രാഷ്ട്രീയ, ഉദ്യോഗസ്ഥ, മാഫിയ കൂട്ടുകൃഷി

മൂന്നാറിൽ അവസാനമണി മുഴങ്ങുന്നത് ആർക്കുവേണ്ടിയായിരിക്കും? അതു സിപിഐക്കോ സിപിഎമ്മിനോ വേണ്ടി ആയിരിക്കില്ല. മൂന്നാറിനു മാത്രം സ്വന്തമായ നീലക്കുറിഞ്ഞിയുടെ മരണമണിയായിരിക്കുമത്.

കുറിഞ്ഞിമല വന്യജീവിസങ്കേതത്തിന്റെ പേരിലുള്ള പ്രശ്നങ്ങളെ സിപിഎം – സിപിഐ തർക്കമായി ചുരുക്കുന്നതു യഥാർഥ പ്രശ്നങ്ങളെ ലഘൂകരിക്കും. ഇതിൽ രാഷ്ട്രീയത്തിനുപരിയായി പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടുന്നുവെന്നതു പലരും അവഗണിക്കുകയാണ്. പരിസ്ഥിതി മൗലികവാദികളാണെങ്കിൽ ഇതിനെ തികച്ചും പരിസ്ഥിതി പ്രശ്നമാക്കാനാണു ശ്രമിക്കുന്നത്. രാഷ്ട്രീയത്തിനും പരിസ്ഥിതിക്കും മധ്യേയുള്ള ചില പ്രശ്നങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന യാഥാർഥ്യം കണ്ടില്ലെന്നു നടിക്കാനാണു ഭരണ – പ്രതിപക്ഷങ്ങൾക്കു താൽപര്യം.

കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവുകൃഷി മേഖലയായ കമ്പക്കല്ല്, കടവരി എന്നിവിടങ്ങളിൽ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നു 2005ൽ ശുപാർശ ചെയ്തത് അന്നത്തെ മൂന്നാർ വൈൽഡ്‌ ലൈഫ് വാർഡനാണ്. അതുപ്രകാരം രണ്ടിടത്തും ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു. ഈ മേഖലയിലെ കഞ്ചാവുകൃഷി ഇതോടെ ഇല്ലാതായി. അന്നൊന്നും ഈ പ്രദേശത്തു പട്ടയവും കൃഷിയുമുണ്ടെന്ന് അവകാശപ്പെട്ട് ആരും വന്നിരുന്നില്ല. 1990നു ശേഷമാണ് ഇവിടെ കയ്യേറ്റവും കുടിയേറ്റവും തുടങ്ങിയതെന്ന് അക്കാലത്ത് അവിടെ ജോലി ചെയ്ത വനം, റവന്യു ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നീലക്കുറിഞ്ഞിയുടെ ടൂറിസം സാധ്യതകൾ മനസ്സിലാക്കിയാണിത്.

ജലദൗർലഭ്യമുള്ള ഇവിടെ കർഷകരുടെ പേരു പറഞ്ഞു വലിയ ചെക്ഡാമുകൾ നിർമിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ, വനം ഉദ്യോഗസ്ഥരുടെ ഇടപെടൽ ഇതിനു തടയിട്ടു. റിസോർട്ട് ലോബിക്ക് ഈ മേഖലയിൽ പ്രവർത്തനം സജീവമാക്കാനുള്ള ഏറ്റവും വലിയ തടസ്സം വെള്ളത്തിന്റെ ലഭ്യതക്കുറവാണ്. കർഷകരെ മറയാക്കി ഇതു മറികടക്കാനായിരുന്നു ശ്രമം.

ഭൂമിതട്ടിപ്പ് ഇങ്ങനെ
തമിഴ് വംശജരായ പട്ടികജാതിക്കാരാണ് ഇടുക്കി ജില്ലയിൽ വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ കൂടുതലും. 1964 ലെ ഭൂപതിവു ചട്ടപ്രകാരം കൈവശഭൂമിക്കു നൽകുന്ന പട്ടയങ്ങളാണ് ഇവിടെയധികവും. ഇൗ ചട്ടപ്രകാരം രണ്ടുതരം പട്ടയങ്ങളാണു വിതരണം ചെയ്യുന്നത്. കൈവശഭൂമിക്കു നൽകുന്ന പട്ടയം, ഭൂരഹിതർക്കു സൗജന്യമായി പതിച്ചുകൊടുക്കുന്ന ഭൂമിക്കു നൽകുന്ന പട്ടയം എന്നിവയാണിവ. രണ്ടാമത്തെ വിഭാഗത്തിൽപെടുന്ന പട്ടയം ലഭിച്ചാൽ 25 വർഷത്തേക്കു കൈമാറ്റം ചെയ്യാൻ കഴിയില്ലെന്ന വ്യവസ്ഥ നേരത്തെ നിലവിലുണ്ടായിരുന്നു. എന്നാൽ, കൈവശഭൂമിക്കു നൽകുന്ന പട്ടയം മൂന്നു വർഷം കഴിയുമ്പോൾ കൈമാറ്റം ചെയ്യാൻ നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു.

