കാലാവസ്ഥാ മാറ്റം: നമുക്കും മാറാതെ വയ്യ

കേരളത്തിലെ മന്ത്രിമാർ അടക്കമുള്ള എംഎൽഎമാരെപ്പറ്റി എനിക്കുണ്ടായിരുന്ന ഒരു പരാതി തന്ത്രപ്രധാന വിഷയങ്ങളെപ്പറ്റി സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം മനസ്സിലാക്കാൻ അവർ വേണ്ടത്ര സമയം ചെലവാക്കുന്നില്ല എന്നതായിരുന്നു. കേരളത്തിലെ സാങ്കേതിക വിദഗ്ധരാകട്ടെ  മന്ത്രിമാരോട് സംവദിക്കാനുള്ള ശ്രമവും നടത്തുന്നില്ല. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി എംഎൽഎമാർക്ക് ഒരു ഓറിയന്റേഷൻ ക്ലാസ് നടത്തണം എന്ന കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ഷണം സന്തോഷത്തോടെയാണു സ്വീകരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ എഴുപതിലധികം എംഎൽഎമാർ ഈ പരിപാടിയിൽ പങ്കെടുത്തു.

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള തെറ്റിധാരണകളില്തൽ എത്രമാത്രം സത്യമുണ്ടെന്ന കാര്യം വിശദീകരിച്ചുകൊണ്ടാണു തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം എന്നൊന്നുണ്ടോ? അതിനു മനുഷ്യരാണോ ഉത്തരവാദികൾ? ഇതിനെ പ്രതിരോധിക്കാൻ മനുഷ്യനു കഴിയുമോ? എന്നീ മൂന്നു കാര്യങ്ങളാണ് ആഗോളവ്യാപകമായി ചർച്ചാവിഷയമായിരുന്നത്. എന്നാൽ ലോകരാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരെല്ലാം പങ്കെടുക്കുന്ന ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ഈ വിഷയമെല്ലാം പഠിച്ച് ഇതിന് ഓരോന്നിനും ഉത്തരം നൽകിയിട്ടുണ്ട്. ആഗോളതാപനം ഉണ്ടാകുന്നുണ്ട്, അതിന് മനുഷ്യർ ഉത്തരവാദികൾ ആണ്, പൂർണമായി പ്രതിരോധിക്കാൻ കഴിയില്ലെങ്കിലും താപനത്തിന്റെ തോത് കുറച്ച് മനുഷ്യജീവിതം സാധ്യമാകുന്ന തരത്തിലാക്കാം എന്നിങ്ങനെ ഉറച്ച നിഗമനങ്ങളാണ് ഐപിസിസി തന്നിട്ടുള്ളത്. ഇക്കാര്യത്തിലൊന്നും ഇപ്പോൾ ശാസ്ത്ര ലോകത്ത് വലിയ വിവാദം ഇല്ല.

ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ ഉന്നയിച്ചിരുന്നതു മറ്റൊരു ചോദ്യമായിരുന്നു. ആഗോളതാപനത്തിന് കാരണമായ ഫോസിൽ ഫ്യുവൽ ഉപയോഗം കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി ഏറ്റവുമധികം നടത്തിയത് വികസിത രാജ്യങ്ങളിലാണ്. ഇപ്പോൾ പോലും പല വികസിത രാജ്യങ്ങളുടെയും അ ഞ്ചിലൊന്ന് പോലുമില്ല നമ്മുടെ ആളോഹരി ഹരിത വാതക പാദമുദ്ര. അപ്പോൾ ആഗോളതാപനം കുറയ്ക്കുന്ന കാര്യത്തിൽ നമ്മൾ എന്തിനു പണം മുടക്കണം?

പക്ഷേ, ആഗോളതാപനത്തിന് ഉത്തരവാദികൾ ആരായാലും അതിന്റെ പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ വഹിച്ചേ പറ്റൂ. ഒരു രാജ്യത്തിന്റെ ജിഡിപിയുടെ ഒരു ശതമാനം എങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതത്തെ നേരിടാൻ ചെലവാക്കിയില്ലെങ്കിൽ 2050 ആകുമ്പോഴേക്കും ജിഡിപിയുടെ എട്ടു മുതൽ പതിനഞ്ചുവരെ ശതമാനം കുറവുണ്ടാകും എന്നാണ് ഈ വിഷയത്തിന്റെ സാമ്പത്തിക വശം പഠിച്ച പ്രഫസർ നിക്കോളാസ് സ്റ്റോൺ കണ്ടെത്തിയത്. ഇതു നമുക്കും ബാധകമാണ്. ഇക്കാര്യത്തിൽ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒന്നിച്ചു ശ്രമിച്ചേ പറ്റൂ. കൂടുതൽ ഉത്തരവാദിത്തം വികസിത രാജ്യങ്ങൾക്കാണ്. അതുകൊണ്ടാണ് വികസ്വര രാജ്യങ്ങൾക്ക് ധനസഹായവും സാങ്കേതിക വിദ്യയും ഒക്കെ പാരിസ് ഉടമ്പടിയിൽ വാഗ്ദാനം ചെയ്തത്. 2030 വരെയുള്ള കാലഘട്ടത്തിലേക്ക് രണ്ടു ലക്ഷം കോടി ഡോളറോളം ചെലവു വരുന്ന കർമപദ്ധതിയാണ് ഇന്ത്യ തയാറാക്കിയത്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഒരു കർമ പരിപാടി കേരളത്തിനും ഉണ്ട്. കൃഷിമുതൽ ടൂറിസം വരെ ഉള്ള നമ്മുടെ സമ്പദ് വ്യവസ്ഥയുടെ എട്ടു വിഭാഗങ്ങൾ ആണതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പക്ഷേ, അടുത്ത അഞ്ചു വർഷത്തേക്ക് ഇതിനായി ആവശ്യപ്പെട്ടിട്ടുള്ളത് പ്രതിവർഷം ഏതാണ്ട് 200 കോടി രൂപയാണ്. അതേ സമയം കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കാൻ ഇടയുള്ള വൻ ദുരന്തങ്ങളുടെയോ സാമൂഹിക മാറ്റങ്ങളുടെയോ പ്രത്യാഘാതം നേരിടാനുള്ള പദ്ധതികൾ ഇല്ലതാനും. ഇതേറെ പ്രധാനമാണ്.

