എച്ച് 1 ബി വീസ ലഭിക്കാൻ തടസ്സമില്ല

കൊച്ചി∙ യുഎസ് എച്ച്1ബി വീസ നേടിയ കമ്പനികളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യയിൽനിന്നു ടിസിഎസ് മാത്രമേയുള്ളൂ എന്നത് കേരളത്തിലേതുൾപ്പടെ ഇന്ത്യൻ ഐടി കമ്പനികളെ ബാധിക്കില്ല. വീസയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണു പട്ടിക. ലഭിക്കാനുള്ള അർഹതയുടെ അടിസ്ഥാനത്തിലല്ല.

സോഫ്റ്റ്‌വെയർ സേവനക്കമ്പനികൾക്ക് ഓൺസൈറ്റ് പ്രവർത്തനം നടത്താൻ അനേകം പ്രഫഷനലുകളെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കേണ്ടതുണ്ട്. കേരളത്തിൽനിന്നു വിവിധ കമ്പനികളിൽ പ്രവർത്തിക്കുന്ന നൂറു കണക്കിനു യുവാക്കൾ എച്1ബി വീസ നേടി അമേരിക്കയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ചെറുതും വലുതുമായ ഇത്തരം കമ്പനികൾക്ക് വീസ തുടർന്നും ലഭിക്കുന്നതിനു തടസമില്ല.

സേവനക്കമ്പനികൾക്കാണ് ഓൺസൈറ്റിൽ നൂറുകണക്കിനു വിദഗ്ധരെ നിർത്തേണ്ട ആവശ്യമുള്ളത്. സോഫ്റ്റ്‌വെയർ ഉത്പന്നങ്ങൾ സ്വന്തമായി രൂപകൽപ്പന ചെയ്തു വിൽക്കുന്ന കമ്പനികൾക്ക് അത്രയേറെപ്പേരെ വിദേശത്തു നിർത്തേണ്ട ആവശ്യമില്ല.