‘സന്തോഷിക്കാനുള്ള വക’ എവിടെ?

ഇക്കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്തെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷാ, ഒരു ചോദ്യം ഉയർന്നപ്പോൾ ഒട്ടും സംശയമില്ലെന്ന ഭാവത്തോടെ മറുപടി നൽകി: ‘അക്കാര്യത്തിൽ ആശങ്ക വേണ്ട. നിങ്ങൾക്കു സന്തോഷിക്കാനുള്ള വക വൈകാതെയുണ്ടാകും’. ഇന്ധനവില അടിക്കടി ഉയരുന്നതിന് ഇനിയും പ്രതിവിധി തേടാത്തത് എന്തുകൊണ്ടെന്ന സംശയത്തിനായിരുന്നു ഈ ഉറപ്പ്. 

സാധാരണഗതിയിൽ ശക്തനായ പാർട്ടി പ്രസിഡന്റിനോട് അങ്ങോട്ടു ചോദിക്കാനൊന്നും ആരും ധൈര്യപ്പെടാത്തതാണ്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലക്കാരുടെയും കൺവീനർമാരുടെയും യോഗത്തിൽ തിരഞ്ഞെടുപ്പു സാധ്യതകളെക്കുറിച്ചു ഷാ വാചാലനായപ്പോൾ ചോദിച്ചുപോയി. ‘പ്രസിഡന്റ് പറഞ്ഞതെല്ലാം ശരി. ഞങ്ങൾ തീർച്ചയായും ശ്രമിക്കാം. പക്ഷേ, പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം കേട്ട് ഞങ്ങൾ പൊറുതിമുട്ടി’. 

ഷാ വാക്കു കൊടുത്തു പോയിട്ടു മാസം രണ്ടു കഴി‍ഞ്ഞു. സന്തോഷിക്കാനോ പ്രതീക്ഷിക്കാനോ ഉള്ള വക കേന്ദ്രം തന്നില്ല. കൊച്ചിയിൽ ഇന്നു ചേരുന്ന ബിജെപി സംസ്ഥാന കൗൺസിൽ യോഗത്തെ ഗ്രസിച്ചു നിൽക്കുന്നതും മറ്റൊന്നായിരിക്കില്ല. അവിടെയെത്തുന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ കാത്തുനിൽക്കുന്ന ചോദ്യവും കത്തുന്ന പെട്രോൾ വിലയിൽ വെള്ളമൊഴിക്കാൻ കേന്ദ്രം തയാറുണ്ടോ എന്നതുതന്നെയായിരിക്കും.  ‍

കൈകോർത്ത് കോൺഗ്രസും സിപിഎമ്മും

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ വജ്രായുധം ഇന്ധനവില വർധനയും അനുബന്ധ വിലക്കയറ്റവുമാകും എന്നതിന്റെ വ്യക്തമായ വിളംബരമായിരുന്നു സെപ്റ്റംബർ പത്തിലെ  ഭാരതബന്ദ്. കേരളത്തിൽ പരസ്പരം പോരാടുന്ന കോൺഗ്രസിനും സിപിഎമ്മിനും അതിനായി കൈകോർക്കാൻ വിമ്മിട്ടം ഉണ്ടായില്ല. പ്രളയദുരിത പശ്ചാത്തലം പോലും ഹർത്താലിൽനിന്ന് അവരെ പിന്നോട്ടു വലിച്ചില്ല. എഐസിസിയിൽ നിന്ന് ഈ ആഹ്വാനം ലഭിച്ചപ്പോൾ കേരളത്തിൽ പ്രതിഷേധം വേണോയെന്ന ചിന്ത ഇവിടെ കോൺഗ്രസ് നേതൃത്വത്തിലുണ്ടായി. ഇടതുപാർട്ടികൾ കൂടി പിന്തുണച്ചതോടെ പുനരാലോചനയുടെ ആവശ്യമില്ലെന്നു സംസ്ഥാന നേതൃത്വം തീരുമാനിച്ചു. പിൻവാങ്ങാൻ യുഡിഎഫ് തയാറായാൽ ഭരണസംസ്ഥാനമായ ഇവിടെ ഒഴിവാക്കാമെന്ന അഭിപ്രായമായിരുന്നു സിപിഎമ്മിന്റേത്. ഇരുകൂട്ടരും അതിനിടെ ഒരു മത്സരത്തിലുമേർപ്പെട്ടിരുന്നു. ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നവരെന്ന വിശേഷണം ഇരുവർക്കും വേണ്ടിയിരുന്നു. അതിനപ്പുറം, ഇന്ധനവിലയിലെ കയറ്റം ജനങ്ങളിലുണ്ടാക്കിയിരിക്കുന്ന പ്രതിഷേധം അവർക്ക് അവഗണിക്കാനും കഴിയുമായിരുന്നില്ല.

