കബോട്ടാഷ് നിയമത്തിൽ ഇളവ്: നേട്ടമെടുക്കാതെ വല്ലാർപാടം

ന്യൂഡൽഹി ∙ കബോട്ടാഷ് നിയമത്തിൽ ഇളവു നൽകിയിട്ടും നേട്ടം സ്വന്തമാക്കാൻ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിനു സാധിച്ചില്ലെന്നു പാർലമെന്റ് സ്ഥിരം സമിതി. ടെർമിനൽ ശേഷിയുടെ 35 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. സാമ്പത്തിക നഷ്ടം നേരിടുന്ന കൊച്ചിൻ പോർട്ടിനു 700 കോടിയുടെ അധിക ബാധ്യതയാണു കണ്ടെയ്നർ ടെർമിനൽ കാരണമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. 2012ൽ വല്ലാർപാടത്തിനായി പ്രത്യേക ഉത്തരവു വഴിയാണു കബോട്ടാഷ് നിയമത്തിൽ ഇളവു കൊണ്ടുവന്നത്. എന്നാൽ ഇതിനു ശേഷവും ശേഷിയുടെ 50 ശതമാനത്തിൽ താഴെയാണു കൈകാര്യം ചെയ്യുന്നത്.

രാജ്യത്തെ ഷിപ്പിങ് രംഗത്തു കബോട്ടാഷ് നിയമം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പഠനം നടത്തണമെന്നു കമ്മിറ്റി ശുപാർശ ചെയ്യുന്നു. കണ്ടെയ്നർ ടെർമിനൽ, ലോജിസ്റ്റിക്സ് രംഗത്തു നാഴികക്കല്ലാകുമെന്നായിരുന്നു വിശേഷണം. എന്നാൽ ആശങ്കകൾ വർധിച്ചു വരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ടൂറിസം രംഗത്തെ കുതിപ്പു ലക്ഷ്യമിട്ടു ആഡംബര വിനോദ സഞ്ചാരക്കപ്പലുകൾക്കായി പുതിയ ടെർമിനൽ നിർമിക്കാനുള്ള പദ്ധതിയെ കമ്മിറ്റി അഭിനന്ദിച്ചു.