കസ്റ്റംസ് തീരുവ: ക്രൂസ് ടൂറിസത്തിനു തിരിച്ചടി

കൊച്ചി ∙ ഇന്ത്യൻ തുറമുഖങ്ങളിലെത്തുന്ന ആഡംബര വിനോദ യാത്രക്കപ്പലുകൾക്കു (ക്രൂസ് ഷിപ്പുകൾ) മേൽ കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനം രാജ്യത്തെ ക്രൂസ് ടൂറിസത്തിനു വൻ തിരിച്ചടിയാകുമെന്ന് ആശങ്ക. ക്രൂസ് ടൂറിസം വളർച്ച ലക്ഷ്യമിട്ടു ബെർത് ചാർജിൽ 40% വരെ ഇളവു നൽകി ക്രൂസ് ലൈനറുകളെ ആകർഷിക്കാൻ മേജർ തുറമുഖങ്ങൾ കടുത്ത ശ്രമം നടത്തുമ്പോഴാണ് അതിനു തിരിച്ചടിയാകുന്ന നീക്കം. 

‘‘ക്രൂസ് ടൂറിസത്തിൽ ഇന്ത്യയ്ക്കു വളരെ വലിയ സാധ്യതകളാണുള്ളത്. പക്ഷേ, കഴിഞ്ഞ മൂന്നു നാലു വർഷം പ്രതീക്ഷിച്ച വളർച്ചയുണ്ടായിട്ടില്ല. കേന്ദ്ര സർക്കാർ ഈ മേഖലയിൽ കൂടുതൽ നിക്ഷേപിക്കാൻ ഒരുക്കമാണ്’’- ഗ്ലോബൽ ക്രൂസ് കോൺക്ലേവിൽ പങ്കെടുക്കവെ, കഷ്ടിച്ചു മൂന്നാഴ്ച മുൻപാണു കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി ഇങ്ങനെ പറഞ്ഞത്. പക്ഷേ, ഏതാനും ദിവസം കഴിഞ്ഞപ്പോൾ ക്രൂസ് ടൂറിസത്തിനു വൻ തിരിച്ചടിയാകാനിടയുള്ള കസ്റ്റംസ് തീരുവ പ്രഖ്യാപനം വന്നു.

വരുമാനം ശതകോടികൾ

ഓരോ സീസണിലും ക്രൂസ് ഷിപ്പുകളിലെത്തുന്ന അതിസമ്പന്ന വിദേശ സഞ്ചാരികൾ രാജ്യത്തെ ടൂറിസം ഖജനാവിനു സമ്മാനിക്കുന്നതു ശതകോടികളാണ്. 48,000 വിദേശ ക്രൂസ് സഞ്ചാരികളാണു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളം സന്ദർശിച്ചത്. ഓരോ സ‍ഞ്ചാരിയും ഇവിടെ ശരാശരി 400 ഡോളർ ചെലവിടുമെന്ന് ഏകദേശ കണക്കുകൾ. അങ്ങനെയെങ്കിൽ കേരളത്തിന്റെ ടൂറിസം വ്യവസായത്തിനു ലഭിച്ചതു 140 കോടിയോളം രൂപ. ക്രൂസ് ഷിപ് ജീവനക്കാരെ കൂടി ചേർത്താൽ സന്ദർശകരുടെ എണ്ണം 70,000 കവിയും; ചെലവിട്ട തുകയും വർധിക്കും. 

ഇനി, നികുതിക്കാലം

ഇന്ത്യൻ തുറമുഖങ്ങളിൽ ചെലവിടുന്ന വേളയിൽ ക്രൂസ് ഷിപ്പുകളിൽ ഉപയോഗിക്കുന്ന മദ്യം ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്കു കസ്റ്റംസ് തീരുവ ഏർപ്പെടുത്തിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് (സിബിഐസി) സർക്കുലർ പുറപ്പെടുവിച്ചത്.

വിദേശ മദ്യത്തിനു 150 ശതമാനമാണു തീരുവ. സിഗരറ്റ് ഉൾപ്പെടെ മറ്റുൽപന്നങ്ങളും തീരുവയുടെ പരിധിയിൽ വരും. അധികച്ചെലവു വരുന്നത് ഒഴിവാക്കാൻ ക്രൂസ് ഷിപ്പുകൾ ഇന്ത്യൻ തുറമുഖങ്ങൾ ഒഴിവാക്കുമെന്നാണ് ആശങ്ക. എന്നാൽ, മദ്യത്തിനു മാത്രമേ കാര്യമായ തീരുവ ചുമത്തിയിട്ടുള്ളൂവെന്നും ക്രൂസ് ഷിപ്പുകൾക്ക് അതു വലിയ ബാധ്യതയുണ്ടാക്കില്ലെന്നുമാണു കസ്റ്റംസ് അധികൃതരുടെ നിലപാട്. ആശങ്ക കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെങ്കിലും അനുകൂല മറുപടിയുണ്ടായിട്ടില്ലെന്നു തുറമുഖ വൃത്തങ്ങൾ പറയുന്നു.

വൻ തിരിച്ചടി കൊച്ചിക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ ക്രൂസ് ഷിപ്പുകളെത്തുന്ന തുറമുഖം കൊച്ചിയാണ്. മുംബൈ, ഗോവ തുടങ്ങിയ തുറമുഖങ്ങളാണു കൊച്ചിക്കു പിന്നിൽ. സ്വാഭാവികമായും കസ്റ്റംസ് തീരുവ ചുമത്താനുള്ള നീക്കം തിരിച്ചടിയാകുന്നതു കൊച്ചിക്കു തന്നെ. കഴിഞ്ഞ വർഷം 42 ക്രൂസ് കപ്പലുകളാണു കൊച്ചിയിലെത്തിയത്. നടപ്പു സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 50 കപ്പലുകളും 80,000 സഞ്ചാരികളും. തുറമുഖത്താകട്ടെ, 23.22 കോടി രൂപ ചെലവിട്ടു പുതിയ ക്രൂസ് ടെർമിനൽ നിർമാണവും ആരംഭിച്ചു കഴിഞ്ഞു.

അടുത്ത വർഷം ഡിസംബറിൽ നിർമാണം പൂർത്തിയാകുമെന്നാണു പ്രതീക്ഷ. ക്രൂസ് ഷിപ്പുകൾ ഏതൊക്കെ തുറമുഖങ്ങൾ സന്ദർശിക്കണമെന്നത് ഉൾപ്പെടെയുള്ള യാത്രാ പരിപാടികൾ രണ്ടു വർഷം മുൻപേ നിശ്ചയിക്കുന്നതാണ്. അതുകൊണ്ടു തന്നെ കസ്റ്റംസ് തീരുവയുടെ പേരിൽ ഉടൻ പിൻമാറ്റത്തിനു സാധ്യതയില്ല. എന്നാൽ, പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ഭാവിയിൽ ഇന്ത്യൻ തുറമുഖങ്ങൾ വിദേശ ക്രൂസ് ഷിപ്പുകൾക്ക് അനാകർഷകമാകുമെന്നാണ് ആശങ്ക.