കണ്ടുകണ്ടങ്ങിരിക്കും കമ്പനിയെ...

ഫെയ്സ്ബുക് 2020നപ്പുറം പോകില്ല എന്നൊരു നിരീക്ഷണമുണ്ട്. ഫാഷൻ പോലെ പെട്ടെന്നു മാറിമറിയുന്ന ഡിജിറ്റൽ ലോകത്ത് കാരണങ്ങൾ പലതും പറയാമെങ്കിലും ഒരുപാടു വളർന്നു പോയതാകാം പ്രശ്നം. ബിസിനസിൽ അങ്ങനെയൊരു ക്രൂരയാഥാർഥ്യമുണ്ട്. ഒരുപാടങ്ങു വളർന്നു കേറി കുത്തകയായി മാറിയാൽ ഡൈനോസർ പോലാകും, അമിത ദുസ്വാധീനമാകും, പുതുതായി രംഗത്തു വരുന്ന ചെറുകിടക്കാരെ വളരാൻ അനുവദിക്കാത്ത സ്ഥിതിയും കൂടി വരുമ്പോൾ സർക്കാരോ കോടതിയോ ഇടപെട്ടു പൊളിച്ചെന്നു വരാം. ഏറ്റവും നല്ല ഉദാഹരണം നമുക്ക് ഏറ്റവും വേഗം മനസിലാകുന്ന ഉദാഹരണവുമാണ്–ഈസ്റ്റ് ഇന്ത്യാ കമ്പനി!

ഇന്നത്തെ ഗൂഗിൾ,ആപ്പിൾ, അലിബാബ, ആമസോൺ,മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻമാരുടെയൊക്കെ തലതൊട്ടപ്പനായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനി. ഇന്ത്യയിൽ വന്ന് ബ്രിട്ടിഷ് ആധിപത്യത്തിനു തുടക്കമിട്ട കമ്പനിക്ക് അക്കാലത്ത് കറുപ്പ് വ്യാപാരത്തിന്റെ കുത്തകയുണ്ടായിരുന്നു. ബൂട്ടി അഥവാ കൊള്ളമുതൽ പേരിൽ അവരുടെ അക്കൗണ്ട് ബുക്കുകളിൽ  എൻട്രി ഉണ്ടായിരുന്നു. വരുമാനവും ലാഭവും കൂടിക്കൂടി ബ്രിട്ടനേക്കാൾ വലിയ സാമ്രാജ്യമായി സ്വകാര്യ കമ്പനി വളർന്നപ്പോൾ സായിപ്പ് തന്നെ അതിനു തടയിട്ടു. ഇന്ത്യൻ ഭരണം ബ്രിട്ടിഷ് സർക്കാർ ഏറ്റെടുത്തു, കുത്തക പൊളിച്ചു.

അമേരിക്കയിലെ കോടീശ്വരൻ ഡേവിഡ് റോക്ക്ഫെല്ലറുടെ സ്റ്റാൻഡേഡ് ഓയിൽ വേറൊരു ഉദാഹരണം. ആമസണിന്റെ വിപണിമൂല്യം ഒന്നരലക്ഷം കോടി ഡോളർ കവിയുകയും അടുത്തെത്തുകയും ആപ്പിളിന്റെ ലാഭം 6000 കോടി ഡോളറാവുകയും ചെയ്യുന്നതു കാണുമ്പോൾ പലർക്കും പഴയ ഈസ്റ്റ് ഇന്ത്യ കമ്പനിയേയും സ്റ്റാൻ‍ഡേർഡ് ഓയിലിനേയും ഓർമ്മ വരുന്നുണ്ട്.

