ട്രെയിനിലെ വൃത്തിക്കു മാർക്കിടാം

ന്യൂഡൽഹി ∙ പ്രമുഖ ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും ശുചിത്വ നിലവാരം വിലയിരുത്തി റാങ്ക് നിശ്ചയിക്കാൻ ഇനി യാത്രക്കാർക്ക് അവസരം. കേരള എക്സ്പ്രസ്, രാജധാനി, ശതാബ്ദി, തുരന്തോ, ജനശതാബ്ദി തുടങ്ങി ഇരുനൂറോളം ട്രെയിനുകളുടെയും 407 സ്റ്റേഷനുകളുടെയും നിലവാരം വിലയിരുത്താനാണു യാത്രക്കാർക്ക് അവസരമൊരുങ്ങുക.

ഫോട്ടോ എടുക്കുക, അയയ്ക്കുക

ശുചിത്വമില്ലായ്മ ശ്രദ്ധയിൽ പെട്ടാൽ അതിന്റെ ഫോട്ടോയും വിവരണവും നിയന്ത്രണ കേന്ദ്രത്തിലേയ്ക്ക് (കൺട്രോൾ റൂം) അയ‌ക്കാം. മികച്ച ശുചിത്വനിലവാരം സൂചിപ്പിക്കുന്ന ഫോട്ടോയും അഭിപ്രായവും നൽകുന്നതിനും വിരോധമില്ല.

നിയന്ത്രണ കേന്ദ്രം ഉടൻ നിലവിൽ വരും. പരാതികൾക്കു യാത്രക്കിടെ തന്നെ പരിഹാരമുണ്ടാക്കും. ട്രെയിനുകളിലെ പൊതു ശുചിത്വം, ശുചിമുറികൾ, വിരിപ്പുകൾ, മാലിന്യം, കീടനിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ യാത്രക്കാരിൽ നിന്നു ലഭിക്കുന്ന അഭിപ്രായങ്ങളനുസരിച്ചു ദീർഘകാല നടപടികളും സ്വീകരിക്കും.

ശുചിത്വ റാങ്കിങ്

യാത്രക്കാരുടെ കൂടി അഭിപ്രായം ശേഖരിച്ചു പ്രമുഖ സ്റ്റേഷനുകൾക്കു ശുചിത്വ റാങ്കിങ് നൽകുന്ന സംവിധാനം കഴിഞ്ഞ വർഷം ഏർപ്പെടുത്തിയിരുന്നു. ഐആർസിടിസി സർവേയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

യാത്രക്കാരുടെ അഭിപ്രായം ശേഖരിക്കാൻ സ്ഥിരം സംവിധാനമേർപ്പെടുത്തുന്നതിലൂടെ ഇതു കൂടുതൽ കാര്യക്ഷമമാകും; റാങ്കിൽ നിന്നു ട്രെയിനുകളുടെ ശുചിത്വനിലവാരം മുൻകൂട്ടി അറിയാനും മാർഗമാകും.