കേരളത്തിലേക്കു വരുന്ന തൊഴിലാളികളെപ്പറ്റി പഠിക്കുന്ന പെരുമ്പാവൂരിലെ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡവലപ്മെന്റിന്റെ ഒരു നിരീക്ഷണം കേരളത്തിൽ ഇപ്പോൾ കാണുന്ന മറുനാടൻ തൊഴിലാളികൾ ബഹുഭൂരിപക്ഷവും വരുന്നത് കാലാവസ്ഥാ ബന്ധിതമായ ദുരന്തങ്ങൾ (വരൾച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്) പതിവായ നാടുകളിൽ നിന്നാണ് എന്നതാണ്. കാലാവസ്ഥാവ്യതിയാനം കാലാവസ്ഥാ ബന്ധിത ദുരന്തങ്ങളുടെ എണ്ണവും ആക്കവും കൂട്ടും. ഇതു മറുനാടൻ തൊഴിലാളികളുടെ വരവിനെയും തിരിച്ചുപോക്കിനെയും ബാധിക്കും.

അതേസമയം തന്നെ പാരിസ് ഉടമ്പടിയുടെ ഫലമായി 2030 ആകുമ്പോഴേക്കും പെട്രോളിലും ഡീസലിലും ഓടുന്ന കാറുകൾ യൂറോപ്പിൽ പല രാജ്യങ്ങളിലും ഇല്ലാതാകും. പെട്രോളിയത്തിന്റെ വിലക്കുറവ് ഗൾഫിലെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഇതോടെ പ്രവാസി തൊഴിലാളികൾ തിരിച്ചുപോരേണ്ടി വരും. കേരളം അങ്ങനെ ‘കാലാവസ്ഥ അഭയാർഥികളുടെ’ സംഗമ സ്ഥാനം ആകും. ഇത് സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനു സംശയം വേണ്ട.

കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും എന്നതിനെപ്പറ്റി ശാസ്ത്രീയപഠനം ഉണ്ടാകണം, അതിനെ അടിസ്ഥാനമാക്കിയാകണം ബാക്കി കർമപരിപാടികൾ തീരുമാനിക്കേണ്ടത്. സമ്പദ്‌വ്യവസ്ഥയുടെ ഓരോ വിഭാഗത്തിലും ഇപ്പോഴത്തേതിന്റെ പത്തിരട്ടിയിൽ കൂടുതൽ കാലാവസ്ഥാവ്യതിയാന പ്രതിരോധത്തിന് പണം ചെലവാക്കണം. ഇതിനെ ഏകോപിപ്പിക്കാൻ ഒരു മന്ത്രാലയവും മന്ത്രിയും വേണം.

കടൽനിരപ്പ് ഉയരുകയും കാറ്റും കോളും വർധിക്കുകയും ചെയ്തു തീരദേശങ്ങൾ കല്ലുകെട്ടി പ്രതിരോധിക്കാൻ പറ്റാതാകുന്നതോടെ പ്രകൃതിയോടൊത്ത് നിർമിക്കുക എന്ന ആധുനിക സങ്കേതം ഉപയോഗിച്ചേ പറ്റൂ. എറണാകുളവും ആലപ്പുഴയും പോലുള്ള നഗരങ്ങളിൽ ഇനിയുള്ള കാലം വെള്ളക്കെട്ട് സർവസാധാരണമാകും. ടൗൺ പ്ലാനിങ് കാലാവസ്ഥയെ കണക്കിലെടുത്ത് മാറ്റിയെഴുതണം. നമ്മുടെ ഭൂവിനിയോഗം കാലാവസ്ഥാവ്യതിയാനത്തിന്റെ അപകടങ്ങൾ മുൻകൂട്ടി കണ്ട് നിയന്ത്രിക്കണം. ഇതൊക്കെ ചെയ്യാതിരുന്നാൽ 2050 ആകുമ്പോഴേക്കും നമ്മുടെ സമ്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിച്ചു തുടങ്ങും.

ലോകരാജ്യങ്ങളിലെ ജനസംഖ്യ താരതമ്യം ചെയ്താൽ 150 രാജ്യങ്ങളിലും വലുതായ ഒരു പ്രദേശമാണു കേരളം. അതിന്റെ ഭാവി തീരുമാനിക്കുന്ന ജനപ്രതിനിധികൾ, കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടുകയും അവസരങ്ങളെ ഉപയോഗിക്കുകയും ചെയ്യാൻ എന്തുചെയ്യുന്നു എന്നതാണു പരമപ്രധാനമെന്ന കാര്യവും അവരോടു സൂചിപ്പിക്കാനായി.