Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില, വോട്ടിന് ഇന്ധനം; സംസ്ഥാന തിരഞ്ഞെടുപ്പിൽ ജനരോഷം ഭയന്ന് തീരുമാനം

Petrol Diesel Pump

ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, കേന്ദ്ര സർക്കാർ ഇന്ധന വിലയിൽ വിലക്കുറവു നടപ്പാക്കിയതിന്റെ ലക്ഷ്യം വ്യക്തം. കർണാടക തിരഞ്ഞെടുപ്പു കാലത്തു വോട്ടെടുപ്പ് തീരുംവരെ ഇന്ധനവില കൂടാതെ പിടിച്ചു നിർത്തിയതിനു സമാനമായ നീക്കമാണതെന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. കേന്ദ്രം ഇളവു അറിയിച്ചതിനു തൊട്ടുപിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സമാന ഇളവ് പ്രഖ്യാപിച്ചത് ആസൂത്രിതമായി നടപ്പാക്കിയ രാഷ്ട്രീയ നീക്കമാണ്.

എണ്ണക്കമ്പനികളുമായുള്ള ധാരണയായിരുന്നു കർണാടക തിരഞ്ഞെടുപ്പു സമയത്തു വില പിടിച്ചു നിർത്തിയതെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു ശേഷം കുതിച്ചുയർന്ന ഇന്ധനവില സർക്കാരിനും ബിജെപിക്കും തലേവദനയും ചീത്തപ്പേരുമായി. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും പിന്നാലെ പൊതു തിരഞ്ഞെടുപ്പും വരാനിരിക്കെ, ജനരോഷസാധ്യത തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ നീക്കം. തിരഞ്ഞെടുപ്പിനു മുൻപ് ഇന്ധനവിലയിൽ കുറവുണ്ടാകുമെന്നു ബിജെപിയിലെ ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രധാനവരുമാന മാർഗമാണ് ഇന്ധന നികുതികൾ. കഴിഞ്ഞ വർഷം 1.84 ലക്ഷം കോടിയാണു നികുതിയായി ലഭിച്ചത്. നടപ്പുവർഷം 2 ലക്ഷം കോടി കടക്കുമെന്നാണു കണക്കുകൂട്ടൽ.

2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ, പെട്രോൾ ലീറ്ററിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ വർധന വരുത്തിയത്. ഈ കാലയളവിൽ കുറവു വരുത്തിയത് കഴിഞ്ഞ ഒക്ടോബറിൽ മാത്രമായിരുന്നു –രണ്ടു രൂപ. 2014 ൽ മോദി സർക്കാർ അധികാരമേൽക്കുമ്പോൾ പെട്രോളിനു 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി.

തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കബളിപ്പിക്കൽ

ന്യൂഡൽഹി∙ ‘ആയിരം മുറിവിന് അര ബാൻഡ് എയ്ഡ്’ നൽകുന്നതിനു തുല്യമാണ് ഇന്ധനവിലയിൽ സർക്കാർ പ്രഖ്യാപിച്ച നേരിയ ഇളവെന്നു കോൺഗ്രസ്. അ‍ഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണു ധൃതിപിടിച്ചുള്ള വില കുറയ്ക്കൽ. ആളുകളെ ഇനിയും കബളിപ്പിക്കാൻ കഴിയില്ലെന്നും ഇന്ധന നികുതിയുടെ പേരിൽ 13 ലക്ഷം കോടി രൂപയുടെ കൊള്ളയടിയാണു മോദിയും ജയ്റ്റിലിയും കൂടി നടത്തിയതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

ജനക്ഷേമ നടപടി: അമിത് ഷാ

ന്യൂഡൽഹി∙ ഇന്ധനവിലക്കുറവ് ജനക്ഷേമ സർക്കാരിന്റെ നടപടിയെന്നാണു ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചത്. യുപിഎ സർക്കാർ രാജ്യത്തിന്റെ വിഭവങ്ങളെ പണയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബിജെപി കുറ്റപ്പെടുത്തി.