കായംകുളം സിപിസിആർഐ പൂട്ടില്ല: ഐസിഎആർ ഡിജി

തൃശൂർ ∙ കായംകുളം സിപിസിആർഐ അടച്ചു പൂട്ടുന്നതിനുള്ള ഒരു തീരുമാനവും ഇല്ലെന്ന് ഐസിഎആർ ഡയറക്ടർ ജനറൽ ഡോ.ത്രിലോചൻ മൊഹപത്ര ‘മനോരമ’യോടു പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഒന്നിൽ കൂടുതൽ ഗവേഷണ കേന്ദ്രങ്ങൾ ഉള്ള സംസ്ഥാനങ്ങളിൽ അധികമുള്ളവ തുടരണമോ എന്നതു സംബന്ധിച്ച് ഒരു ചർച്ച വന്നിരുന്നു. അതിനെ ചുറ്റിപ്പറ്റിയാവാം ഈ അഭ്യൂഹം പരന്നത്.

എന്നാൽ, കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ ഇവിടെ നിന്ന് മാറ്റണമെന്നോ അടയ്ക്കണമെന്നോ ഒരു നിർദേശവും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. മന്ത്രി വി.എസ്.സുനിൽകുമാർ ഇതു സംബന്ധിച്ച് തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഗവേഷണ കേന്ദ്രം മാറ്റില്ല എന്ന ഉറപ്പ് അദ്ദേഹത്തിന് നൽകിയെന്നും മൊഹപത്ര പറഞ്ഞു.