പണ്ടൊക്കെ അരനൂറ്റാണ്ടെങ്കിലും കഴിയണം വളർന്നു കേറിയ ഒരു കോർപ്പറേറ്റ് കമ്പനി തളർന്നു താഴേക്കു വരാൻ. പിന്നീടത് ഒരു തലമുറയുടെ കാലയളവായ 30 വർഷത്തിലെത്തി. ഇന്റർനെറ്റിന്റെ കാലത്ത് 20 വർഷം മതി വളരാനും തളരാനുമെല്ലാമെന്ന സ്ഥിതിയാണ്. 1986ൽ സെൻസെക്സിലുണ്ടായിരുന്ന 30 കമ്പനികളിൽ പലതും ഇന്ന് ആ ലിസ്റ്റിലില്ല. 91ൽ ഉദാരവൽക്കരണം തുടങ്ങിയതോടെ പലകമ്പനികളുടേയും കാറ്റുപോയി. അംബാസഡർ കാർ കമ്പനി ഹിന്ദുസ്ഥാൻ മോട്ടോഴ്സിനെ ഓർമ്മയുണ്ടോ? ഫിയറ്റ് കാറുകളുടെ പ്രീമിയർ ഓട്ടോ? സെൻസെക്സിന്റെ ഭാഗമായിരുന്നു രണ്ടും. അതേ സമയം സെൻസെക്സ് ഉണ്ടായ കാലത്ത് ഇല്ലാതിരുന്ന ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ ഇന്ന് അതിന്റെ ഭാഗമാണ്.

സെൻസെക്സ് ഉണ്ടായ കാലത്തെ 30 കമ്പനികളുടെ ലിസ്റ്റിൽ ഏഴെണ്ണം മാത്രമേ ഇപ്പോഴും അതിലുള്ളു. ഐടിസി,എൽ ആൻഡ് ടി, മഹീന്ദ്ര, യൂണിലിവർ, റിലയൻസ്, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ. 2008ൽ സത്യം സെൻസെക്സിന്റെ അഭിമാനഭാഗം. ഇന്ന് ടെക്മഹീന്ദ്രയുടെ ഭാഗം. അന്നുണ്ടായിരുന്ന ജയ്പ്രകാശ് അസോസിയേറ്റ്സ് വെറുമൊരു നിഴലായി. റാൻബാക്സി ഫാർമ രംഗത്തെ വമ്പനായിരുന്നു. സാരഥികളായ പഞ്ചാബി അനിയനും ചേട്ടനും ചേർന്ന് ആദ്യം ജാപ്പനീസ് ദായിച്ചിക്കു വിറ്റു. നഷ്ടക്കച്ചവടമായെന്നു മനസിലായപ്പോൾ അവർ സൺഫാർമയ്ക്ക് കിട്ടിയ വിലയ്ക്കു തട്ടി.

ഇനി 10 വർഷം കഴിയുമ്പോൾ ഇന്നത്തെ വമ്പൻമാർ പലരും ഓർമ്മയായി മാറിയിട്ടുണ്ടാകും. ബിസിനസ് രംഗത്തിനു വരുന്ന മാറ്റങ്ങൾ അത്ര വേഗത്തിലാണ്. നിർമ്മിത ബുദ്ധിയിൽ പിടിച്ചു കേറിയില്ലെങ്കിൽ രക്ഷയില്ലാത്ത സ്ഥിതിയാണ്. മനുഷ്യന്റെ അതിബുദ്ധിയും കുബുദ്ധിയും കൊണ്ടു തന്നെ ജീവിക്കാൻ വയ്യ, അതിനിടയിലാണ് യന്ത്രത്തിന്റെ ബുദ്ധിയും കൂടി വരുന്നത്. കമ്പനികൾ ബുദ്ധിരാക്ഷസൻമാരായി മാറും. അങ്ങനെ ബുദ്ധികൂട്ടാതെ മാറി നിൽക്കുന്നവർ കുളംതോണ്ടും.  കണ്ടുകണ്ടങ്ങിരിക്കുമ്പോൾ കണ്ടില്ലെന്നു വരും.

ഒടുവിലാൻ∙ഇത്തരം കമ്പനികളുടെ വാഴ്ചയെ വിശേഷിപ്പിക്കാൻ ഇംഗ്ളീഷിൽ ഒളിഗോപോളി എന്നൊരു വാക്കുണ്ട്. ഏതാനും കമ്പനികളുടെ കുത്തക ബിസിനസ് രംഗങ്ങളെ നിയന്ത്രിക്കുകയും പുതിയവയെ വളരാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.