ജികെഎസ്‌യു: ഒരു കോടിയുടെ ഫ്ലാറ്റ് നിവിൻ പോളി സമ്മാനിച്ചു

സ്വപ്നഭവനം: ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവിന്റെ മെഗാ സമ്മാനമായ കല്യാൺ ജ്വല്ലേഴ്സ് ഫ്ലാറ്റിന്റെ താക്കോൽ കൊച്ചിയിൽ നടന്ന ചടങ്ങിൽ ജി. ചന്ദ്രബാബുവും ഭാര്യ ജയശ്രീയും മക്കളായ ശ്രീഹരിയും ശ്രീലക്ഷ്മിയും ചേർന്ന് നടൻ നിവിൻ പോളിയിൽനിന്ന് ഏറ്റുവാങ്ങുന്നു. കല്യാൺ ജ്വല്ലേഴ്സ് എക്സിക്യുട്ടിവ് ഡയറക്ടർ രമേഷ് കല്യാണരാമൻ, ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

കൊച്ചി ∙ കേരളത്തിലെ മാധ്യമക്കൂട്ടായ്മ സംഘടിപ്പിച്ച ഗ്രേറ്റ് കേരള ഷോപ്പിങ് ഉൽസവിലെ (ജികെഎസ്‌യു) മെഗാ സമ്മാനം ഒരു കോടി രൂപ വിലയുള്ള ഫ്ലാറ്റ് ചലച്ചിത്ര താരം നിവിൻ പോളി കൊല്ലം വടമൺ ചോരനാട് ശ്രീതിലകത്തിൽ ജി.ചന്ദ്രബാബുവിനു സമ്മാനിച്ചു. അപകടത്തെ തുടർന്നു ശരീരം പാതി തളർന്ന ചന്ദ്രബാബു ചക്രക്കസേരയിലെത്തിയാണു നിവിൻ പോളിയിൽ നിന്നു ഫ്ലാറ്റിന്റെ താക്കോൽ സ്വീകരിച്ചത്. കല്യാൺ ജ്വല്ലേഴ്സാണു ഫ്ലാറ്റ് സ്പോൺസർ ചെയ്തത്.

ചടങ്ങിൽ, കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ, മലയാള മനോരമ മാർക്കറ്റിങ് ആൻഡ് അഡ്വൈർടൈസിങ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, എംഎംടിവി ചീഫ് എക്സിക്യുട്ടീവ് ഓഫിസർ പി.ആർ.സതീഷ്, ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് രഘു രാമചന്ദ്രൻ, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് ബി.കെ.ഉണ്ണിക്കൃഷ്ണൻ, മാതൃഭൂമി ടെലിവിഷൻ മീഡിയ സൊലൂഷൻസ് ഹെഡ് ഫിലിപ് ജോസ്, സൂര്യ ടിവി ആഡ് സെയിൽസ് മേധാവി സതീഷ് കുമാർ ധൻ എന്നിവർ പങ്കെടുത്തു.

കേരളത്തിലെ പത്ര, ടെലിവിഷൻ, ഓൺലൈൻ മാധ്യമക്കൂട്ടായ്മയും വ്യാപാരി സമൂഹവും ചേർന്നു സംഘടിപ്പിച്ച പ്രഥമ വ്യാപാരോൽസവമായ ജികെഎസ്‌യുവിനു മികച്ച പ്രതികരണമാണു ലഭിച്ചത്. ചെറിയ കടകൾ മുതൽ വലിയ വാണിജ്യ സ്ഥാപനങ്ങൾ വരെ പങ്കാളികളായ മേളയിലൂടെ 4 കോടി രൂപയുടെ സമ്മാനങ്ങളാണു നൽകിയത്.

നൊമ്പരക്കാലത്തിനൊടുവിൽ കിട്ടിയ മെഗാ സന്തോഷം

ചക്രക്കസേരയുടെ പരിമിതികൾ പകരുന്ന വേദനയിലും നേർത്തൊരാശ്വാസം പോലെ ആ താക്കോൽ ജി.ചന്ദ്രബാബു ഏറ്റുവാങ്ങി; ജികെഎസ്‌യുവിന്റെ മെഗാ സമ്മാനം. ആ സന്തോഷത്തിനു സാക്ഷ്യം വഹിക്കാൻ ഭാര്യ ജയശ്രീയും മക്കളായ ശ്രീലക്ഷ്മിയും ശ്രീഹരിയും. കാൽ നൂറ്റാണ്ടു നീണ്ട കഷ്ടതകൾക്കൊടുവിൽ കൈവന്ന മെഗാ സന്തോഷം. ‘തൽക്കാലം പുനലൂർ വിട്ട് എങ്ങോട്ടും പോകാനാവില്ല. അവിടെയാണു ജോലി. പിന്നെ, വയ്യാത്ത ആളായതിന്റെ പ്രയാസങ്ങളുമുണ്ട്. എങ്കിലും, ഫ്ലാറ്റ് ലഭിച്ചതിൽ വലിയ സന്തോഷം’ – ചന്ദ്രബാബുവിന്റെ വാക്കുകൾ.

∙ 25 വർഷം മുൻപാണു ചന്ദ്രബാബുവിന്റെ ജീവിതം പാതി തകർത്ത ദുരന്തമുണ്ടായത്; 1993 ൽ. ആൻഡമാൻ നിക്കോബാറിൽ കൺസ്ട്രക്‌ഷൻ കമ്പനിയിലെ ജോലിയ്ക്കിടെ കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്നു താഴെവീണതോടെ അരയ്ക്കു താഴോട്ടുള്ള ചലനശേഷി കുറഞ്ഞു. 2008 ൽ സർക്കാർ ജോലി ലഭിച്ചതോടെ ജീവിതം വീണ്ടും ചലിച്ചു തുടങ്ങി. ഇപ്പോഴും പക്ഷേ, സാമ്പത്തിക ഞെരുക്കത്തിലൂടെ തന്നെയാണു ജീവിതം. വോക്കർ ഉപയോഗിച്ചു ഓഫിസിലും വീട്ടിലും നടക്കാനാകും. യാത്ര ചക്രക്കസേരയിലും മുച്ചക്ര വാഹനത്തിലുമായി.

∙ പുനലൂർ മുനിസിപ്പൽ ഓഫിസിലെ ഹെഡ് ക്ലർക്കാണു ചന്ദ്രബാബു. ഓഫിസിൽ നിന്ന് അഞ്ചലിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പുനലൂർ തൊളിക്കോട്ടുള്ള കടയിൽ നിന്നു വാങ്ങിയ ഫാനാണു ചന്ദ്രബാബുവിലേക്കു സമ്മാന ഫ്ലാറ്റ് എത്തിച്ചത്.