുന്ന ഒരാൾ നിലവിലെ പലിശ നിരക്ക് അനുസരിച്ച് 1.10 ലക്ഷം രൂപ മുതലും പലിശയും കൂടി തിരിച്ചടയ്ക്കേണ്ടി വരും. 50 ശതമാനത്തിൽ വിളിച്ചെടുക്കുന്ന ചിട്ടി വരിക്കാരനെ സംബന്ധിച്ചു നഷ്ടമാണ്.

∙ഏതു ചിട്ടികളിലും വായ്പക്കാരായിരിക്കും കൂടുതൽ. കാലാവധിയുടെ ആദ്യ കാൽഭാഗം ചിട്ടി വിളിച്ചെടുക്കാൻ തിരക്കു കൂടുതലായിരിക്കും. ഈ സമയത്തു വിളിച്ചെടുക്കുന്നതു നഷ്ടമാണ്. അൽപം ക്ഷമയുണ്ടെങ്കിൽ വലിയ നഷ്ടമില്ലാതെ ചിട്ടി വിളിച്ചെടുക്കാം. 

∙ അടിയന്തര ആവശ്യങ്ങൾ ഇല്ലാത്തവർക്കു ചിട്ടിയെ നിക്ഷേപമായി പരിഗണിക്കാം. ഇത്തരക്കാർ കാലാവധി കൂടിയ ചിട്ടികൾ തിരഞ്ഞെടുക്കണം. 

∙ നറുക്കെടുപ്പിൽ ചിട്ടി നേരത്തെ ലഭിച്ചാൽ ചിട്ടിയിൽ തന്നെ നിക്ഷേപിക്കാൻ സൗകര്യമുണ്ടാകും. ചിട്ടിയുടെ ലാഭവിഹിതത്തിനു പുറമേ പലിശയും ലഭിക്കും. ലാഭവിഹിതവും പലിശയും ചേരുമ്പോൾ നിങ്ങൾ അടയ്ക്കേണ്ട തവണ സംഖ്യ കുറയും. ചുരുക്കത്തിൽ ചെറിയ തവണ സംഖ്യയിൽ നല്ല ഒരു തുക നിക്ഷേപമായി തിരികെ ലഭിക്കും.

∙ കെപിഎസ്