നിയമത്തിലെ ഇൗ പഴുതു മുതലെടുത്താണു ഭൂമാഫിയ, വ്യാജരേഖകളിലൂടെ ഇവിടെ വൻതോതിൽ ഭൂമി സ്വന്തമാക്കിയത്. 1971 നു മുൻപ് ഇൗ മേഖലയിൽ ഭൂമി കൈവശംവച്ചു കൃഷിചെയ്യുന്നവർക്കു മാത്രമാണ് ഇൗ മേഖലയിൽ ഭൂപതിവു ചട്ടപ്രകാരം പട്ടയം അനുവദിക്കുക. കൃഷിക്കാരാണെന്നും സ്ഥിരതാമസക്കാരാണെന്നും തെളിയിക്കുന്നതിനുവേണ്ടി തമിഴ് വംശജരായ പട്ടികജാതിക്കാരെ ഭൂമാഫിയ ആയുധമാക്കും. പട്ടികജാതിക്കാരുടെപേരിൽ വ്യാജ അപേക്ഷകൾ നൽകിയശേഷം റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ചു പട്ടയം തരപ്പെടുത്തുകയാണു ഭൂമാഫിയ ആദ്യം ചെയ്യുക. പട്ടയം ലഭിച്ചശേഷം പവർ ഓഫ് അറ്റോർണിയിലൂടെ (മുക്ത്യാർ) നേരിട്ടോ, വിശ്വസ്തരുടെ പേരിലോ ഭൂമി കൈവശപ്പെടുത്തും. കൃഷിചെയ്യുന്നതിനും ആദായമെടുക്കുന്നതിനും വസ്തു പണയപ്പെടുത്തി ബാങ്കിൽനിന്നു വായ്പയെടുക്കുന്നതിനും തീറാധാരം വിൽക്കുന്നതിനും അധികാരം നൽകിയാണു കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ മുക്ത്യാർ തയാറാക്കുക. മൂന്നുവർഷത്തിനുശേഷം ആധാരം റജിസ്റ്റർ ചെയ്തു സ്ഥലം സ്വന്തമാക്കും.

കൊട്ടാക്കമ്പൂർ – വട്ടവട മേഖലകളിൽ മാത്രമാണു വസ്തു പണയപ്പെടുത്തുന്നതിനും വിൽക്കുന്നതിനും അധികാരം നൽകിയുള്ള പവർ ഓഫ് അറ്റോർണി തയാറാക്കുന്നത്. ഇത്തരത്തിൽ ഭൂമി കൈവശപ്പെടുത്തിയതിനാണു ജോയ്സ് ജോർജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും 28 ഏക്കർ ഭൂമിയുടെ പട്ടയം ദേവികുളം സബ് കലക്ടർ റദ്ദാക്കിയത്. 1988 ൽ പൂർത്തിയായ റീസർവേ രേഖകൾ പ്രകാരം, വട്ടവട–കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58 ൽ 1971 നു മുൻപ് ആരുടെയും കൈവശം ഭൂമിയില്ലെന്നു വ്യക്തമായിരുന്നു. ഇതോടെയാണു ഭൂമാഫിയയുടെ കള്ളക്കളികൾ പുറത്തായത്.

വിവാദം പൂക്കുന്ന രാഷ്ട്രീയം
ഇടുക്കിയിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നങ്ങളുടെ മൂലകാരണം കയ്യേറ്റമോ കുടിയേറ്റമോ അല്ല. മന്ത്രി എം.എം. മണി നിരന്തരം സിപിഐയെ കുത്തിനോവിക്കുന്നതിലുള്ള അമർഷമാണു പാർട്ടി ജില്ലാ നേതൃത്വം പ്രകടിപ്പിക്കുന്നത്.

