ബാങ്കിലെ ആധാർ ചേർക്കൽ: സമയം നീട്ടി

ന്യൂഡൽഹി ∙ ബാങ്ക് ജീവനക്കാർക്ക് അൽപ്പം ആശ്വസിക്കാം. ആധാർ എൻറോൾമെന്റ്/അപ്ഡേറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകൾ നടപ്പാക്കാനുള്ള സമയപരിധി, സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) നീട്ടി. നിശ്ചിത എൻറോൾമെന്റ് നടത്താത്ത ബാങ്കുകൾ ഉടൻ പിഴ നൽകേണ്ടതില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.

ഓരോ ബാങ്കിന്റെയും 10% ശാഖകൾ ‘ആധാർ എൻറോൾമെന്റ് ആൻഡ് അപ്‌ഡേറ്റ് സെന്ററു’കളായി പ്രവർത്തിക്കണമെന്നാണു തീരുമാനം. ജൂലൈ ഒന്നു മുതൽ പ്രതിദിനം കുറഞ്ഞത് എട്ട് ആധാർ എൻറോൾമെന്റെങ്കിലും നടത്തണമെന്നും നിർദേശിച്ചിരുന്നു.  ഒക്ടോബർ ഒന്നു മുതൽ ഇതു പന്ത്രണ്ടായും അടുത്ത ജനുവരി ഒന്നു മുതൽ പതിനാറായും ഉയർത്തണമെന്നുമായിരുന്നു ആദ്യ നിർദേശം. പ്രതിദിനം നിശ്ചിത ആധാർ നടപടി പൂർത്തിയാക്കാത്തവർക്കു പിഴ നൽകണമെന്നും അറിയിച്ചിരുന്നു.

എന്നാൽ പുതിയ അറിയിപ്പനുസരിച്ചു പ്രതിദിനം എട്ട് എൻറോൾമെന്റ് എന്ന നിർദേശം നവംബർ ഒന്നിനാകും പ്രാബല്യത്തിൽ വരിക. 12 എൻറോൾമെന്റ്/അപ്ഡേറ്റ് എന്നതു ജനുവരി ഒന്നിനും 16 എണ്ണം ഏപ്രിൽ ഒന്നിനും നടപ്പാക്കണം. ഒക്ടോബർ വരെ പിഴ ഈടാക്കില്ല. ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബാങ്ക് ശാഖകൾ ഈ വിവരം പരസ്യങ്ങളിലൂടെയും മറ്റും കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്നും ആധാർ അതോറിറ്റി നിർദേശിക്കുന്നു. എസ്എംഎസ്, ഇ–മെയിൽ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ഈ വിവരം കൈമാറണം.