കാനഡ ഇനി പൈനാപ്പിളിന്റെ ഇന്ത്യന്‍ രുചിയറിയും

Pineapple

കോഴിക്കോട് ∙ ഇന്ത്യയിൽ നിന്നുള്ള പൈനാപ്പിൾ (കൈതച്ചക്ക) ഇറക്കുമതിക്കു കാനഡയുടെ അനുമതി. ഇതുസംബന്ധിച്ചു കാനഡ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കനേഡിയൻ ഫുഡ് ഇൻസ്‌പെക്‌ഷൻ ഏജൻസിയിൽ (സിഎഫ്ഐഎ) നിന്നുള്ള അറിയിപ്പ് കേന്ദ്ര വാണിജ്യ– കൃഷി മന്ത്രാലയങ്ങൾക്കു ലഭിച്ചു. കഴിഞ്ഞവർഷം 127.4 മെട്രിക് ടൺ (1,27,400 ടൺ) പൈനാപ്പിൾ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത കാനഡയുടെ പുതിയ തീരുമാനം ഇന്ത്യയിലെ പൈനാപ്പിൾ കൃഷിക്കു പുതുവിപണി തുറക്കും. നിലവിൽ പഴങ്ങളുടെ മാത്രം ഇറക്കുമതിക്കാണ് അനുമതി. ഇറക്കുമതി ചെയ്യുന്നവ സിഎഫ്ഐഎ പരിശോധിക്കും. ഇറക്കുമതി രേഖകൾക്കെ‌ാപ്പം പൈനാപ്പിൾ ഉൽപാദന മേഖല കൃത്യമായി രേഖപ്പെടുത്തണം. കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്നു മറ്റുരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തതു 8,339.82 മെട്രിക് ടൺ പൈനാപ്പിളാണ്. ഇതിൽ ജലാംശം നീക്കി ഉണക്കി സംസ്കരിച്ചവയും ഉൾപ്പെടുന്നു. 

കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍

∙ നിലവിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പൈനാപ്പിൾ ഇറക്കുമതി ചെയ്യുന്നതു നേപ്പാളാണ്. അഗ്രികൾച്ചറൽ ആൻഡ് പ്രെ‌ാസസ്ഡ് ഫുഡ് പ്രെ‌ാഡക്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2017–18ൽ 3,630.89 മെട്രിക് ടൺ ആണു നേപ്പാൾ ഇറക്കുമതി ചെയ്തത്. ഇവയിൽ സംസ്കരിച്ച ഉൽപന്നങ്ങളും ഉൾപ്പെടുന്നു. ഖത്തർ (1,191.52 മെട്രിക് ടൺ), സൗദി (1,033.32 മെട്രിക് ടൺ), യുഎഇ (772.45 മെട്രിക് ടൺ) എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള പൈനാപ്പിൾ കൂടുതലായി ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങൾ.