ജാമ്യമില്ലാതെ വായ്പ കിട്ടുമ്പോൾ

പ്രളയം വന്നു മൂടിയ പല വീടുകളും പിന്നീടു നിത്യജീവിതത്തിലേക്കു തിരിച്ചുവന്നതു വ്യക്തിഗത വായ്പകളുടെ ബലത്തിലാണ്. ഈടുവയ്ക്കാൻ കയ്യിൽ സ്വർണമോ മറ്റു സ്വത്തുക്കളോ ഇല്ല. വസ്തുക്കൾ ഉണ്ടെങ്കിൽ തന്നെ അതു ബാങ്കിൽ വയ്ക്കാൻ ചെല്ലുമ്പോഴുള്ള കടലാസു ജോലികൾക്കു സമയമില്ല. ഇത്തരം അവസരങ്ങളിലാണു ശമ്പളക്കാർക്കും സ്ഥിര വരുമാനക്കാർക്കും അടിയന്തര വായ്പ ആവശ്യമായി വരുന്നത്. മറ്റ് വായ്പകളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കാണെങ്കിലും ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ചില തിരിച്ചടികളിൽ വ്യക്തിഗത വായ്പകളെ ആശ്രയിച്ചേ മതിയാകൂ. എന്നാൽ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാനും വായ്പകൾക്കു കഴിയും.

വ്യക്തിഗത വായ്പ (പഴ്സനൽ ലോൺ) മാത്രമല്ല ഓൺലൈനിലെ, പി2പി എന്നറിയപ്പെടുന്ന പിയർ ടു പിയർ (വ്യക്തികൾ തമ്മിലുള്ള പണം കൊടുക്കൽ–വാങ്ങൽ) വായ്പയും ഈടില്ലാതെ എളുപ്പത്തിൽ ലഭിക്കുന്ന വായ്പ എന്ന നിലയിൽ സമീപിക്കാവുന്നതാണ്. ഇവ തമ്മിൽ താരതമ്യപ്പെടുത്തി നോക്കാം.

ബാങ്കുകളിലെ  വ്യക്തിഗത വായ്പകൾ

∙ തിരിച്ചടവു ശേഷി കണക്കാക്കി 30,000 രൂപ മുതൽ വ്യക്തിഗത വായ്പയായി ബാങ്കുകൾ നൽകാറുണ്ട്.

∙ ശമ്പള അക്കൗണ്ടുള്ള ബാങ്കിൽനിന്നു വായ്പയെടുക്കുന്നതാണു മിക്കവാറും പേർ തുടരുന്ന രീതി. അതിനെക്കാൾ കുറഞ്ഞ നിരക്കിൽ പലിശനിരക്കു മറ്റാരെങ്കിലും തരുന്നുണ്ടോ എന്നു
നോക്കിയതിനു ശേഷമേ ആ ഓപ്ഷൻ സ്വീകരിക്കേണ്ടതുള്ളൂ.

∙ 1000 രൂപയോ വായ്പയുടെ 2% വരെയുള്ള തുകയോ ബാങ്കുകൾ പ്രോസസിങ് ഫീസായി ഈടാക്കും.

∙ സുരക്ഷയില്ലാത്ത വായ്പയായതിനാൽ മിക്ക ബാങ്കുകളും വായ്പക്കാരനോടു ഇൻഷുറൻസ് പോളിസി എടുക്കാനും ആവശ്യപ്പെടാറുണ്ട്.

∙ ചുരുക്കത്തിൽ പ്രോസസിങ് ഫീസ്, ഇൻഷുറൻസ് പോളിസി നിരക്ക്, കാലാവധിക്കു മുൻപ് അടച്ചുതീർക്കുന്നതിനുള്ള പിഴ എന്നിവയെല്ലാം  കൂട്ടിയ ശേഷമാണ് ആകെ വായ്പച്ചെലവു കണക്കാക്കേണ്ടത്.

∙ പഴയതു പോലെ പേനയും പേപ്പറുമുപയോഗിച്ചു കൂട്ടിനോക്കണമെന്നില്ല. ഇഎംഐ കാൽക്കുലേറ്ററുള്ളതും വായ്പകൾ താരതമ്യപ്പെടുത്താൻ സഹായിക്കുന്നതുമൊക്കെയായി വെബ്സൈറ്റുകൾ നിലവിലുണ്ട്.  അവയുടെ സേവനം ഉപയോഗിക്കാം.

