ഐക്യരാഷ്ട്ര സംഘടന – നിതി ആയോഗ് സംസ്ഥാന റാങ്കിങ്: കേരളം 69/100

ന്യൂഡൽഹി∙ ജനങ്ങളുടെ പട്ടിണിയകറ്റുന്നതിലും മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിലും വിദ്യാഭ്യാസ മികവിലും ഐക്യരാഷ്ട്ര സംഘടനയുടെയും നിതി ആയോഗിന്റെയും കയ്യടി നേടി കേരളം. പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക മേഖലയിലുൾപ്പെടെ കൈവരിച്ച വളർച്ചയുടെ അടിസ്ഥാനത്തിൽ നിതി ആയോഗ് പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിലാണു കേരളം മുന്നിലെത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെ സഹകരണത്തോടെ തയാറാക്കിയ സുസ്ഥിര വികസന സൂചിക നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ പുറത്തിറക്കി.

13 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയ പട്ടികയിൽ കേരളത്തിനു പുറമെ ഹിമാചൽ പ്രദേശ്, തമിഴ്നാട് എന്നിവയാണു മികവിൽ മുന്നിട്ടു നിൽക്കുന്നത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാർക്കിട്ടപ്പോൾ കേരളവും ഹിമാചലും 100ൽ 69 മാർക്ക് വീതം നേടി; തമിഴ്നാടിന് 66. ഇത്രയും വിപുലമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ വളർച്ച സംബന്ധിച്ച സൂചിക തയാറാക്കുന്നത് ഇതാദ്യമാണെന്ന് രാജീവ് കുമാർ ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ സുസ്ഥിര വികസനം യാഥാർഥ്യമാക്കാനുള്ള ഐക്യരാഷ്ട്ര സംഘടനാ പദ്ധതിയുടെ ഭാഗമായാണു പട്ടിക തയാറാക്കിയത്.

പട്ടിണിയകറ്റുന്നതിൽ കൈവരിച്ച നേട്ടമാണു കേരളത്തെ മികവിലേക്കു നയിച്ചത്. പട്ടിണിരഹിത സംസ്ഥാനങ്ങളിൽ ഗോവ, മിസോറം, മണിപ്പുർ, നാഗാലൻഡ് എന്നിവയും മുൻനിരയിലുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കുന്നതിലും മറ്റു സംസ്ഥാനങ്ങളെ കേരളം പിന്നിലാക്കി. അതേസമയം, സ്ത്രീകൾക്കു സുരക്ഷിത ജീവിത സാഹചര്യം ഒരുക്കുന്നതിലും സാമ്പത്തിക വളർച്ചയിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിലും സംസ്ഥാനം ഇനിയും മുന്നേറാനുണ്ടെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയിലെ മികവാണു ഹിമാചലിനെ മുന്നിലെത്തിച്ചത്. യുപി (42 മാർക്ക്), ബിഹാർ (48), അസം (49) എന്നിവയാണ് പട്ടികയിൽ പിന്നിലുള്ള സംസ്ഥാനങ്ങൾ.