ബിജെപി ഇവിടെ നേരിടുന്ന പ്രധാന പ്രതിസന്ധി മറ്റൊന്നുമല്ല. സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലകളിലും കഴിഞ്ഞയാഴ്ച നടത്തിയ ധർണകളിൽ പങ്കാളിത്തമുണ്ടായിരുന്നു. പക്ഷേ, ആവേശത്തിന്റെ അഭാവമുണ്ടെന്നു നേതാക്കൾ സമ്മതിക്കുന്നു. ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന ഇന്ധനവില ഉണർത്തുന്ന ചോദ്യങ്ങൾ പാർട്ടിയെ കുഴക്കുന്നു. ചാനൽ ചർച്ചകളിൽ വിശദീകരിച്ചും വ്യാഖ്യാനിച്ചും ഒരു വക്താവിന്റെ ജോലി പോയി. ഒന്നാന്തരം ക്രിമിനിൽ അഭിഭാഷകനായ പുതിയ പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയ്ക്കു വരെ നിലവിട്ടു. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളൊന്നും പാലിക്കാനുള്ളതല്ലെന്ന് മുഖം കാക്കാൻ അദ്ദേഹം തട്ടിവിട്ടു.

നികുതി തന്നെ പഥ്യം

രണ്ടു രക്ഷാസാധ്യതകളാണു നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയിൽപെടുത്തുമെന്നതാണ് ആദ്യത്തേത്. യുപിഎയുടെ കാലത്തെക്കാൾ ഒൻപതു തവണ കൂട്ടിയ എക്സൈസ് ഡ്യൂട്ടിയിൽ കേന്ദ്രം ഇളവു വരുത്തിയേക്കാമെന്നതു രണ്ടാമത്തേത്. ജിഎസ്ടി സാധ്യത ഏറെ നാളായി ചർച്ചയിലുള്ളതാണെങ്കിലും ഇന്നേവരെ അക്കാര്യം പ്രാഥമികമായി പോലും ജിഎസ്ടി കൗൺസിൽ പരിഗണിച്ചിട്ടില്ല. സംസ്ഥാനത്തിനുള്ള നികുതിയും അതുവഴി ഗണ്യമായി കുറയുമെന്നതിനാൽ ധനമന്ത്രി തോമസ് ഐസക് എതിർക്കുന്നെന്നാണ് ബിജെപി പ്രചാരണം. 41 അംഗ കൗൺസിലിൽ തന്റെ ഒറ്റവോട്ടു കൊണ്ട് എന്താകാനാണെന്ന് ഐസക്കിന്റെ മറുചോദ്യം. അധികനികുതി സംസ്ഥാനം വേണ്ടെന്നുവയ്ക്കാത്തതാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന ന്യായത്തിനും ബിജെപി ക്യാംപ് ശ്രമിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങൾ ആ പാത പിന്തുടർന്നിട്ടുണ്ടെങ്കിലും പ്രളയാനനന്തര സാഹചര്യം കൂടി ചൂണ്ടിക്കാട്ടി അതിനുള്ള കഴിവില്ലെന്നു ന്യായീകരിക്കുന്നു സംസ്ഥാന ധനമന്ത്രി. ഒഴുകിയെത്തുന്ന നികുതിപ്പണം വേണ്ടെന്നുവയ്ക്കാൻ കേന്ദ്രത്തിനും സംസ്ഥാനത്തിനും വിമുഖതയുണ്ടെന്നതാണു യാഥാർഥ്യം. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 20% വോട്ടും, ഏതു സാഹചര്യത്തിലും രണ്ടു സീറ്റും എന്നതാണ് സംസ്ഥാന ബിജെപിക്കു കേന്ദ്രം നൽകിയിരിക്കുന്ന ‘ടാർഗറ്റ്’. ഭരണമുന്നണിയോടും മുഖ്യപ്രതിപക്ഷത്തോടും ഏറ്റുമുട്ടിക്കൊണ്ടാണ് ഇവിടെ അതു നേടേണ്ടത്. എണ്ണവില താഴോട്ടു വലിക്കാതെ ഇവിടെ ബിജെപിക്കു ജനങ്ങളെ സമീപിക്കുക എളുപ്പമാകില്ല. അമിത് ഷാ വാഗ്ദാനം ചെയ്ത ‘സന്തോഷിക്കാനുള്ള വക’ അവർക്കിപ്പോൾ നിലനിൽപിന്റെ പ്രശ്നമാണ്.