വായ്പാ കുടിശിക: വീട്ടിലേക്കുള്ള മാർച്ച് സ്വകാര്യതാ ലംഘനമെന്ന് ഹൈക്കോടതി

High Court of Kerala

കൊച്ചി ∙ വായ്പാ കുടിശിക ഈടാക്കാൻ വായ്പയെടുത്ത വ്യക്തിയുടെ വീട്ടിലേക്കു മാർച്ച് നടത്തിയ ബാങ്ക് അധികൃതരുടെ നടപടി സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി. ബാങ്കിനു കുടിശിക ഈടാക്കാൻ നിയമപരമായ മറ്റു മാർഗങ്ങളുണ്ട്. അതിനു കോടതി തടസ്സമല്ല. എന്നാൽ ഉദ്യോഗസ്ഥർ വ്യക്തികളുടെ വീടിനു മുന്നിൽ പ്രകടനം നടത്തേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി.

കൊച്ചി രവിപുരം സ്വദേശി പി. അനിൽകുമാർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണു ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡുവിന്റെ ഉത്തരവ്. കോർപറേഷൻ ബാങ്കിൽ നിന്നു 2015ൽ 50,000 രൂപയുടെ വായ്പയെടുത്തതിൽ 37000 രൂപ തിരിച്ചടച്ചിരുന്നു. 2018 ഓഗസ്റ്റിലെ കണക്കനുസരിച്ചു പലിശസഹിതം 25000 രൂപയാണു ബാക്കിയുള്ളത്. തുക തിരിച്ചടയ്ക്കാമെന്നു ഹർജിക്കാരൻ സമ്മതിക്കുകയും ചെയ്തു.

എന്നാൽ ‘പൊതുപണം തിരിച്ചടയ്ക്കുക’ എന്ന പ്ലക്കാർഡുമായി ബാങ്ക് ഉദ്യോഗസ്ഥരുൾപ്പെട്ട പത്തംഗ സംഘം വീട്ടിലേക്കു മാർച്ച് നടത്തിയതു തന്നെ ഞെട്ടിച്ചുവെന്നു ഹർജിക്കാരൻ പറ‍ഞ്ഞു. ബാങ്ക് ഉന്നതാധികാരികൾക്കു പരാതി നൽകിയെങ്കിലും നിരസിച്ചു. പ്ലക്കാർഡ് ഏന്തിയുള്ള ‘ഹല്ല ബോൽ’ പ്രകടനം ഇടയ്ക്കിടെ തുടരുമെന്നു കൂടി അധികൃതർ നിലപാടെടുത്ത സാഹചര്യത്തിലാണു ഹർജി.