ഭൂമി വിറ്റ് വീടു വാങ്ങിയാൽ

ചോദ്യം:

2014 മേയിൽ 50 ലക്ഷം രൂപയ്ക്കു വാങ്ങിയ ഭൂമി 2018 ഓഗസ്റ്റിൽ 65 ലക്ഷം രൂപയ്ക്കു വിറ്റു. ഇതിൽനിന്ന് 50 ലക്ഷം രൂപ മകളുടെ വിവാഹത്തിനായി ചെലവഴിച്ചു. 2018 ഡിസംബറോടുകൂടി പുതിയ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നു. വില ഏകദേശം 70 ലക്ഷം രൂപ വരും. ഇതിനായി ബാങ്കിൽനിന്ന് 55 ലക്ഷം രൂപയുടെ ഭവന വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നു. പുതിയ വീട് വാങ്ങിയാൽ ആദായ നികുതി ഒഴിവുണ്ടെന്നറിയുന്നു. വായ്പാപണം ഉപയോഗിച്ചാണ് പുതിയ വീട് വാങ്ങുന്നത് എന്നതുകൊണ്ട് നികുതി ഒഴിവിന് അർഹതയില്ലാതാകുമോ? എന്റെ പേരിൽ നിലവിൽ ഒരു വീട് ഉണ്ട്. പുതിയ വീട് മകൾക്ക് ഇഷ്ടദാനം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.

ഉത്തരം:

2 വർഷത്തിലധികം കൈവശംവച്ച ശേഷമാണ് ഭൂമി വിൽക്കുന്നത് എന്നതിനാൽ ലാഭം ദീർഘകാല ലാഭമാണ്. (ലോങ് ടേം ക്യാപിറ്റൽ ഗെയിൻ). ലോങ് ടേം ക്യാപിറ്റൽ ഗെയിനാണെങ്കിൽ മാത്രമേ 3 വർഷത്തിനകം പുതിയ വീടു വച്ചാൽ / രണ്ടു വർഷത്തിനകം വീട് വാങ്ങിയാൽ 54 എഫ് വകുപ്പ് പ്രകാരം ആദായ നികുതി ഒഴിവിന് അർഹതയുള്ളു. (വിറ്റത് വീടായിരുന്നെങ്കിൽ 54 വകുപ്പ് പ്രകാരമാകുമായിരുന്നു കിഴിവ്). ഭൂമി വിൽക്കുന്ന ദിവസം ഒന്നിലധികം വീട് ഉണ്ടാകാൻ പാടില്ല എന്ന നിബന്ധനയും താങ്കളുടെ കാര്യത്തിൽ പാലിച്ചിട്ടുണ്ട്.

വീട് വിറ്റുലഭിച്ച അതേ പ്രതിഫലത്തുകതന്നെ പുതിയ വീടിൽ നിക്ഷേപിക്കണമെന്നു നിർബന്ധമില്ല, വായ്പയെടുത്ത് പുതിയ വീട് വാങ്ങിയാലും നികുതി ഒഴിവിന് അർഹതയുണ്ട് എന്ന് അമിത് പാരേഖിന്റെ കേസിൽ കൊൽക്കത്ത ട്രൈബ്യൂണൽ സ്ഥിരീകരിച്ചിട്ടുണ്ട്. (2018) 4 ടിഎംഐ 325, പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ കപിൽകുമാർ അഗർവാളിന്റെ കേസിലെയും, ഗുവാഹത്തി ഹൈക്കോടതിയുടെ രാജേഷ്കുമാർ ജലന്റെ കേസിലെ വിധിയും കേരള ഹൈക്കോടതിയുടെ കെ.സി. ഗോപാലൻ കേസിലെ വിധികളും പരിഗണിച്ച ശേഷമാണ് ട്രൈബ്യൂണൽ ഈ നിഗമനത്തിലെത്തിയത്. അതായത് വായ്പ എടുത്താണ് പുതിയ വീട് വാങ്ങുന്നതെങ്കിലും താങ്കൾ 54 എഫ് വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹനാണ്. 54 എഫ് പ്രകാരം വിൽപനത്തുക നിക്ഷേപിക്കണം എന്ന നിബന്ധനയും പാലിക്കുന്നുണ്ട്.

വീട് വാങ്ങാൻ 2 വർഷ സമയമുണ്ട്. എങ്കിലും അടുത്ത വർഷം റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതിക്കകം അതായത് 2019 ജൂലൈ 31 നകം (താങ്കൾക്ക് ഓഡിറ്റ് ബാധകമെങ്കിൽ സെപ്റ്റംബർ 30 നകം) പുതിയ വീട് വാങ്ങൽ പൂർത്തിയാക്കാൻ‌ സാധിച്ചില്ല എങ്കിൽ തുക ബാങ്കിലെ ക്യാപിറ്റൽ ഗെയിൻ അക്കൗണ്ട് സ്കീമിൽ നിക്ഷേപിക്കാൻ മറക്കരുത്. പ്രസ്തുത അക്കൗണ്ടിൽനിന്നു വേണം പിന്നീട് തുക ചെലവഴിക്കാൻ.

പുതിയതായി വാങ്ങുന്ന വീട് താങ്കളുടെ പേരിൽത്തന്നെ വാങ്ങണം. എന്നാൽ മാത്രമേ നികുതി ഒഴിവിന് അർഹമാകുകയുള്ളു. പുതിയ വീട് മൂന്നു വർഷത്തിനുള്ളിൽ വിൽക്കാൻ / ട്രാൻസ്ഫർ ചെയ്യാൻ പാടില്ല എന്നു നിബന്ധനയുണ്ടെങ്കിലും മകൾക്ക് ഇഷ്ടദാനം നൽകുന്നത് 42–ാം വകുപ്പ് പ്രകാരം ട്രാൻസ്ഫർ അഥവാ കൈമാറ്റം ആയി പരിഗണിക്കില്ല. അതിനാൽ പുതിയ വീട് മകൾക്ക് ഇഷ്ടദാനം നൽകുന്നതിനും തടസ്സമില്ല.