വിമാനം വഴി ചരക്കുനീക്കം: വളർച്ച അതിവേഗം

ഇന്ത്യയിലെ വ്യോമമാർഗമുള്ള ചരക്കുനീക്കത്തിൽ വൻ പുരോഗതി. അഞ്ചു വർഷത്തിനുള്ളിൽ ഇത് 60 ശതമാനത്തിലേറെയായി വർധിക്കുമെന്നാണു കണക്കാക്കിയിട്ടുള്ളത്. അതേസമയം കാർഗോ കൈകാര്യം ചെയ്യുന്നതിന് വിമാനത്താവളങ്ങളിലുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും നിലവിലുള്ളതിന്റെ 50% എങ്കിലും വർധിപ്പിച്ചെങ്കിൽ മാത്രമേ ഈ ലക്ഷ്യം കാണാനാകൂ. 

നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ 46.3 ടൺ കാർഗോ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങളേ ഉള്ളൂ. കുറഞ്ഞത് 20 ലക്ഷം ടൺ കാർഗോ കൂടി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി അടിയന്തരമായി വർധിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ ചെറു വിമാനത്താവളങ്ങളിൽപ്പോലും ചരക്കുനീക്കം ഏറെ വർധിക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.

കേന്ദ്ര സർക്കാർ രാജ്യത്തെ വ്യോമ ഗതാഗത മേഖലയിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിൽ ആണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ലോകത്തെമ്പാടും വ്യോമ ചരക്കു ഗതാഗതം വൻതോതിൽ വർധിച്ചു വരികയാണ്. കഴിഞ്ഞ വർഷം ചൈനയിലെ ഹോങ്കോങ് വിമാനത്താവളം മാത്രം കൈകാര്യം ചെയ്തത് 49 ലക്ഷം ടൺ ചരക്കുകളാണ്. അതേസമയം ഇന്ത്യയിലെ മൊത്തം കണക്ക് 33 ലക്ഷം ടൺ മാത്രമാണ്. 

ഇന്ത്യയുടെ ഭൗമ സ്ഥാനം കണക്കിലെടുത്ത് ചരക്കുഗതാഗതത്തിൽ ആഗോള ഹബ് ആയി മാറാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ടെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സൗകര്യം പ്രയോജനപ്പെടുത്തണമെങ്കിൽ രാജ്യത്ത് ചരക്കുഗതാഗത മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറെ വർധിക്കേണ്ടതുണ്ട്. നിലവിലുള്ള വിമാനത്താവളങ്ങളിലെ കാർഗോ സ്റ്റേഷനുകളുടെ വിപുലീകരണം, പ്രത്യേക കാർഗോ വിമാനത്താവളങ്ങളുടെയും ഫ്രെയ്റ്റ് സ്റ്റേഷനുകളുടെയും നിർമാണം, ചരക്കു ഗതാഗത മേഖലയിലെ സാങ്കേതികവൽക്കരണം തുടങ്ങിയ സമയബന്ധിതമായി ഒരുക്കേണ്ടി വരും. 

വ്യോമ ചരക്കു ഗതാഗത മേഖലയിൽ ലോകബാങ്ക് കണക്കു പ്രകാരം 2014ൽ അൻപത്തിനാലാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടു വർഷം കൊണ്ട് 35–ാം സ്ഥാനത്തെത്തി. 2016–17ൽ മുൻ വർഷത്തെ അപേക്ഷിച്ച് 9.3 ശതമാനമാണ് വ്യോമ ചരക്കു മേഖലയിൽ ഇന്ത്യയുടെ വളർച്ച. രാജ്യാന്തര വിഭാഗത്തിൽ 10.8 ശതമാനവും ആഭ്യന്തര വിഭാഗത്തിൽ 7 ശതമാനവുമാണ് വർധന. 

17–18 സാമ്പത്തികവർഷം 12 ശതമാനമായിരുന്നു മൊത്തം വർധന. ഈ വർഷം പ്രതീക്ഷിക്കുന്നത് 14 മുതൽ 15 ശതമാനം വരെയാണ്. ഇന്ത്യയുടെ വ്യോമ ചരക്കു ഗതാഗതത്തിൽ 70 ശതമാനം രാജ്യാന്തരവും ബാക്കി ആഭ്യന്തരവുമാണ്. 

