മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് സ്ഥാനം ഒഴി‍ഞ്ഞു

ഗീതാ ഗോപിനാഥ്

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം ഗീതാ ഗോപിനാഥ് ഒഴിഞ്ഞു. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പദവി ഏറ്റെടുക്കുന്നതിനു മുന്നോടിയായാണ് സ്ഥാനമൊഴിയുന്നതായി അറിയിച്ച് ഗീതാ ഗോപിനാഥ് മുഖ്യമന്ത്രിക്കു കത്തു കൈമാറിയത്. ഇത് അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, രണ്ടു വർഷത്തെ സൗജന്യ സേവനത്തിന് നന്ദി അറിയിച്ചു.

2016 ജൂലൈയിലാണ് ഹാർവഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറും വകുപ്പുമേധാവിയുമായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരങ്ങളായ നോട്ടു നിരോധനം, ജിഎസ്ടി , സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, പ്രളയാനന്തര പുനർനിർമാണം എന്നിവയിൽ ഗീതാ ഗോപിനാഥ് മുഖ്യമന്ത്രിക്ക് വിലപ്പെട്ട നിർദേശങ്ങൾ നൽകിയിരുന്നു. ലോക കേരള സഭയിലും സജീവ സാന്നിധ്യമായിരുന്നു. എന്നാൽ ധനവകുപ്പ് അവരിൽ നിന്നു കാര്യമായ അകലം പാലിച്ചിരുന്നു.