ടോറസ് ഡൗൺടൗൺ പദ്ധതിക്ക് ഇന്ന് തുടക്കം; ടെക്നോപാർക്കിൽ വരുന്നത് 1500 കോടിയുടെ നിക്ഷേപം

തിരുവനന്തപുരം∙ അഞ്ച് വർഷത്തോളം ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്ന ടെക്നോപാർക് ടോറസ് ഡൗൺടൗൺ പദ്ധതിക്ക് ഒടുവിൽ പുതുജീവൻ. കൊച്ചിയിലെ സ്മാർട് സിറ്റി പദ്ധതിക്കുശേഷം സംസ്ഥാനത്തു വരുന്ന ഏറ്റവും വലിയ ഐടി അടിസ്ഥാനസൗകര്യ വിദേശ നിക്ഷേപമായ പദ്ധതിയുടെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. 1,500 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെത്തുന്നത്. 20 ഏക്കറിലെ പദ്ധതിയിൽ 50 ലക്ഷം ചതുരശ്രയടി ബിൽറ്റപ്പ് ഏരിയയുണ്ടാകും. ഇത് 350 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ടെക്നോപാർക്കിന്റെ 50 ശതമാനത്തോളം വരും. ഐടി സ്പെയ്സ് മാത്രം 12.3 ഏക്കറിലായി 33 ലക്ഷം ചതുരശ്രയടിയാണ്.

2020ൽ പദ്ധതിക്ക് തുടക്കമാകുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും വരുന്ന മാർച്ചിൽ കീസ്റ്റോൺ എന്ന പ്രീഫാബ് താൽക്കാലിക കെട്ടിടത്തിൽ ആദ്യഘട്ടമായി കമ്പനികളെ ഉൾപ്പെടുത്തി പ്രവർത്തനം തുടങ്ങും. മെഴ്സിഡീസ് ബെൻസ്, വെൽസ് ഫാർഗോ, ഫ്ലിപ്കാർട്ട് എന്നിവ ബംഗളൂരുവിൽ ഉപയോഗിച്ചിരുന്ന കീസ്റ്റോൺ എന്ന പ്രീഫാബ് കെട്ടിടമാണ് ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിൽ ഉയരുക. 62,500 ചതുരശ്രയടിയിൽ രണ്ട് നിലയായിട്ടാണ് കീസ്റ്റോൺ സമുച്ചയം.

യുഎസിലെ ബോസ്റ്റൻ ആസ്ഥാനമായ ടോറസ് ഇൻവസ്റ്റ്മെന്റ് ഹോൾഡിങ്സും ഇന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ എംബസി ഗ്രൂപ്പിന്റെ എംബസി പ്രൊപ്പർട്ടി ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നുള്ള ജോയിന്റ് വെഞ്ച്വർ കമ്പനിയാണു പദ്ധതി നടപ്പാക്കുന്നത്. ഐടി സ്പെയ്സിനു പുറമേ റീട്ടെയിൽ വിഭാഗത്തിൽ ടോറസ് സെൻട്രം മാൾ, 175 മുറികളുള്ള ബിസിനസ് ക്ലാസ് ഹോട്ടൽ, സർവീസ്ഡ് അപാർട്ട്മെന്റ്സ് (അസറ്റ് ടോറസ് ഐഡന്റിറ്റി) എന്നിവയുമുണ്ടാകും.

‘ഫുജിറ്റ്സു കേരളത്തിലേക്ക്; പ്രതിനിധികൾ  മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം∙ ജപ്പാനിലെ പ്രമുഖ ഫോർച്യൂൺ 500 ഐടി കമ്പനിയായ ഫുജിറ്റ്സുവിന്റെ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കേരളത്തിലേക്ക് വരാനുള്ള സന്നദ്ധത അറിയിച്ചതായി സൂചന. ചീഫ് സെക്രട്ടറി ടോം ജോസ്, ഐടി സെക്രട്ടറി എം.ശിവശങ്കർ, ടെക്നോപാർക്ക് സിഇഒ ഋഷികേഷ് നായർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. നിസാന്റെ ടെക്നോളജി സപ്ലയർ കമ്പനി കൂടിയായ ഫുജിറ്റ്സു കേരളത്തിൽ സോഫ്റ്റ്‍വെയർ ‍ഡവലപ്മെന്റ് സെന്റർ തുടങ്ങുമെന്നാണ് സൂചന. പ്രാഥമികതല ചർച്ചകൾ കഴിഞ്ഞാൽ നീണ്ട പ്രക്രിയകൾക്കു ശേഷമേ അന്തിമതീരുമാനമുണ്ടാകൂ. ഫുജിറ്റ്സു ഗ്ലോബൽ വൈസ് പ്രസിഡന്റും ഇന്ത്യ മേധാവിയുമായ ശ്രീകാന്ത് വസെ, ഡപ്യൂട്ടി മേധാവി മനോജ് നായർ, നിസാൻ മോട്ടോർ കോർപറേഷൻ സിഐഒ ടോണി തോമസ് എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.