സിപിഎമ്മിന്റെ ചെങ്ങന്നൂർ മാതൃക

ലോക്സഭാ തിരഞ്ഞെടുപ്പിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞ സിപിഎം നേതൃത്വത്തിനു പാർട്ടി പ്രവർത്തകരോട് ഇപ്പോൾ ഒന്നേ പറയാനുള്ളൂ: ‘ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു മാതൃകയാക്കുക. അതുപോലെ പ്രവർത്തിക്കുക’. പാർട്ടിയുടെ ശിൽപശാലകളിലും റിപ്പോർട്ടിങ്ങിലും ആവർത്തിച്ചു മുഴങ്ങുന്ന വാക്കുകളാണിത്. ചെങ്ങന്നൂരിൽ സജി ചെറിയാനെ എങ്ങനെ വൻ ഭൂരിപക്ഷത്തിനു വിജയിപ്പിച്ചോ അതുപോലെ 20 ലോക്സഭാ മണ്ഡലങ്ങളിലും പരിശ്രമിക്കുക എന്നതു മാത്രമല്ല, ഈ ഉപദേശത്തിനു പിന്നിൽ. അതിനപ്പുറത്തുള്ള ഒരു വിസ്മയം മനസ്സിലാക്കണമെങ്കിൽ സിപിഎം സംസ്ഥാന കമ്മിറ്റി തയാറാക്കിയ ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് അവലോകനരേഖ വായിക്കണം. രാഷ്ട്രീയ എതിരാളികളായ യുഡിഎഫിനും ബിജെപിക്കുമുള്ള മുന്നറിയിപ്പുകൂടി അതിലടങ്ങുന്നു.

ചെങ്ങന്നൂരിൽ പാർട്ടി വിചാരിച്ചത് അതേപടി നടന്നുവെന്നതിന്റെ തെളിവാണ് ആ റിപ്പോർട്ട്. സസ്പെൻസ് നീട്ടുന്നില്ല. താഴെനിന്നു ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ പാർട്ടിക്കുള്ളിൽ സിപിഎം പ്രവചിച്ച ഭൂരിപക്ഷം – 21,098. സജിക്കു കിട്ടിയത് – 20,956. വെറും 142 വോട്ടിന്റെ വ്യത്യാസം മാത്രം!  ഓരോ മുന്നണിക്കും സിപിഎം കണക്കാക്കിയ വോട്ടും യഥാർഥത്തിൽ ലഭിച്ചതും (ബ്രാക്കറ്റിൽ): എൽഡിഎഫ് – 67821 (67,303), യുഡിഎഫ് – 51617 (46347), ബിജെപി – 35824 (35270). തെറ്റിയതു യുഡിഎഫിന്റെ കാര്യത്തിൽ മാത്രം. 

പിഴവിനൊടുവിലെ ശരി

യഥാർഥത്തിൽ ശാപമോക്ഷം പോലെയാണ് ഇതു സിപിഎം കാണുന്നത്. തിരഞ്ഞെടുപ്പുകളിൽ പാർട്ടിതല കണക്കുകൾക്കു പ്രവചനസ്വഭാവമുണ്ടായിരുന്ന ചരിത്രം സമീപകാലത്തു വഴിമാറിയിരുന്നു. തോൽവികൾപോലെ, തെറ്റിപ്പോയ കണക്കുകളും സിപിഎമ്മിനെ വല്ലാതെ നോവിച്ചു. ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിലുകൾക്കപ്പുറം ജയിക്കുമെന്നു വിചാരിച്ച സീറ്റ് തോൽക്കുന്നതും തോൽക്കുമെന്നു കരുതിയ സീറ്റ് ജയിക്കുന്നതും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കണ്ടു നേതൃത്വം ഞെട്ടി. ഇതിൽനിന്നു കേന്ദ്ര കമ്മിറ്റിയടക്കം വിലയിരുത്തിയതു മറ്റൊന്നുമല്ല: ജനകീയബന്ധത്തിൽ ചോർച്ച സംഭവിച്ചിരിക്കുന്നു. 

അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കണക്കുകൾ പിഴച്ചത്, ഒന്നും രണ്ടുമല്ല, പന്ത്രണ്ടായിരം വോട്ടാണ്. 2014ൽ തിരുവനന്തപുരത്തു ബന്നറ്റ് ഏബ്രഹാം 25,000 വോട്ടിനു ജയിക്കുമെന്നു കണക്കുകൂട്ടി നാണംകെട്ടതും മറ്റാരുമല്ല. എ.വിജയരാഘവന്റെ അന്വേഷണത്തിൽ 600% വരെ വ്യത്യാസംവന്ന മേഖലകളുണ്ടെന്നു കണ്ടെത്തി. ജനമനസ്സറിയാൻ കഴിയാതെപോകുന്നതിന്റെ സാക്ഷ്യപത്രങ്ങളായി ഈ തോൽവികളും കണക്കുകളും മാറി. അതിൽനിന്നൊരു മാറ്റമാണു ചെങ്ങന്നൂർ സമ്മാനിച്ചത്. ‘‘ജയിക്കാൻ കുറുക്കുവഴികളൊന്നുമില്ല. ജനങ്ങളോടു സംവദിക്കുക, അടുത്തു പെരുമാറുക, മനസ്സിലാക്കാൻ ശ്രമിക്കുക. അതാണു ചെങ്ങന്നൂരിൽ ചെയ്യാൻ ശ്രമിച്ചത്’’–: മണ്ഡലത്തിന്റെ മുഖ്യ ചുമതലയുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ വിശദീകരിച്ചു.

