Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ ബന്ധം: കോള് മലയാളിക്ക്

malayali-arabi

യുഎഇയിൽ മലയാളികളുമായുള്ള സഹവാസം കൂടിയിട്ട് അറബികൾ കേരള ഭക്ഷണവും മലയാളം വാക്കുകളും ശീലിച്ച സ്ഥിതിയാണ്. സാമ്പാറും മീൻകറിയും കൂട്ടുകയും മലയാളം പറയുകയും ചെയ്യുന്ന അറബികളേറെ. പക്ഷേ, പുറമേ കാണുന്ന യുഎഇ സ്വദേശി–മലയാളി ആത്മബന്ധത്തിനു പിന്നിൽ ശതകോടികളുടെ ബിസിനസ്, കയറ്റുമതി ഇടപാടുകളുമുണ്ടെന്ന് പലപ്പോഴും അറിയപ്പെടുന്നില്ല.

കഴിഞ്ഞയാഴ്ച യുഎഇ കിരീടാവകാശി വന്നതും അവരുടെ പട്ടാളം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതും അത്തരം മാനുഷിക–സാമ്പത്തിക ബന്ധങ്ങളുടെ സ്വാഭാവിക പരിണാമമായിട്ടാണ്. യുഎഇയുടെ ആകെ വാണിജ്യത്തിന്റെ 20% ഇന്ത്യയുമായിട്ടാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വാണിജ്യ പങ്കാളികളായ രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് യുഎഇക്ക്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ചൈനയും യുഎസും.

മൂന്നാം സ്ഥാനത്ത് 6000 കോടി ഡോളർ (നാലുലക്ഷം കോടി രൂപ) വാണിജ്യവുമായി യുഎഇയുണ്ട്. മലയാളികൾ എത്രയുണ്ട്? പെരുപ്പിച്ച കഥകൾ പലയിടത്തും കേട്ടേക്കാം. പക്ഷേ, യുഎഇയിൽ 26 ലക്ഷം ഇന്ത്യാക്കാരാണുള്ളത്. അതിൽ പത്തുലക്ഷമെങ്കിലും മലയാളികളാണെന്ന് ഇന്ത്യയുടെ മുൻ യുഎഇ സ്ഥാനപതി ടി.പി. സീതാറാം പറയുന്നു.

കൃത്യമായ കണക്ക് എംബസിയുടെ പക്കലും ഇല്ല. അങ്ങനെ നാടു തിരിച്ചു കണക്കെടുക്കാറുമില്ല. പക്ഷേ, അതിലും പ്രധാനം എത്ര പണം അവിടെ നിന്നു വരുന്നു എന്നതല്ലേ.? ഗൾഫ് രാജ്യങ്ങളിലാകെ നിന്ന് ഇന്ത്യക്കാർ വർഷം അയയ്ക്കുന്നത് 3000 കോടി ഡോളറാണ്. ഏകദേശം രണ്ടു ലക്ഷം കോടി രൂപ. അതിന്റെ പാതിയോളം (1400 കോടി ഡോളർ) അഥവാ ഒരു ലക്ഷം കോടിയോളം യുഎഇയിൽ നിന്നു മാത്രമാണ്.

ഗൾഫ് മലയാളികൾ വർഷം കേരളത്തിലേക്ക് അയയ്ക്കുന്ന തുക ഒരു ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അയച്ചത് ഒരു ലക്ഷത്തി എണ്ണായിരം കോടി രൂപ. യുഎഇ മാത്രമല്ല മുഴുവൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള തുകയാണിത്. പക്ഷേ, ബിസിനസിലാണ് അറബി–മലയാളി ബന്ധം മുന്നിട്ടു നിൽക്കുന്നത്. പത്തോ പന്ത്രണ്ടോ ദിർഹത്തിന് മീൻകറിയും ഊണും കിട്ടുന്ന ചായക്കട മുതൽ ഹൈ എൻഡ് റസ്റ്ററന്റുകളും ഹൈപ്പർമാർക്കറ്റുകളും മലയാളി നടത്തുന്നു.