വിദേശികൾ മുഖ്യം

മറ്റൊരു പ്രധാന വസ്തുത ഇന്ത്യയുടെ രാജ്യാന്തര ചരക്കു കയറ്റിറക്കുമതിയിൽ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് വിദേശ വിമാനക്കമ്പനികളായ എമിറേറ്റ്സ്, എത്തിഹാദ്, സൗദിയ, ഖത്തർ, കാത്തേ പസിഫിക് തുടങ്ങിയവയാണ്. എമിറേറ്റ്സിന്റെ സ്കൈ കാർഗോ ആഴ്ചയിൽ 170 കാർഗോ വിമാന സർവീസുകൾ ഇന്ത്യയിലേക്കു നടത്തുന്നുണ്ട്. കാത്തേ പസിഫിക് മാത്രം ആഴ്ചയിൽ 25 കാർഗോ വിമാന സർവീസുകൾ ഇന്ത്യയിലേക്ക് നടത്തുന്നുണ്ട്. 100 ടണിലേറെ ചരക്കു കയറ്റാവുന്നവയാണിവ. ഇവരുടെ യാത്രാ വിമാനങ്ങളും ശേഷി നിറയെ ചരക്കുകളുമായാണ് സർവീസ് നടത്തുന്നത്. 

എമിറേറ്റ്സ് മാത്രം മാസം ശരാശരി 3000 ടൺ ചരക്കുകളാണ് കൈകാര്യം ചെയ്യുന്നത്. പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, ഇറച്ചി, മീൻ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. മുംബൈയിൽ നിന്നുമാണ് ഏറ്റവുമധികം ചരക്കുകൾ കൈകാര്യം ചെയ്യുന്നത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും വലിയ അളവിൽ ചരക്കുകൾ കയറ്റിറക്കുമതി ചെയ്യുന്നുണ്ട്. 

വലിയ സാധ്യതകളുണ്ടായിട്ടും ഇന്ത്യൻ കമ്പനികൾ ചരക്കു ഗതാഗത മേഖലയിലേക്ക് കാര്യമായി രംഗത്തു വരുന്നില്ല. എയർഇന്ത്യ നടത്തിയിരുന്ന ചരക്കു വിമാന സർവീസുകൾ 2012ൽ നിർത്തി. ജെറ്റ് എയർവേയ്സ് ചരക്കു വിമാന സർവീസുകൾക്കായി പ്രത്യേക കാർഗോ വിമാനക്കമ്പനി ആലോചിച്ചെങ്കിലും തൽക്കാലത്തേക്ക് ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ബ്ലുഡാർട്ട് ഏവിയേഷൻ മാത്രമാണ് ഇപ്പോൾ ആഭ്യന്തര കാർഗോ വിമാന സർവീസുകൾ നടത്തുന്നത്. ഇപ്പോൾ സ്പൈസ്ജെറ്റും ഈ രംഗത്തേക്കു കടന്നുവരുന്നു. 

രാജ്യത്തെ വ്യോമ ചരക്കു ഗതാഗത മേഖലയിലെ വികസനം മുന്നിൽക്കണ്ട് 2012ൽ കേന്ദ്ര സർക്കാർ എയർകാർഗോ ലോജിസ്റ്റിക്സ് പ്രമോഷൻ ബോർഡ് സ്ഥാപിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ എയർപോർട്ട് അതോറിറ്റിയുടെ ഉപയോഗിക്കാത്തതും വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നതുമായ വിമാനത്താവളങ്ങൾ കാർഗോ സ്റ്റേഷനുകളാക്കി മാറ്റി ചരക്കു ഗതാഗതം വർധിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നു.

ഇതിനായി എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് എന്ന സബ്സിഡിയറി കമ്പനിക്കും രൂപം നൽകി. വിമാനത്താവളങ്ങളിലെ കാർഗോ അനുബന്ധ സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം എങ്കിലും പ്രത്യേക കാർഗോ വിമാന സർവീസുകൾ നടത്താനും ആലോചനയുണ്ട്.