സിപിഐക്കു കാര്യമായ സ്വാധീനമുള്ള തോട്ടംമേഖലകളിലാണു മണിയുടെ കടന്നാക്രമണമെന്നതു സിപിഐയെ സംബന്ധിച്ചിടത്തോളം അനുവദിച്ചുകൊടുക്കാൻ പറ്റുന്ന കാര്യമല്ല. ഇടുക്കിയിലെ പ്രശ്നങ്ങളെ തീർത്തും രാഷ്ട്രീയ പ്രശ്നമാക്കി ലഘൂകരിക്കുന്നതിന് ഇതു ന്യായീകരണമല്ല. റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ റവന്യു വകുപ്പിൽ നടത്തുന്ന ഇടപെടലുകളിലും സിപിഐക്ക് കടുത്ത അമർഷമുണ്ട്. അതെല്ലാം ചേർന്നാണു നീലക്കുറിഞ്ഞിയുടെപേരിൽ വിവാദമായി പൂത്തുലയുന്നത്.

ആർക്കും വരാം, എന്തു രേഖയും എടുക്കാം; ഇത് കൊട്ടാക്കമ്പൂർ വില്ലേജ് ഓഫിസ് !

കൊട്ടാക്കമ്പൂർ വില്ലേജ് ഓഫിസ്.


ഭൂരേഖകൾ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നതിനു കുപ്രസിദ്ധമാണു വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജ് ഓഫിസ്. ഇവിടെ വില്ലേജ് ഓഫിസറില്ലാതായിട്ടു മൂന്നുമാസം. സ്പെഷൽ വില്ലേജ് ഓഫിസറുടെ തസ്തികയും മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർ മാത്രമാണു നിലവിലുള്ളത്. സ്വന്തമായി വില്ലേജ് ഓഫിസറില്ലാത്തതിനാൽ മൂന്നു കിലോമീറ്റർ അകലെയുള്ള വട്ടവട വില്ലേജ് ഓഫിസർക്കാണു കൊട്ടാക്കമ്പൂർ വില്ലേജ് ഓഫിസിന്റെ ചുമതല നൽകിയിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ സ്ഥലംവിടുന്ന ഉദ്യോഗസ്ഥർ, ചൊവ്വാഴ്ചയാണു തിരിച്ചെത്തുന്നതെന്നു പരാതിയുണ്ട്. ഇൗ സമയങ്ങളിൽ ഓഫിസിലെ തൂപ്പുകാരിയാണ് ഓഫിസ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്. പലപ്പോഴും കൊട്ടാക്കമ്പൂർ വില്ലേജ് ഓഫിസിൽ ജീവനക്കാരില്ലെന്ന പരാതിയും വ്യാപകമാണ്. ഇവരുടെ അസാന്നിധ്യത്തിൽ, ആർക്കുവേണമെങ്കിലും ഇവിടെ കയറി രേഖകൾ കൈക്കലാക്കാനാകുമെന്ന സ്ഥിതിയുമുണ്ട്. ഇതേക്കുറിച്ചു പരാതികൾ ലഭിച്ചതിനെ തുടർന്ന് ഇടുക്കി കലക്ടർ അന്വേഷണം നടത്തിവരികയാണ്.

30 വർഷത്തിലേറെ പഴക്കമുള്ള ഓഫിസ് മഴക്കാലത്തു ചോർന്നൊലിക്കും. പട്ടയ അപേക്ഷകൾ രേഖപ്പെടുത്തുന്ന നമ്പർ വൺ റജിസ്റ്ററും പട്ടയം നൽകിയാൽ പേരുവിവരം രേഖപ്പെടുത്തുന്ന നമ്പർ രണ്ട് റജിസ്റ്ററും ഓഫിസിൽനിന്ന് അപ്രത്യക്ഷമായിരുന്നു. മാസങ്ങൾക്കുശേഷം ഇവ തിരിച്ചെത്തി. ഇടുക്കി എംപി ജോയ്സ് ജോർജിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ ഉൾപ്പെടുന്ന റജിസ്റ്ററുകളാണു മുങ്ങിയതും പൊങ്ങിയതും.

എന്താണ് നീലക്കുറിഞ്ഞി?


സ്ട്രൊബൈലാന്തസ് കുന്തിയാനസ് എന്നാണു ശാസ്ത്രീയ നാമം. 12 വർഷത്തിലൊരിക്കൽ കൂട്ടത്തോടെ പൂക്കുന്ന ചെടിയാണു നീലക്കുറിഞ്ഞി. കുറിഞ്ഞി ജനുസിൽ 250 സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 46 സ്പീഷീസുകൾ ഇന്ത്യയിലുണ്ട്. എല്ലാ കൊല്ലവും പൂക്കുന്ന കുറിഞ്ഞികൾ മുതൽ 16 വർഷത്തിലൊരിക്കൽ പൂക്കുന്ന സ്പീഷീസും ഇക്കൂട്ടത്തിലുണ്ട്.