പ്രാഥമിക വിലയിരുത്തലിൽ സജിക്കു കിട്ടുമെന്നു കരുതിയത് 59279 വോട്ടാണ്. അതു വിജയം ഉറപ്പാക്കില്ലെന്നു തോന്നിയതോടെ, ഓരോ ബൂത്തിൽനിന്നും കിട്ടാവുന്നതിനു പുറമേ ഒരു നിശ്ചിത വോട്ട് അധികമായി സമാഹരിക്കാനുള്ള പദ്ധതി തയാറാക്കി. ഈ ജോലികൂടി പൂർത്തിയാക്കിയശേഷമുള്ള രണ്ടാമത്തെ കണക്കിലാണു വോട്ട് 67821 ആയി ഉയർന്നത്. 

തിരിച്ചറിവ് കരുത്താക്കി 

ചെങ്ങന്നൂരിൽനിന്നു നല്ല പാഠങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളോ എന്നു ചോദിച്ചാൽ അങ്ങനെയല്ല. സംഘടനാദൗർബല്യം തുടക്കത്തിൽ പ്രകടമായിരുന്നു. വലിയൊരു ശതമാനം പാർട്ടി അംഗങ്ങൾ പ്രവർത്തനരംഗത്തേക്കു വരുന്നില്ലെന്നുകണ്ടു. മണ്ഡലം സെന്ററിന്റെ പ്രവർത്തനം തൃപ്തികരമായിരുന്നില്ല. ഏരിയാ കമ്മിറ്റി, ലോക്കൽ പ്രവർത്തകരെ വിന്യസിച്ചപ്പോൾ ചിലർ ഒഴികഴിവുകൾ പറഞ്ഞു തിരിച്ചുപോകുന്ന അവസ്ഥവരെയുണ്ടായി. മണ്ഡലത്തിൽ ആദ്യന്തമുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ‍ പ്രശ്നങ്ങളോരോന്നും തിരിച്ചറിഞ്ഞു പരിഹരിച്ചതാണു കുതിച്ചുയർന്ന ഭൂരിപക്ഷത്തിന് അടിത്തറയായത്. 

റിപ്പോർട്ടിലെ ഈ വരികളിലാണു യഥാർഥ വിജയമന്ത്രം: ‘വ്യക്തികേന്ദ്രീകൃതമായി വോട്ടു തേടുന്നതിനു വേണ്ടിയുള്ള സ്ക്വാഡ് പ്രവർത്തനം ആദ്യം മുതൽ ചിട്ടപ്പെടുത്തി’. ഇതു സിപിഎം ഈയിടെ വരുത്തിയ മാറ്റമാണ്. കാടിളക്കിയുള്ള പ്രചാരണരീതികൾ കുറച്ചു. പകരം വോട്ടർമാരിലേക്കും വീടുകളിലേക്കും കേന്ദ്രീകരിക്കുന്നു. അതു പൂർണതയിലെത്തുന്ന ഘട്ടത്തിൽ പൊതുയോഗങ്ങൾ. സംഘടനയ്ക്കു പുറത്തോ? എല്ലാ സാമുദായിക വിഭാഗങ്ങളെയും കയ്യിലെടുക്കാൻ പ്രത്യേക അടവുകൾ. അതിനു സർക്കാരിന്റെ പരിധിവിട്ട സഹായം. ‘എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ്, വിശ്വകർമ വിഭാഗങ്ങളെല്ലാം പൊതുവിൽ പിന്തുണച്ചു. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനത്തിന്റെ കൂടെ സജി ചെറിയാന്റെ സ്ഥാനാർഥിത്വം കൂടിയായപ്പോൾ അനുകൂലമാറ്റം പ്രകടമായി. ക്രിസ്തീയ സഭകളുടെ എതിർപ്പ് ഉണ്ടായില്ല, അനുകൂല സാഹചര്യമുണ്ടാകുകയും ചെയ്തു’– റിപ്പോർട്ട് സ്വയം സംസാരിക്കുന്നു. 

ആധുനിക ഇലക്‌ഷൻ മാനേജ്മെന്റിലേക്കാണു ചെങ്ങന്നൂരോടെ സിപിഎം കടന്നിരിക്കുന്നത്. വിജയിക്കാനായി ഏതു വഴിയും തേടും. അതിനു പഴയ പാർട്ടി മാമൂലുകളൊന്നും ബാധകമല്ല. ഒപ്പം ചെങ്ങന്നൂർ പോലെ ഒരു പ്രദേശത്തു സംഘടനയെ എണ്ണയിട്ട യന്ത്രമാക്കാനും പാർട്ടിക്കായിരിക്കുന്നു. ഇതു തിരിച്ചറിഞ്ഞുള്ള പുതിയ മാതൃകകൾ എതിരാളികൾ സ‍ൃഷ്ടിക്കേണ്ടിവരും.