വളർച്ചയിൽ കൊച്ചി തുറമുഖം രണ്ടാമത്

കൊച്ചി ∙ ചരക്കുഗതാഗത വളർച്ചനിരക്കിൽ രാജ്യത്തെ 13 മേജർ തുറമുഖങ്ങളിൽ കൊച്ചി രണ്ടാമത്. ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ കൊച്ചി തുറമുഖം നേടിയതു 11.51% വളർച്ച. 19.66% വളർച്ച നേടിയ തൂത്തുക്കുടി കാമരാജർ തുറമുഖമാണ് ആദ്യ സ്ഥാനത്ത്. അതേസമയം, മേജർ തുറമുഖങ്ങളുടെ മൊത്തം വളർച്ചനിരക്ക് 5.12 % മാത്രം. മൊത്തം കൈകാര്യം ചെയ്തതു 343.26 മില്യൺ ടൺ ചരക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൈകാര്യം ചെയ്തത് 326.54 മില്യൺ ടൺ. 

വളർച്ച 9 തുറമുഖങ്ങൾക്ക്

തൂത്തുക്കുടി കാമരാജർക്കും കൊച്ചിക്കും പുറമേ, പാരദീപ് (11.12 %), ഹാൽദിയ (10.07 %), കണ്ട്‌ല ദീൻദയാൽ (10.03) വിശാഖപട്ടണം എന്നിവ ഉൾപ്പെടെ 9 തുറമുഖങ്ങളാണു വളർച്ച നേടിയത്. ഏറ്റവും കൂടുതൽ ചരക്കു കൈകാര്യം ചെയ്തതു ദീൻദയാൽ തുറമുഖമാണ്; 58.63 മില്യൺ ടൺ. പാരദീപ് 52.90 മില്യണും ടണ്ണും മുംബൈ െജഎൻപിടി 34.81 മില്യൺ ടണ്ണും കൈകാര്യം ചെയ്തു തൊട്ടു പിന്നിലെത്തി. കൊച്ചി കൈകാര്യം ചെയ്തത് 15.91 മില്യൺ ടൺ. സെപ്റ്റംബറിൽ മാത്രം കൊച്ചിയിലൂടെ കടന്നതു 27.65 ലക്ഷം ടൺ ചരക്ക്. വളർച്ച മുൻവർഷത്തേക്കാൾ 18.55 %.

ലക്ഷ്യം 68.53 കോടി രൂപ

നടപ്പു സാമ്പത്തിക വർഷം 68.53 കോടി രൂപയുടെ പ്രവർത്തനലാഭം ലക്ഷ്യമിട്ടാണു കൊച്ചി തുറമുഖം മുന്നോട്ടു തുഴയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 13.55 കോടി രൂപയുടെ അറ്റാദായം നേടാൻ തുറമുഖത്തിനു കഴിഞ്ഞിരുന്നു. കണ്ടെയ്നർ കൈകാര്യത്തിലും പ്രകടമായ വർധന ലക്ഷ്യമിടുന്നു; 6.22 ലക്ഷം ടിഇയു. കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് 5.56 ലക്ഷം ടിഇയു.