ഹോർലിക്സ് യൂണിലീവറിന്; ഏറ്റെടുക്കൽ 27,750 കോടി രൂപയ്ക്ക്

ന്യൂഡൽഹി ∙ ഗ്ലാക്സോ സ്മിത്ക്ലൈനിന്റെ ആരോഗ്യ പാനീയ, ഭക്ഷ്യ ഉൽപന്ന ബ്രാൻഡുകൾ യൂണിലീവർ ഏറ്റെടുക്കുന്നു. ഏകദേശം 27,750 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ. നടപടിയുടെ ഭാഗമായി യൂണിലീവറിന്റെ ഇന്ത്യയിലെ സംരംഭമായ ഹിന്ദുസ്ഥാൻ യൂണിലീവർ ലിമിറ്റഡാണ് (എച്ച്‌യുഎൽ) ഗ്ലാക്സോ സ്മിത്ക്ലൈൻ കൺസ്യൂമർ ഹെൽത്ത് കെയറിനെ സ്വന്തമാക്കുക.

ഹോർലിക്സ്, ബൂസ്റ്റ് തുടങ്ങിയ മുൻനിര ആരോഗ്യ പാനീയങ്ങളുടെ നിർമാതാക്കളാണ് ഗ്ലാക്സൊ സ്മിത്ക്ലൈൻ. ഇതോടൊപ്പം ബംഗ്ലദേശ് ഉൾപ്പെടെ ഗ്ലാക്സോയുടെ ഏഷ്യയിലെ 20 പ്രമുഖ വിപണികളും യൂണിലീവർ ഏറ്റെടുക്കും. ഒരു ഗ്ലാക്സോ സ്മിത്ക്ലൈൻ ഓഹരിക്ക് 4.39 ഹിന്ദുസ്ഥാൻ യൂണിലീവർ ഓഹരി എന്ന അനുപാതത്തിലാണ് ലയനം.

ആരോഗ്യ പാനീയ, ഭക്ഷ്യ വിപണന രംഗത്ത് സ്വാധീനം നേടാൻ ഏറ്റെടുക്കൽ വഴിയൊരുക്കുമെന്നു യൂണിലീവർ പ്രസിഡന്റ് നിധിൻ പരഞ്ജ്‌പെ പറഞ്ഞു. ലയനം പൂർത്തിയാകുന്നതോടെ ഭക്ഷ്യ പാനീയ ബിസിനസ് 10,000 കോടി കടക്കുമെന്നും ഈ രംഗത്ത് ഇന്ത്യയിലെ മുൻനിര സംരംഭമായി മാറുമെന്നും ഹിന്ദുസ്ഥാൻ യൂണിലീവർ ചെയർമാനും സിഇഒയുമായ സഞ്ജീവ് മേത്ത പറഞ്ഞു. ഗ്ലാക്സോയുടെ ദന്താരോഗ്യ സംരക്ഷണ ഉൽപന്നങ്ങളായ സെൻസൊഡൈൻ, എനോ എന്നിവയും യൂണിലീവർ വിൽപന നടത്തും.

യൂണിലീവറിന് ആഗോള തലത്തിൽ 1.69 ലക്ഷം ജീവനക്കാരുണ്ട്. 400 ബ്രാൻഡുകൾ വിപണിയിലുണ്ട്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവാർട്ടിസിന്റെ  36.5% ഓഹരി 2015ൽ ഗ്ലാക്സോ വാങ്ങിയിരുന്നു. ഇതിനു പണം കണ്ടെത്താൻ കൂടിയാണ് ഇപ്പോൾ ആരോഗ്യ പാനീയ, ഭക്ഷ്യ ഉൽപന്ന ബ്രാൻഡുകൾ വിൽക്കുന്നത്.

ഹോർലിക്സ് വന്ന വഴി

ഹോർലിക്സ് 1930ൽ ആണ് ഇന്ത്യൻ വിപണിയിലെത്തിയത്. എന്നാൽ ഹോർലിക്സ് എന്ന ബ്രാൻഡിന്റെ ജനനം യുകെയിലാണ്. 145 വർഷം മുൻപ് വില്യം ഹോർലിക്സും സഹോദരൻ ജയിംസും ചേർന്ന് ആരംഭിച്ച ജെ ആൻഡ് ഡബ്ല്യു കമ്പനിയാണു ഹോർലിക്സ് ഉൽപാദനം തുടങ്ങിയത്. തുടർന്ന് യുകെ, മലേഷ്യ, ഇന്ത്യ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഗ്ലാക്സോ നിർമാണവും വിപണനവും തുടങ്ങി.