വൈഫൈ ഹോട്ട്സ്പോട്ട്: രൂപരേഖ സമർപ്പിച്ചു

ന്യൂഡൽഹി ∙ രാജ്യത്തെ പൊതു ഇടങ്ങളിൽ വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി രൂപരേഖ ടെലികോം കമ്പനികൾ സമർപ്പിച്ചു. 

നഗർനെറ്റ് പദ്ധതിയിലൂടെ നഗരങ്ങളിൽ 10 ലക്ഷം ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുകയാണു ലക്ഷ്യം. ഇതിനുവേണ്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) സമർപ്പിച്ച പദ്ധതി കമ്പനികൾ തള്ളിയതോടെയാണു പുതിയ നിർദേശം സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടത്.

കമ്പനികളുടെ  ശുപാർശ അധികൃതർ അംഗീകരിച്ചാൽ ഈ വർ‍ഷം അവസാനത്തോടെ പകുതി നഗരങ്ങളിൽ ഹോട്ട്സ്പോട്ട് സ്ഥാപിക്കാനാകും. 6000 കോടി മുതൽമുടക്കിലാണു സംവിധാനം ഒരുക്കുന്നത്. സ്കൂൾ, ആശുപത്രി, പൊലീസ് സ്റ്റേഷൻ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവയെല്ലാം കേന്ദ്രീകരിച്ചാണു വൈഫൈ സംവിധാനം ഒരുക്കുക.