സൂചിക 1000 പോയിന്റ് ഇടിഞ്ഞു; പിന്നെ കയറി

മുംബൈ ∙ യുഎസ് വിപണിയിലെ തകർച്ച ആഭ്യന്തര ഓഹരി വിപണിയെയും പിടികൂടി. വ്യാപാരം തുടങ്ങി  അധികം വൈകാതെ 1037 പോയിന്റ് ഇടിഞ്ഞ് 33723 വരെ എത്തി. പിന്നീട് നേരിയ തോതിൽ കയറി 34001.15 ൽ അവസാനിച്ചു.  നഷ്ടം 759.74 പോയിന്റ്. ആറു മാസത്തെ താഴ്ന്ന നിലവാരമാണിത്. നിഫ്റ്റി 225.45 പോയിന്റ് കുറഞ്ഞ് 10,234.65 ൽ എത്തി.

ആഗോള വിപണിയിൽ കനത്ത വിൽപന സമ്മർദത്തെയാണ് നേരിട്ടത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചതോടെ ബുധനാഴ്ച ഡൗജോൺസ് 800 പോയിന്റാണ് ഇടിഞ്ഞത്. ഇതാണ് ഇതര വിപണികളെ പിടിച്ചുലച്ചത്. ആഗോള ധന സ്ഥാപനങ്ങളും വിൽപനക്കാരായി. സൂചികാധിഷ്ഠിത ഓഹരികളിൽ എസ്ബിഐ ആണ് കനത്ത നഷ്ടം നേരിട്ടത്; 5.74%. രണ്ടാം സ്ഥാനം ടാറ്റാ സ്റ്റീലിനും; 4.60%. എണ്ണ കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി.

വിമാന ഇന്ധന വില കുറഞ്ഞത് വിമാന കമ്പനി ഓഹരി വിലകളും ഉയർത്തി. വിപണിയിലെ ഇടിവ് നിക്ഷേപകർക്കു വരുത്തിവച്ച നഷ്ടം 2.69 ലക്ഷം കോടി രൂപയാണ്. നഷ്ടം നേരിട്ട പ്രമുഖ സൂചികകൾ: (ശതമാനത്തിൽ) നിക്കെയ് 3.9, ഹാങ്ക്സാങ് 3.7, കോസ്പി 4.4, ഷാങ്‌ഹായ് കോംപസിറ്റ് 5.2.

രൂപ താഴ്ന്നു; പിന്നെ കയറി

മുംബൈ ∙ റെക്കോർഡ് നിലവാരത്തിലേക്കു കൂപ്പുകുത്തിയ രൂപ, എണ്ണ വില കുറ‍ഞ്ഞെന്ന വാർത്തയിൽ മെച്ചപ്പെട്ടു. ഡോളറുമായുള്ള വിനിമയത്തിൽ 74.37 ൽ ആരംഭിച്ച രൂപ ഒരവസരത്തിൽ 74.50 ൽ എത്തി. ഇറക്കുമതിക്കാർ ഡോളർ വാങ്ങിക്കൂട്ടിയതും, വിദേശത്തേക്കുള്ള പണത്തിന്റെ ഒഴുക്കുമായിരുന്നു കാരണം. പിന്നീടു മെച്ചപ്പെട്ട് 74.12 ൽ അവസാനിച്ചു. നേട്ടം 9 പൈസ. എണ്ണ വില കുറ‍ഞ്ഞെന്ന വാർത്തയാണ് രൂപയ്ക്ക് ആശ്വാസം പകർന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് രൂപ മെച്ചപ്പെടുന്നത്.