ഒരു ചെടിക്കുവേണ്ടി ആദ്യത്തെ വന്യജീവി സങ്കേതം


ഒരു ചെടിയെ സംരക്ഷിക്കാൻ വേണ്ടി കേരളത്തിൽ ആദ്യമായാണ് ഒരു വന്യജീവി സങ്കേതം പ്രഖ്യാപിക്കുന്നത്. സിപിഎം – സിപിഐ രാഷ്ട്രീയ തർക്കത്തിലുപരി കുറിഞ്ഞിസങ്കേതം പ്രഖ്യാപിച്ചതിനു പിന്നിൽ ചില പാരിസ്ഥിതിക ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു. വിജ്ഞാപനം ചെയ്ത മേഖലയിൽ നീലക്കുറിഞ്ഞി മാത്രമല്ല മറ്റ് ഒട്ടേറെ സസ്യങ്ങളും ജന്തുക്കളുമുണ്ട്. ഇതിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്.

ഈ മേഖലയിൽ കാണുന്ന സസ്തനികൾ
1. സിംഹവാലൻ കുരങ്ങ്
(വംശനാശ ഭീഷണി നേരിടുന്നു, പശ്ചിമഘട്ടത്തിലെ
തദ്ദേശീയ ജീവി)
2. കടുവ (വംശനാശ ഭീഷണി നേരിടുന്നു)
3. മലയണ്ണാൻ
4. ആന
5. കാട്ടുപോത്ത്
6. കരിങ്കുരങ്ങ്
7. മരപ്പട്ടി
8. കാട്ടുനായ്
9. മ്ലാവ്
10. പുള്ളിപ്പുലി

പക്ഷികൾ
14 സ്പീഷീസുകളെ പെട്ടെന്നു നടത്തിയ സർവേയിൽ കണ്ടെത്തി. പൂർണമായ പട്ടിക തയാറാക്കാൻ വിശദമായ സർവേ നടത്തണമെന്നു മാനേജ്മെന്റ് പ്ലാനിൽ ശുപാർശ.

ഉരഗങ്ങൾ
എട്ടു സ്പീഷീസുകളെ കണ്ടെത്തി. മൂന്നിനം തവളകൾ, രണ്ടിനം അരണകൾ, രണ്ടിനം ഓന്തുകൾ, ഒരിനം പാമ്പ് എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

ചിത്രശലഭങ്ങൾ
100 സ്പീഷീസുകൾ. ലൈബതിയ ലെപിറ്റ, പാന്റോപോറിയ രംഗ, രൊഹാന പാരിസാറ്റിസ്, സിപോഇറ്റിസ് സായിറ്റിസ്, ജാമിഡെസ് അലക്റ്റോ തു‍ടങ്ങിയ അപൂർവ ഇനങ്ങളും ഇവിടെയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

സെന്റിന് 8,000 മുതൽ 15,000 വരെ


ഭൂമാഫിയയ്ക്ക് ‘വളക്കൂറുള്ള മണ്ണാണ്’ കൊട്ടാക്കമ്പൂർ. കള്ളപ്പണം വെളുപ്പിക്കാനും യൂക്കാലിപ്റ്റസ് കൃഷിക്കുമായാണ് ഇവിടെ പലരും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്നത്. കൊട്ടാക്കമ്പൂർ മേഖലയിൽ സെന്റിന് 8000 മുതൽ 15000 രൂപ വരെയാണു വില. ബ്രോക്കർമാരായി പ്രവർത്തിക്കുന്നതു പ്രാദേശിക നേതാക്കൾ. ഭൂമി വാങ്ങിയശേഷം വൻതോതിൽ യൂക്കാലിപ്റ്റസ് കൃഷി നടത്തുകയാണു പതിവ്. നട്ട് ആറാം വർഷം യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചുമാറ്റാം. വൻ തുകയാണു മരവിൽപനയിലൂടെ ലഭിക്കുന്നത്. വീണ്ടും തൈകൾ നടേണ്ടെന്നതും ഇവിടെ ഭൂമി വാങ്ങാൻ പലരെയും പ്രേരിപ്പിക്കുന്നു.

നാളെ:
മരം കണ്ട്, കാടു കാണാതെ പോകുന്നവർ