കരാർ തൊഴിലാളികൾക്കും 26 ആഴ്ച പ്രസവാവധി

പ്രസവം നടക്കുമെന്നു പ്രതീക്ഷിക്കുന്ന ദിവസത്തിനു തൊട്ടുമുൻപുള്ള 12 മാസക്കാലയളവിൽ 80 ദിവസമെങ്കിലും ഒരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തിട്ടുള്ള സ്ത്രീകൾക്ക് 26 ആഴ്ചത്തേക്കുള്ള പ്രസവാവധിക്കും ആനുകൂല്യങ്ങൾക്കും മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ വകുപ്പ് 5 അനുസരിച്ച് അർഹതയുണ്ട്.

വകുപ്പ് 2 (ഇ) അനുസരിച്ച്, സ്ത്രീ എന്ന പദത്തിനു നൽകിയിട്ടുള്ള നിർവചനത്തിൽ ഏതെങ്കിലുമൊരു സ്ഥാപനത്തിൽ വേതനത്തിനു വേണ്ടി നേരിട്ടോ ഏതെങ്കിലുമൊരു ഏജൻസി വഴിയായോ നിയമിക്കപ്പെട്ടിട്ടുള്ള സ്ത്രീകളെല്ലാം തന്നെ ഉൾപ്പെടും. കരാർ തൊഴിലാളികളെയോ ദിവസ വേതനക്കാരെയോ താൽക്കാലിക തൊഴിലാളികളെയോ സ്ത്രീ എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കിയിട്ടില്ല. അതായത്, കരാറടിസ്ഥാനത്തിലോ കൺസൽറ്റന്റ് ആയോ ആകസ്മിക തൊഴിലാളികളായോ ദിവസ വേതനക്കാരായോ നിയമിക്കപ്പെട്ടിട്ടുള്ള എല്ലാ സ്ത്രീകൾക്കും പ്രസവാവധിക്കും മറ്റാനുകൂല്യങ്ങൾക്കും അർഹത ഉണ്ടാകും.