∙ നിശ്ചിത സമയത്തിനകം വായ്പ അവസാനിപ്പിക്കാൻ ചില ബാങ്കുകൾ അനുവദിക്കാറില്ല. കാലാവധിക്കു മുൻപു തുക തിരിച്ചടയ്ക്കുന്നവരിൽ നിന്നു പിഴ ഈടാക്കുന്ന ബാങ്കുകളുമുണ്ട്.

∙ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ വരുമാനം തെളിയിക്കുന്ന രേഖകൾ, ആറുമാസത്തെ സാലറി സ്ലിപ്പ്, പാൻകാർഡ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, ആദായ നികുതി വിവരങ്ങൾ സമർപ്പിച്ച ഫോം 16 എന്നിവ നൽകണം.

∙ സിബിൽ സ്കോർ 750ൽ താഴെയുള്ളവർക്കു ഭൂരിഭാഗം ബാങ്കുകളും വായ്പ നിഷേധിക്കും. നിശ്ചിത സമയത്തിനുള്ളിൽ സ്കോർ മെച്ചപ്പെടുത്തുകയേ രക്ഷയുള്ളൂ.

∙ 10.75% മുതൽ 17% വരെയാണു ബാങ്കുകളിൽ നിലവിലെ വ്യക്തിഗത വായ്പാ പലിശ നിരക്ക്

കൊടുക്കാനും വാങ്ങാനും പി2പി

∙ ഈടില്ലാത്ത വായ്പ പെട്ടെന്നു ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കു മുൻപിൽ പി2പി വലിയ സാധ്യതയാണു തുറന്നിടുന്നത്.

∙ പണം കടംകൊടുക്കാൻ തയാറായവരിൽനിന്ന് ഓൺലൈൻ മുഖേന വായ്പക്കാർക്കു നേരിട്ടു തുക വാങ്ങാൻ സൗകര്യമൊരുക്കുന്ന ഇടപാടാണ് പി2പി. ഈ രംഗത്തു പല ഓൺലൈൻ കമ്പനികൾ
പ്രവർത്തിക്കുന്നുണ്ട്.

∙ സ്വകാര്യ ആവശ്യത്തിനു 30,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയും ബിസിനസ് ആവശ്യത്തിനു 10 ലക്ഷം രൂപ വരെയും വായ്പയെടുക്കാം

∙ കൊടുക്കുന്നവനും വാങ്ങുന്നവനുമിടയിൽ റിസർവ് ബാങ്ക് ചട്ടങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം കമ്പനികളുണ്ട്.  നിക്ഷേപകനും വായ്പ വാങ്ങുന്നവനും ആദ്യം ഈ കമ്പനിയിൽ  റജിസ്റ്റർ ചെയ്യണം. 100 രൂപ മുതലാണ് റജിസ്റ്റർ ചെയ്യാനുള്ള ചെലവ്.

∙ വായ്പ ആവശ്യമുള്ളയാളിന്റെ വരുമാനം, തിരിച്ചടവുശേഷി, മുൻകാല ചരിത്രം എന്നിവ പരിശോധിച്ച് ഓൺലൈൻ പ്ലാറ്റ്ഫോം കമ്പനി നൽകുന്ന റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണു വായ്പ ലഭിക്കുന്നത്.

∙ വായ്പ ലഭിച്ചാൽ വായ്പയുടെ നിശ്ചിത ശതമാനം ഫീസായി നൽകണം. മിക്ക കമ്പനികളും 2% മുതൽ മുകളിലേക്ക് ഈടാക്കുന്നു. വായ്പക്കാരന്റെ റേറ്റിങ്ങിനനുസരിച്ച് ഇതും വ്യത്യാസപ്പെടും.

∙ ഉയർന്ന റേറ്റിങ് ഉള്ളയാൾക്കു കുറഞ്ഞ പലിശ നിരക്കിൽ പണം ലഭിക്കും. 12% മുതൽ 36% വരെയാണു പലിശ നിരക്ക്.

