20 ദിവസം; പെട്രോളിന് കുറഞ്ഞത് 5 രൂപ

കൊച്ചി ∙ തുടർച്ചയായി 20 ദിവസം വില കുറഞ്ഞതോടെ പെട്രോൾ വിലയിൽ 5 രൂപയോളം ആശ്വാസം. കൊച്ചി നഗരത്തിൽ ഇന്നു വില ലീറ്ററിന് 80 രൂപയ്ക്കടുത്തെത്തി. വില മുൻപ് 86 കടന്നിരുന്നു. ഡീസൽ വിലയിൽ 2.54 രൂപയാണു കുറഞ്ഞത്. 77 രൂപയാണു നഗരത്തിലെ ഇന്നത്തെ വില. ഇതോടെ പെട്രോൾ, ഡീസൽ വിലകൾ തമ്മിലുള്ള വ്യത്യാസം സംസ്ഥാനത്ത് 3.37 രൂപയായി കുറഞ്ഞു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില താഴുന്നതാണ് ഇന്ധനവില കുറയാൻ കാരണം.

അതേസമയം അസംസ്കൃത എണ്ണവില 6 മാസത്തെ താഴ്ചയിലെത്തിയിട്ടും ആനുപാതിക ഇളവ് ഉപയോക്താക്കൾക്കു ലഭിക്കുന്നില്ല. ഡൽഹിയിൽ പെട്രോൾ വില 78.50 രൂപയിലേക്കും ഡീസൽവില 73.10 രൂപയിലേക്കും താഴ്ന്നിട്ടുണ്ട്. രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ള നഗരമായ മുംബൈയിൽ വില 84 രൂപയിലെത്തി. മുംബൈയിൽ വില 91 രൂപ കടന്നിരുന്നു.