കുറിഞ്ഞിപ്പൂവിളി ഉയരുമ്പോൾ

മൂന്നാർ മലനിരകളിൽ പന്ത്രണ്ടു വർഷത്തിനുശേഷം മറ്റൊരു നീലവസന്തം കൂടി വിരുന്നെത്തുകയാണ്. നിശ്ചിത ഇടവേളയിൽ പ്രകൃതി ഒരുക്കുന്ന ഈ വിസ്മയപ്പൂക്കാലം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള സഞ്ചാരികൾ എത്തുമ്പോൾ അവർക്കായി മൂന്നാർ കാര്യമായൊന്നും ഒരുങ്ങിയിട്ടില്ലെന്നതാണ് യാഥാർഥ്യം. അടിസ്ഥാനസൗകര്യങ്ങളിൽ മുതൽ ഇവിടേക്കുള്ള പാതകളിൽവരെ പോരായ്മകൾ തെളിഞ്ഞുനിൽക്കുമ്പോൾ ആത്മവിശ്വാസത്തോടെ നമുക്കെങ്ങനെ സഞ്ചാരികളെ വിരുന്നുവിളിക്കാൻ കഴിയും?

ഏറ്റവും ഒടുവിലായി മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തത് 2006ലാണ്. ഈ ഓഗസ്റ്റിലാണ് ഇനി നീലപ്പൂക്കാലം വരവറിയിക്കുക. പിന്നെ, മൂന്നു മാസത്തോളം ഇവിടെ നീലക്കുറിഞ്ഞിയുടെ പുഷ്പോൽസവമാവും. കയ്യേറ്റങ്ങളും കാട്ടുതീയും മൂന്നാർ മലനിരകളിലെ കുറിഞ്ഞികളുടെ ആവാസവ്യവസ്ഥയെ ഇതിനകം തകിടം മറിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂത്തുനിന്ന പല പുൽമേടുകളിലും ഇന്നു കുറിഞ്ഞിച്ചെടികൾ അപൂർവകാഴ്ച മാത്രമായിക്കഴിഞ്ഞു.

കുറിഞ്ഞിസംരക്ഷണം ലക്ഷ്യമിട്ട് 2007ൽ, മൂന്നാറിനടുത്ത വട്ടവടയിൽ നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചെങ്കിലും തർക്കങ്ങളിലും പ്രാദേശിക എതിർപ്പുകളിലും പെട്ട് ഈ പദ്ധതി ഇപ്പോഴും യാഥാർഥ്യമാകാതെ കിടക്കുകയാണ്. വനം വകുപ്പിന്റെ സംരക്ഷിത മേഖലയായ ഇരവികുളം ദേശീയോദ്യാനത്തിൽ മാത്രമാണ് ഇന്നു നീലക്കുറിഞ്ഞിച്ചെടികൾ കൂട്ടത്തോടെ കാണാനാകുക. 2006ൽ നീലക്കുറിഞ്ഞി പൂത്തുലഞ്ഞ മൂന്നു മാസക്കാലയളവിൽ അഞ്ചു ലക്ഷം സഞ്ചാരികൾ മൂന്നാറിലെത്തിയെന്നാണു വിനോദ സഞ്ചാര വകുപ്പിന്റെ കണക്ക്. ഇത്തവണ അത് ഇരട്ടിയിലേറെയാകുമെന്നാണു പ്രതീക്ഷ.

സഞ്ചാരികളുടെ എണ്ണം ഇരട്ടിയാവുമ്പോഴും അവർക്കുള്ള സൗകര്യങ്ങൾ പരിമിതമായിത്തന്നെ തുടരുന്നതാണു കഷ്ടം. മൂന്നാറിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ, മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗം നവീകരണത്തിനായി അടച്ചിട്ടിരിക്കുന്നതു സഞ്ചാരികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. മൂന്നാർ ടൗണിലെ ഇടുങ്ങിയ റോഡുകൾ യാത്രക്കാരുടെ സമയം ഏറെ കവരുന്നുമുണ്ട്. 2006ൽ ഇവിടെയെത്തിയ സഞ്ചാരികൾ മണിക്കൂറുകളോളം വാഹനക്കുരുക്കിൽ അകപ്പെട്ടിരുന്നു. അന്നു മൂന്നാറിലെത്തിയ വാഹനങ്ങളുടെ ഇരട്ടിയിലേറെയാകും ഇത്തവണയെന്നിരിക്കെ, ഗതാഗതനിയന്ത്രണം കൈവിട്ടുപോകുമെന്നാണ് ആശങ്ക.

മൂന്നാറിലെത്തുന്ന ഇടത്തരക്കാരായ സഞ്ചാരികൾക്കു കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുമെന്നു വിനോദ സഞ്ചാര വകുപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതു യാഥാർഥ്യമായിട്ടില്ല. സഞ്ചാരികളുടെ തിരക്കു മുതലെടുത്ത് മൂന്നാറിൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതു നിയന്ത്രിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല.

വൃത്തിയുള്ള പൊതുശുചിമുറികൾപോലും ഇപ്പോഴും മൂന്നാറിൽ തീരെ കുറവാണ്. ഇതിനൊക്കെ പുറമേയാണ്, അനുദിനം സങ്കീർണമാവുന്ന മാലിന്യപ്രശ്നം. കുറിഞ്ഞിപ്പൂക്കാലമാകുന്നതോടെ മാലിന്യത്തോത് ഇരട്ടിയാകും. ഇവ ശേഖരിച്ചു നിർമാർജനം ചെയ്യുന്ന കാര്യത്തിൽ പ്രത്യേക പദ്ധതികളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. 

നീലക്കുറിഞ്ഞി പൂക്കാൻ ഇനി മൂന്നു മാസം മാത്രം ശേഷിക്കെ, മൂന്നാറിലെ അടിസ്ഥാന സൗകര്യ വികസനം കടലാസിൽ മാത്രമായി തുടർന്നുകൂടാ. ഇതു സംബന്ധിച്ചു യോഗങ്ങൾ മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും നടപടികൾ ദ്രുതഗതിയിലാകേണ്ടതുണ്ട്. ദീർഘമായ കാത്തിരിപ്പിനൊടുവിലെത്തുന്ന കുറിഞ്ഞിക്കാലം പരാതിരഹിതമാകാൻ ജില്ലാ ഭരണകൂടം, വിനോദ സഞ്ചാര വകുപ്പ്, പ്രാദേശിക ഭരണകൂടം എന്നിവർ ഒറ്റക്കെട്ടായി പ്രയത്നിച്ചേ തീരൂ. ദൂരങ്ങളിൽനിന്നുപോലും എത്തുന്ന സഞ്ചാരികൾ മൂന്നാറിന്റെ ദുർമുഖമല്ല കാണേണ്ടത്. 

കാലങ്ങളായി സമഗ്രവികസനം കാത്തുകിടക്കുകയാണു രാജ്യത്തിന്റെ അഭിമാനമായ ഈ വിനോദസഞ്ചാര കേന്ദ്രം. ആ കാത്തിരിപ്പ് ഇനിയും വൈകിക്കൂടാ. അതേസമയം, ആ വികസനം അനധികൃത കയ്യേറ്റക്കാരെ സന്തോഷിപ്പിക്കുന്നതാവാനും പാടില്ല.