ടെക്നോളജി മേഖലാ പദ്ധതികൾ

മനുഷ്യ ജീവിതത്തിനു കൂടുതൽ സമയവും സൗകര്യവും വേഗവും പ്രദാനം ചെയ്യുന്ന ടെക്നോളജി മേഖലയുടെ ജീവനാഡികളായ കമ്പനികളിലെ ഓഹരികളിലും കടപ്പത്രങ്ങളിലും പണം മുടക്കുന്ന പോർട്ഫോളിയോ ഉള്ള മ്യൂച്വൽ ഫണ്ട് പദ്ധതികളാണ് ടെക്നോളജി മേഖലാ പദ്ധതികൾ. പ്രാരംഭകാലത്തു സോഫ്റ്റ്‌വെയർ കമ്പനികളെ ചുറ്റിപ്പറ്റിയായിരുന്നെങ്കിലും, പിന്നീട് കംപ്യൂട്ടർ ഹാർഡ്‌വെയറുകളും ഇതര ടെക്നോളജി കമ്പനികളും ഇടം നേടിയെടുത്തു.

മൊത്തം 5 ഫണ്ടുകളാണ് ടെക്നോളജി മേഖലയിൽ ഇന്നുള്ളത്. ആസ്തി വലുപ്പത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഐസിഐസിഐ പ്രുഡൻഷ്യൽ ടെക്നോളജി ഫണ്ട് 476 കോടി രൂപ ആസ്തിയുള്ളതാണ്. 2000 മാർച്ചിൽ വന്ന പദ്ധതിയാണിത്. ചെലവുനിരക്ക് 2.50% വരുന്ന പദ്ധതി പോയ വർഷം നൽകിയത് 32.24% ആദായനിരക്കാണ്. കഴിഞ്ഞ 2,3,5 വർഷം യഥാക്രമം 23.4%, 10.70%, 15.10%, എന്നാണ് ഈ പദ്ധതി ആദായനിരക്കു നേടിയതത്രെ.

ആസ്തി വലുപ്പത്തിൽ രണ്ടാമനാണ്‌ 2000 ജനുവരിയിൽ വന്ന പദ്ധതി ആദിത്യ ബിർല സൺ ലൈഫ് ഡിജിറ്റൽ ഇന്ത്യ ഫണ്ട്. ആകെ 464 കോടി രൂപ ആസ്തിയുള്ള ഈ പദ്ധതിക്കു ചെലവുനിരക്ക് 2.89%. പോയവർഷം ആദായം 26.09%. കഴിഞ്ഞ 2,3,5 വർഷങ്ങളിൽ ആദായം യഥാക്രമം 22.90%, 11.90%, 14.80%. ആസ്തിവലുപ്പത്തിൽ തൊട്ടുപിന്നാലെ നിൽക്കുന്ന ഫ്രാങ്ക്‌ളിൻ ഇന്ത്യ ടെക്നോളജി ഫണ്ട് 236 കോടി രൂപ ആസ്തിയുള്ളതാണ്. ചെലവുനിരക്ക് 2.92. കഴിഞ്ഞ വർഷം നേടിയത് 20.75 % ആദായനിരക്ക്. കഴിഞ്ഞ 2,3,5 വർഷങ്ങളിൽ ആദായം യഥാക്രമം 18.90%, 9.30%,11.50%. ടാറ്റ ഡിജിറ്റൽ ഇന്ത്യ ഫണ്ട് 370 കോടി രൂപ ആസ്തിയുള്ളതിന്റെ ചെലവുനിരക്ക് 2.66 ഉള്ള ഈ പദ്ധതി പോയ വർഷം നേടിയത് 34.54 % ആദായനിരക്കാണ്.

എസ്ബിഐ ടെക്നോളജി ഓപ്പർച്യൂണിറ്റീസ് ഫണ്ട് 137 കോടി രൂപ ആസ്തിയുള്ളതാണ്. ചെലവുനിരക്ക് 3.12 ഉള്ള ഈ പദ്ധതി പോയ വർഷം നേടിയത് 26.20% ആദായനിരക്കാണ്. കഴിഞ്ഞ 2,3,5 വർഷങ്ങളിൽ യഥാക്രമം 18.40%, 9.40%, 14.00% എന്നാണ് ഈ പദ്ധതി ആദായനിരക്കു നേടിയത്.  പോയ 1,2,3,5 വർഷങ്ങളിൽ യഥാക്രമം 5.7%, 13.6%, 10.4%, 11.40% ആദായനിരക്കാണ് ബിഎസ്‌ഇ സെൻസെക്സ് നൽകിയത്. വലിയ കുതിച്ചുചാട്ടം സാങ്കേതിക രംഗത്തുണ്ടാകുമെന്നു വിപണി വിദഗ്ധർ കരുതുന്നു. ഇപ്പോൾ വിപണി വീഴ്ചയുടെ നാൾവഴികളിലൂടെ പോകുമ്പോഴും തല ഉയർത്തി നിൽക്കുന്ന മേഖലയാണിത്. മുന്തിയ റിസ്കുള്ള ഇത്തരം പദ്ധതികൾ സമ്പൂർണ റിസ്ക് വൈവിധ്യവത്കരണം ആവശ്യമുള്ളവരും വിപണിസ്വഭാവത്തിനനസരിച്ചു സ്വന്തം പോർട്ഫോളിയോ ക്രമീകരിക്കാനാകുന്നവരും ഉപയോഗിക്കട്ടെ . സാധാരണ നിക്ഷേപകർ എസ്ഐപി മുഖാന്തിരം ഇടത്തരം പദ്ധതികളിൽ ചേരുന്നതിൽ തെറ്റില്ല.