ഹാവൂ! രൂപയ്ക്ക് ആശ്വാസം

മുംബൈ ∙ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കു വീണ രൂപയ്ക്ക് അൽപം ആശ്വാസം നൽകുന്ന തിരിച്ചുവരവ്. പ്രധാനമന്ത്രി ഈ ആഴ്ച തന്നെ സാമ്പത്തിക അവലോകനസമിതി വിളിക്കുന്നുവെന്ന വാർത്തയെത്തുടർന്ന് രൂപയുടെ വിനിമയമൂല്യം ഉയർന്നു.

ഡോളർ വിനിമയത്തിൽ 72.91 എന്ന തകർച്ചയിൽ നിന്ന് 51 പൈസ ഉയർന്ന് 72.18 ൽ എത്തിയ രൂപയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാടും താങ്ങായി. രൂപയുടെ കനത്ത മൂല്യത്തകർച്ച ഒഴിവാക്കാൻ മന്ത്രാലയവും റിസർവ് ബാങ്കും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പ്. ഒരു ഘട്ടത്തിൽ 71.86 വരെയെത്തിയെങ്കിലും കുതിപ്പു നിലനിർത്താനായില്ല. അവസാന നാലു മണിക്കൂറിലാണ് 72.18 ൽ എത്തിയത്. മേയ് 25നു ശേഷം ഒരു ദിവസം ലഭിക്കുന്ന മികച്ച നേട്ടമാണിത്.

പ്രധാനമന്ത്രി വിളിച്ചു കൂട്ടുന്ന സാമ്പത്തിക കാര്യ സമിതി റിസർവ് ബാങ്കുമായി ചേർന്ന് രൂപയുടെ വിനിമയ മൂല്യവർദ്ധനയ്ക്ക് നടപടികൾ എടുക്കും എന്ന് കരുതുന്നു. വിദേശത്തു നിന്നു നിക്ഷേപം വർദ്ധിപ്പിക്കാൻ പ്രവാസികൾക്ക് പുതിയെരു നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചേക്കും. റിസർവ് ബാങ്ക് അടുത്ത നയപ്രഖ്യാപനത്തിൽ നിരക്കുകളിൽ വർദ്ധന വരുത്താനും സാധ്യതയുണ്ട്.

രൂപയുടെ വിനിമയ മൂല്യം ന്യായമല്ലാത്ത നിലയിൽ ഇടിയാൻ അനുവദിക്കുകയില്ല എന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ട്വിറ്ററിൽ വ്യക്തമാക്കി.