മൊത്തവില സൂചിക 5.28% ഉയർന്നു

ന്യൂഡൽഹി ∙ ഉൽപന്നങ്ങളുടെ മൊത്തവിലയിൽ വൻ വർധന. കഴിഞ്ഞ വർഷം ഒക്ടോബറിലേക്കാൾ 5.28% കയറ്റമാണ് കഴിഞ്ഞ മാസം മൊത്ത വില സൂചികയിൽ. ഇന്ധന വിലക്കയറ്റമാണ് മുഖ്യ കാരണം. കഴിഞ്ഞ നാലു മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഭക്ഷ്യോൽപന്നങ്ങളുടെ വില 1.49% കുറയുകയാണുണ്ടായത്. പച്ചക്കറി വില 18.65% ഇടിഞ്ഞു. എന്നാൽ ഇന്ധനം–വൈദ്യുതി വിഭാഗത്തിൽ 18.44% വർധനയുണ്ട്. ഇതിൽ പെട്രോൾ 19.85%, ഡീസൽ 23.9%, പാചക വാതകം 31.39% എന്നിങ്ങനെയാണ് വർധന. ചില്ലറ വിലകൾ ആധാരമാക്കിയുള്ള വിലക്കയറ്റത്തോത് ഒക്ടോബറിൽ 3.31% മാത്രമായിരുന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.  ഭക്ഷ്യ വിലകൾക്ക് ചില്ലറ വിൽപന വില ആധാരമാക്കിയുള്ള ഉപഭോക്തൃ വില സൂചികയിലുള്ള പ്രാധാന്യം മൊത്തവില സൂചികയിൽ ഇല്ലാത്തതാണ് രണ്ടും തമ്മിൽ വലിയ അന്തരമുണ്ടാകാൻ കാരണമെന്നു വിദഗ്ധർ പറയുന്നു.

റിസർവ് ബാങ്ക് കണക്കിലെടുക്കുന്നത് ചില്ലറ വിലകളായതിനാൽ, അടുത്ത ധന നയ അവലോകനത്തിൽ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ ഇടയില്ല. എണ്ണ വില കുറയുന്നതിനാൽ വിലക്കയറ്റത്തോത് താഴാൻ സാധ്യതയുണ്ട്.