തിരുവനന്തപുരത്തേക്ക് ഹിന്ദുജ ടെക് വരുന്നു

കൊച്ചി ∙ നിസാൻ ഡിജിറ്റൽ ടെക്നോപാർക്കിലേക്കു വരുന്നതിന്റെ ഭാഗമായി നിസാന്റെ സപ്ലെയർ കമ്പനികളിലൊന്നായ ഹിന്ദുജ ടെക്കും സോഫ്റ്റ്‌വെയർ വികസന കേന്ദ്രവുമായി തലസ്ഥാനത്തെത്തുന്നു. തിരുവനന്തപുരത്തു പ്രോജക്ട് മാനേജർ, സോഫ്റ്റ്‌വെയർ പ്രഫഷനൽ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ട് ഹിന്ദുജ ടെക് പരസ്യം ചെയ്തു.

നിസാന്റെ സപ്ലെയർ കമ്പനികളായ മഹീന്ദ്ര ടെക്കും ജപ്പാൻ കമ്പനി ഫുജിറ്റ്സുവും വരുന്നതിനൊപ്പമാണു ഹിന്ദുജയുടെ വരവും. ശതകോടികളുടെ ബിസിനസ് സാമ്രാജ്യമായ ഹിന്ദുജ ഗ്രൂപ്പിലെ താരതമ്യേന പുതിയ അംഗമാണു ഹിന്ദുജ ടെക്. എങ്കിലും ഓട്ടമൊബീൽ രംഗത്തിനു വേണ്ട ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിൽ പ്രമുഖരാണ്. ഹിന്ദുജ ടെക്കിന്റെ 30% ഓഹരികളുടെ  ഉടമസ്ഥത നിസാന് ഉണ്ടെന്നതും തലസ്ഥാനത്തു ചുവടുറപ്പിക്കാൻ പ്രേരണയാകുന്നു. ആയിരം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുന്നതാണ് ഈ നിക്ഷേപം.

അമേരിക്കൻ ഗ്രൂപ്പായ ടോറസ് ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിൽ ആദ്യ ഐടി കെട്ടിടം പണിയാൻ രൂപകൽപ്പന പുരോഗമിക്കുകയാണ്. പ്രീഫാബ് സാമഗ്രികൾ ഉപയോഗിച്ചു വേഗം പണി പൂർത്തിയാക്കി അടുത്ത വർഷം മധ്യത്തോടെ ഐടി കമ്പനികൾക്കു തുറന്നു കൊടുക്കാനാണു ലക്ഷ്യമിടുന്നത്. ആഗോള തലത്തിൽ ടോറസിന്റെ സ്വാധീനം നിക്ഷേപകരെ അവരുടെ ഐടി പാർക്കിലേക്ക് ആകർഷിക്കാൻ പ്രേരകമാവുകയും ചെയ്യും.