∙ ബാങ്കുകളിലേതു പോലെ എല്ലാവർക്കും ഒരേ നിരക്കല്ല, പണം കടം തരാൻ തയ്യാറായവരിൽ നിന്നു വിലപേശി ഏറ്റവും കുറഞ്ഞ നിരക്കിൽ വാങ്ങാം. കാലാവധിയും തീരുമാനിക്കാം. ഇവിടെയും നിർണായകമാകുന്നത് വായ്പ തേടുന്നവന്റെ വിശ്വാസ്യതയാണ്.

∙ സിബിൽ സ്കോർ 750ൽ താഴെയാണെങ്കിലും വായ്പ ലഭിക്കും. പക്ഷേ ഉയർന്ന പലിശ നൽകണമെന്നു മാത്രം.

∙ പാൻകാർഡ്, വിലാസം തെളിയിക്കുന്ന രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, വരുമാനം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ പകർപ്പുകൾ പ്ലാറ്റ്ഫോം കമ്പനിയുമായി പങ്കുവയ്ക്കണം

∙ പ്രത്യേക വിഭാഗം തൊഴിലാളികൾക്കോ ഇടപാടുകാർക്കോ വായ്പ നൽകില്ലെന്നു ബാങ്കുകൾ പറയുമ്പോൾ ഓരോ ഇടപാടുകാരനെയും വ്യത്യസ്തമായാണു പി2പിയിൽ പരിഗണിക്കുന്നത്.
സ്മാർട്ഫോൺ ഉപയോഗിച്ചു വീട്ടിലിരുന്നു തന്നെ വായ്പയ്ക്ക് അപേക്ഷിക്കാം.

∙ നല്ല സ്കോറുള്ള ഇടപാടുകാരനു ബാങ്ക് പലിശ നിരക്കിനെക്കാൾ കുറഞ്ഞ നിരക്കിൽ (10 ശതമാനത്തിൽ താഴെ) വായ്പ ലഭ്യമാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം കമ്പനികളുണ്ട്.

രണ്ടു രീതിയിലും ഏറ്റവും കുറഞ്ഞ നിരക്കിൽ വായ്പ ലഭിച്ച ഒരാൾക്കു വരുന്ന ഏകദേശ ബാധ്യത എങ്ങനെയെന്നു നോക്കാം.

 വ്യക്തിഗത വായ്പകൾ

ഏറ്റവും കുറഞ്ഞ നിരക്കായ 10.75% പലിശ നിരക്കിൽ ഒരു ലക്ഷം രൂപ 60 മാസത്തേക്കു വായ്പയെടുത്തെന്നിരിക്കട്ടെ. 2162 രൂപ ഇഎംഐ നിരക്കിൽ കാലാവധി കഴിയുമ്പോൾ നിങ്ങൾ 1,29,720 രൂപ അടയ്ക്കണം. ഇതിനൊപ്പം പ്രോസസിങ് ഫീസായ 1000 രൂപയും കൂടി ചേർത്താൽ ആകെ അടയ്ക്കേണ്ടി വരുന്നത് 1,30,720 രൂപ.

 പി2പി

ഏറ്റവും കുറഞ്ഞ നിരക്കായ 12% നിരക്കിൽ ഒരു ലക്ഷം രൂപ 60 മാസത്തേക്ക് വായ്പയെടുത്തെന്നിരിക്കട്ടെ. 2224 രൂപ ഇഎംഐ നിരക്കിൽ കാലാവധി കഴിയുമ്പോൾ നിങ്ങൾ 1,33,440 രൂപ അടയ്ക്കണം. ഇതിനൊപ്പം പ്രോസസിങ് ഫീസ് 1000 രൂപ കൂടി ചേർത്താൽ ആകെ അടയ്ക്കേണ്ടി വരുന്നത് 1,34,440 രൂപ. നിങ്ങൾക്കു വായ്പ തരാമെന്നേറ്റ ബാങ്ക് 12 ശതമാനത്തിനു മുകളിലാണു പലിശ ഈടാക്കുന്നതെങ്കിൽ പി2പി നിങ്ങൾക്ക് ലാഭകരമായ ഇടപാടായി മാറും. അപ്പോഴും നിങ്ങളുടെ വിശ്വാസ്യതയും സാമ്പത്തിക അച്ചടക്കവും ഇടപാടിൽ നിർണായകമായി മാറും.