കറൻസി ചെസ്റ്റ്: നേരിട്ടുള്ള നിയന്ത്രണം ആരെയും ഏൽപിക്കില്ലെന്നു എസ്ബിഐ

കൊച്ചി∙ കറൻസി ചെസ്റ്റിന്റെ നേരിട്ടുള്ള നിയന്ത്രണം പുറമെ ആരെയും ഏൽപിക്കില്ലെന്നും ഓട്ടമാറ്റിക് നോട്ട് വേർതിരിക്കൽ യന്ത്രമുപയോഗിച്ചുള്ള നോട്ട് കൈകാര്യത്തിനു മാത്രമാണു പുറംകരാർ നൽകുന്നതെന്നും എസ്ബിഐ ഹൈക്കോടതിയെ അറിയിച്ചു. ഓട്ടമാറ്റിക് നോട്ട് വേർതിരിക്കൽ യന്ത്രം സ്ഥാപിക്കുന്നതു ജീവനക്കാരുടെ തൊഴിൽ, പ്രമോഷൻ സാധ്യതകളെ ബാധിക്കില്ല. ജീവനക്കാരുടെയോ ഇടപാടുകാരുടെയോ താൽപര്യങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നും അറിയിച്ചു.

ബാങ്ക് അധികൃതരുടെ വിശദീകരണം രേഖപ്പെടുത്തി ബന്ധപ്പെട്ട ഹർജി ജസ്റ്റിസ് അനു ശിവരാമൻ തീർപ്പാക്കി. എസ്ബിഐയുടെ കറൻസി അഡ്മിനിസ്ട്രേഷൻ സെല്ലിന്റെയും കാഷ് കൈകാര്യത്തിന്റെയും ചുമതല പുറംകരാറിലൂടെ സ്വകാര്യ ഏജൻസിയെ ഏൽപിക്കരുതെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയനും (കേരള സർക്കിൾ) ഏതാനും ജീവനക്കാരും സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്.

നോട്ടുകളിൽ എടിഎമ്മിൽ വയ്ക്കാവുന്നത്, വ്യാജമായത്, പുനരുപയോഗിക്കാവുന്നത്, ഉപയോഗശൂന്യമായത് എന്നിങ്ങനെ വേർതിരിക്കാനുള്ള ഓട്ടമാറ്റിക് നോട്ട് പരിശോധനാ യന്ത്രങ്ങൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്കും സ്റ്റാഫ് യൂണിയനും തമ്മിലുള്ള ധാരണകളും ആർബിഐ നിയന്ത്രണങ്ങളും കർശനമായി പിൻതുടരുമെന്നും അറിയിച്ചു.