ആയിരം യുഎസ് പൗരൻമാർക്ക് തൊഴിൽ നൽകാൻ ഇൻഫോസിസ്

ബെംഗളൂരു∙ ഇൻഫോസിസ് യുഎസിലെ അരിസോണയിൽ ആരംഭിക്കുന്ന പുതിയ ഹബിൽ ആയിരം യുഎസ് പൗരൻമാർക്കു ജോലി നൽകും. 2023ഓടെ 10,000 സ്വദേശികൾക്ക് ഐടി മേഖലയിൽ തൊഴിൽ നൽകുമെന്ന ഉറപ്പിന്റെ ഭാഗമായാണിത്. ഇതുവരെ 5874 യുഎസ് പൗരന്മാർക്കു ജോലി നൽകിയതായും കമ്പനി അറിയിച്ചു.

 ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), സൈബർ സെക്യൂരിറ്റി, ഡേറ്റാ സയൻസ് രംഗങ്ങളിലാണ് അരിസോണ ഹബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇൻഫോസിസിന്റെ ഈ പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാഭ്യാസ, പരിശീലന മേഖലയ്ക്കും മുതൽക്കൂട്ടാകുമെന്ന് അരിസോണ ഗവർണർ ഡഗ് ഡ്യൂസി പറഞ്ഞു.