അവധിയെടുക്കാതെ അവിടെ ദിവസം പന്ത്രണ്ടു മണിക്കൂറിലേറെ പണിയെടുക്കാൻ മലയാളിക്കു യാതൊരു മടിയുമില്ല. ഫിലിപ്പിനോകളെ റസ്റ്ററന്റുകളിൽ വെയ്റ്റർമാരാക്കി വയ്ക്കുന്നവർ സൂപ്പർവൈസറായി മലയാളിയെ നിയമിക്കും. കാരണം നടത്തിക്കൊണ്ടു പോകാൻ മലയാളിയുടെ ബുദ്ധിയും സാമർഥ്യവും വേണം. മോദി 2015–ൽ സന്ദർശനം നടത്തിയപ്പോഴാണ് ഇന്ത്യയിൽ 7500 കോടി ഡോളർ (ഏകദേശം അഞ്ചു ലക്ഷം കോടി രൂപ) യുഎഇ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ഉണ്ടായത്.

34 വർഷം കൂടിയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം. അതിനു ശേഷം ഇന്ത്യ–യുഎഇ ബന്ധങ്ങൾ ഏറെ മുന്നോട്ടു പോയി. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇമാറിന്റെയും വ്യോമയാന രംഗത്ത് ഇത്തിഹാദിന്റേയും ടെലികോമിൽ ഇത്തിസലാത്തിന്റെയും നിക്ഷേപം വന്നു. യുഎഇയിൽ നടക്കുന്ന വിദേശ നിക്ഷേപത്തിൽ മൂന്നാം സ്ഥാനവും ഇന്ത്യയ്ക്കാണ്.


കൊച്ചി സ്മാർട് സിറ്റി പോലെ പദ്ധതികൾ മുന്നോട്ടു വച്ചാൽ യുഎഇ നിക്ഷേപിക്കാൻ തയാറാണ്. അത്തരം ബിസിനസ് മുതൽമുടക്കുകൾക്കു പുറമേയാണ് ഇനി പ്രതിരോധ, സുരക്ഷാ രംഗങ്ങളിൽ സഹകരണം വരാൻ പോകുന്നത്. അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിൽ അടുത്തിടെ താലിബാൻ നടത്തിയ സ്ഫോടനത്തിൽ യുഎഇ നയതന്ത്രജ്ഞർ മരിച്ചതോടെ പാക്കിസ്ഥാനുമായി മോശമായിക്കൊണ്ടിരുന്ന അവരുടെ ബന്ധങ്ങൾ കൂടുതൽ വഷളായതും ഇന്ത്യയ്ക്കു ഗുണമായി.

ഇനി പ്രതിരോധ സഹകരണവും പ്രതിരോധ രംഗത്ത് സംയുക്ത സംരംഭവും ഫാക്ടറി ഉൽപാദനവും വന്നാലും നേട്ടം ആർക്കാ? മുഖ്യമായും മലയാളിക്കല്ലേ? സ്മാർട് സിറ്റിയിൽ പോലും അവരുടെ ഉദ്യോഗസ്ഥരായി അറബികളല്ല, മലയാളികളാണ്. തിരുവനന്തപുരത്ത് യുഎഇ കോൺസുൽ ജനറലുമായി. നൂറ്റാണ്ടുകൾക്കു മുൻപേ മലയാളിക്ക് ഏറ്റവും പ്രയോജനപ്പെട്ട ഈ ബിസിനസ് ബന്ധം ഇനിയും വിപുലമാകാൻ പോകുന്നതിന്റെ ലക്ഷണമാണുള്ളത്.

ഒടുവിലാൻ ∙ മരുഭൂമിയിൽ തടിയും കയറുമില്ല. അറബികൾക്ക് കപ്പൽ നിർമാണത്തിനുള്ള തടിയും കയറും ഇവിടെ നിന്നാണു പോയിരുന്നത്. ബേപ്പൂരിൽ ഉരു ഉണ്ടാക്കി കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇപ്പോഴത് ആഭരണം, വജ്രം, എൻജിനീയറിങ് ഉൽപന്നം, പച്ചക്കറി, പഴം, ഐടി, അരി, തേയില... എന്നിങ്ങനെ വളർന്നു. ഇന്ത്യൻ കമ്പനികൾക്ക് ലോക കയറ്റുമതിക്കുള്ള കവാടമാണ് ദുബായ് ഷിപ്പിങ് ഹബ്.

Your Rating: