വിഷ മീനിൽ ഫോർമലിൻ മാത്രമല്ല, മനുഷ്യ വിസർജ്യത്തിലെ ബാക്ടീരിയയും !

തിരുവനന്തപുരം ∙ മത്സ്യം കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസില്‍ കോളറയ്ക്കും മഞ്ഞപ്പിത്തത്തിനും കാരണമായേക്കാവുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യ വിസര്‍ജ്യത്തില്‍നിന്നാണു കോളിഫോം ബാക്ടീരിയ വെള്ളത്തില്‍ കലരുന്നത്. മലിനജലമാണ് ഐസ് നിര്‍മിക്കാനായി ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി.

ഐസില്‍ അമോണിയ ചേര്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഏതു ഘട്ടത്തിലാണ് ഐസില്‍ അമോണിയ ചേര്‍ക്കുന്നതെന്നു മനസ്സിലായിട്ടില്ല. ചെമ്മീന്‍ കെട്ടുകളില്‍ വെള്ളത്തില്‍ അമോണിയ ചേര്‍ക്കുന്നതിന്റെ വിവരങ്ങളും പരിശോധനയില്‍ ലഭിച്ചു. മത്സ്യത്തില്‍ മായം ചേര്‍ക്കുന്നവരെ പിടികൂടാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു കണ്ടെത്തല്‍. ഇതോടൊപ്പമാണു മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് ഐസിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം പരിശോധിച്ചത്.

മത്സ്യങ്ങളില്‍ മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഫോര്‍മലിന്‍ കലര്‍ന്നിട്ടുണ്ടോയെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നില്ല. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലാണു ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്തിയത്. വ്യത്യസ്ത രീതിയിലാണ് ഇരു സ്ഥാപനങ്ങളും പരിശോധന നടത്തുന്നതെന്നും ഇതിനാലാണു രണ്ടു ഫലം ലഭിച്ചതെന്നുമാണു സംസ്ഥാനത്തെ ലാബ് അധികൃതരുടെ വിശദീകരണം. 

തുടര്‍ന്ന,് മത്സ്യസാംപിളുകള്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലേക്കും മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയച്ചു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിക്കേ ഇക്കാര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ നിരീക്ഷണം നടത്താനാവൂ എന്ന നിലപാടായിരുന്നു മൈസൂരുവിലെ ലാബ് അധികൃതര്‍ക്ക്.

ഇതേത്തുടര്‍ന്ന് ഏതു പരിശോധനാ രീതിയാണ് സംസ്ഥാനം സ്വീകരിക്കേണ്ടതെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി.രാജമാണിക്യം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പരിശോധന ഫലപ്രദമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. എഫ്എസ്എസ്എഐയുടെ മറുപടിക്ക് അനുസരിച്ചായിരിക്കും പരിശോധനാരീതി തീരുമാനിക്കുക.

പുറത്തുനിന്നുള്ള മത്സ്യങ്ങളുടെ പരിശോധന പൂര്‍ത്തിയായശേഷം സംസ്ഥാനത്തിനകത്ത് പരിശോധന ആരംഭിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. അപ്പോള്‍ ആവശ്യമെങ്കില്‍ പൊലീസിന്റെ സഹകരണം തേടും. കേന്ദ്ര നിയമം ശക്തമായതിനാല്‍ പുതിയ നിയമം കൊണ്ടുവരാനുള്ള സാഹചര്യമില്ലെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ പറയുന്നു. ശക്തമായ കേന്ദ്ര നിയമം ഉള്ളതിനാല്‍ അതിന്റെ ചുവടുപിടിച്ചുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. 140 മണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സര്‍ക്കിളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 30 സ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സഹായത്തിന് ആവശ്യമായ ജീവനക്കാരില്ലാത്തത് തിരിച്ചടിയാണ്.