വിമാനത്താവളത്തിൽ റോബട്ട് വഴികാട്ടും

നമ്മുടെ വിമാനത്താവളങ്ങളിൽ ചെല്ലുമ്പോൾ നിങ്ങൾക്കടുത്തേക്ക് ഒരു റോബട്ട് ഓടിവരികയാണെങ്കിൽ പേടിക്കേണ്ട; കൃത്യമായ വഴികാട്ടികളാണവ. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടിയുമായാണ് അവയുടെ വരവ്.

സ്കോട്‌ലൻഡിലെയും ദക്ഷിണകൊറിയയിലെയും വിമാനത്താവങ്ങളിലെ പോലെ  ഇന്ത്യയിലെ വിമാനത്താവളങ്ങളിലും യാത്രക്കാരെ സഹായിക്കാൻ റോബട്ടുകളുടെ സേവനം വ്യാപകമാകുന്നു. വിസ്താര എയർലൈൻസാണ് ഇന്ത്യയിലെ ആദ്യത്തെ എയർപോർട്ട് റോബട്ടിനെ ജോലിയിൽ ‘നിയമി’ച്ചത്.

ജൂലൈ അഞ്ചു മുതൽ യാത്രക്കാരുടെ ഏതു സംശയങ്ങൾക്കും മറുപടിയുമായി റാഡ എന്ന ഈ റോബട്ട് ഡൽഹി വിമാനത്താവളത്തിലെ കൗതുകക്കാഴ്ചയാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ അടക്കം വിശദവിവരം ബോർഡിങ്ങ് പാസ് സ്കാൻ ചെയ്ത് റാഡ പറഞ്ഞുതരും. മുൻനിശ്ചയിച്ച പ്രകാരമുള്ള ലൈനിലൂടെയാണ് വിമാനത്താവളത്തിലെ റാഡയുടെ സഞ്ചാരം. യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും മൂന്നു ക്യാമറകളാണ് റാഡയിലുള്ളത്. നാലു ചക്രത്തിലാണ് സഞ്ചാരം.

പൂർണമായും ഇന്ത്യയിൽ നിർമിച്ച ഘടകങ്ങൾകൊണ്ട് നിർമിച്ച ‘മെയ്ക് ഇൻ ഇന്ത്യ’ റോബട്ട് എന്ന് പ്രത്യേകതയും റാഡയ്ക്കുണ്ട്.

ഇതിന്റെ ചുവടുപിടിച്ച് മിത്ര എന്ന പേരിൽ രണ്ടു റോബട്ടുകളാണ് ഈ മാസം ചെന്നൈ വിമാനത്താവളത്തിൽ പുതുതായി ‘ജോലി’ക്കു ചേർന്നത്. ആഭ്യന്തര ടെർമിനലിലെ അറൈവൽ, ഡിപാർച്ചർ ഹാളുകളിലാണ് ഈ റോബട്ടുകൾക്ക് ഇപ്പോൾ ഡ്യൂട്ടി. ഇവ യാത്രക്കാരുടെ അടുത്തേക്ക് എത്തിച്ചേരും. ബോർഡിങ് ഗേറ്റ്, സുരക്ഷാ പരിശോധന തുടങ്ങിയ വിമാനത്താവളത്തിലെ എന്ത് സംശയവും അന്വേഷണവും ഈ റോബട്ടുകളോട് ചോദിക്കാം. രാജ്യാന്തര ടെർമിനലിലും ഉടൻ റോബട്ടുകളെ വിന്യസിക്കുമെന്നാണ് അധികൃതർ പറയുന്നത്.

പുറം രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായി പാട്ടുപാടുകയും നൃത്തം ചവിട്ടുകയും സുരക്ഷാ ജോലികൾ സ്വതന്ത്രമായി നടത്തുകയും ചെയ്യുന്ന റോബട്ടുകളുണ്ട്. അടുത്ത ഘട്ടത്തിൽ കൂടുതൽ മിടുക്കരായ വിമാനത്താവള റോബട്ടുകളെ ഇന്ത്യയിലും പ്രതീക്ഷിക്കാം.