മഞ്ചേശ്വരം മാടിവിളിക്കുമ്പോൾ...

കേരള നിയമസഭയുടെ വെബ്സൈറ്റുൾപ്പെടെ നോക്കിയാൽ, 140 നിയമസഭാമണ്ഡലങ്ങളി‍ൽ ആദ്യം രേഖപ്പെടുത്തിയിരിക്കുന്നതാണു മഞ്ചേശ്വരം. അതുകൊണ്ടുതന്നെ, കേരളത്തിലെ ഒന്നാമത്തെ മണ്ഡലമെന്നാണു മഞ്ചേശ്വരത്തെ വിശേഷിപ്പിക്കുന്നത്. ആ ഒന്നാം മണ്ഡലം സംസ്ഥാന രാഷ്ട്രീയചരിത്രത്തിലെ 43–ാം നിയമസഭാ ഉപതിരഞ്ഞെടുപ്പിനു വേദിയാകുന്നു. വിധിയെഴുത്ത് ഈ ആറുമാസത്തിൽ എപ്പോഴെങ്കിലുമാകാം. പക്ഷേ, ഇനി കേരള രാഷ്ട്രീയത്തിലെ ഓരോ കയറ്റിറക്കത്തിനും മഞ്ചേശ്വരവുമായി ബന്ധമുണ്ടാകും. 

വേങ്ങരയിലെയും ചെങ്ങന്നൂരിലെയും ഉപതിരഞ്ഞെടുപ്പുകൾ പോലെയാകില്ല മഞ്ചേശ്വരത്തേത്. ചെങ്ങന്നൂരിൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പി.എസ്.ശ്രീധരൻപിള്ളയുടെ ഉജ്വല പോരാട്ടമാണ് ഇത്തവണയും കടുത്ത ത്രികോണമത്സരപ്രതീതി സൃഷ്ടിച്ചത്. എന്നിട്ടും രണ്ടുതവണയും മൂന്നാം സ്ഥാനത്തെത്താനേ ബിജെപിക്കു കഴി‍ഞ്ഞുള്ളൂ. മഞ്ചേശ്വരത്തെ ചിത്രം, കേരളത്തിലെ മറ്റു നിയമസഭാമണ്ഡലങ്ങളിൽ നിന്നു വ്യത്യസ്തം. 

1987 മുതലുള്ള ഏഴു തിരഞ്ഞെടുപ്പുകളിലും അവിടെ ബിജെപി രണ്ടാം സ്ഥാനത്താണ്. 1991ൽ കെ.ജി.മാരാർ തോറ്റത് 1072 വോട്ടിന്. 2016ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനു നിയമസഭ നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിൽ. വെറും 89 വോട്ടിന്റെ തോൽവി. 82 മുതൽ യുഡിഎഫിന്റെ തേരോട്ടമായിരുന്നുവെങ്കിലും, 2006ൽ സിപിഎമ്മും വിജയം രുചിച്ചിട്ടുണ്ട്. ചരിത്രം നോക്കിയാൽ, അപ്പോൾ ആർക്കും മഞ്ചേശ്വരത്തു ജയിച്ചുകയറാം. 

ജനവിധിക്കു മുൻപേ കോടതി വിധി ?

ആർക്കുവേണമെങ്കിലും അനുകൂലമാകാവുന്ന പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പു കേസിൽ വിധി വരുന്നതിനു മുൻപ് ജയിച്ച സ്ഥാനാർഥി മരണമടയുന്നു, ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ആ അത്യപൂർവതയാണു മഞ്ചേശ്വരത്തിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ജനകീയ കോടതിക്കു മുൻപ് ഹൈക്കോടതി എന്തു പറയുന്നുവെന്നതിലാണ് ഉദ്വേഗം. കള്ളവോട്ടിലൂടെ തന്നെ തോൽപിച്ചെന്നാണ് കെ.സുരേന്ദ്രന്റെ പരാതി. 

തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നല്ല, മറിച്ച് ജയിച്ച മുസ്‌ലിം ലീഗിലെ പി.ബി.അബ്ദുൽ റസാഖിനെ അയോഗ്യനാക്കി തന്നെ എംഎൽഎയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കള്ളവോട്ടിന്റെ പട്ടികയും സമർപ്പിച്ചു. അതിൽ 191 പേർ ഇതിനകം ഹൈക്കോടതിയിലെത്തി. ഇനിയും 70 പേരോളമുണ്ട്. അതിൽ ഭൂരിഭാഗവും വിദേശത്ത്. പരാതി പൊളിഞ്ഞുവെന്നു ബോധ്യമായപ്പോൾ നടപടിക്രമങ്ങൾ സുരേന്ദ്രൻ വെറുതെ നീട്ടിക്കൊണ്ടുപോകുകയാണെന്നു മുസ്‌ലിം ലീഗ്. അതല്ല, സാക്ഷികൾ കോടതിയിലെത്തുന്നതു തടഞ്ഞ് വിധി വൈകിപ്പിക്കുന്നതു ലീഗാണെന്നു ബിജെപി. ഇതിനിടെയാണ് വിജയിയായ അബ്ദുൽ റസാഖിന്റെ അപ്രതീക്ഷിത വിയോഗം. 

ശേഷിക്കുന്നത് രണ്ടു സാധ്യതകൾ. കേസിൽനിന്നു സുരേന്ദ്രൻ പിൻവാങ്ങുക. അല്ലെങ്കിൽ 3 – 4 മാസം നീളാവുന്ന കോടതി നടപടികൾ തീരാൻ കാത്തിരിക്കുക. എന്തു വേണമെന്നതിൽ സുരേന്ദ്രൻ നിയമോപദേശം തേടുന്നതേയുള്ളൂ. കേസ് ഇന്നു വീണ്ടും കോടതിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകന്റെ നിലപാടു നിർണായകം. സുരേന്ദ്രന് അനുകൂല വിധി വന്നാൽ ഉപതിരഞ്ഞെടുപ്പുതന്നെ ഉണ്ടാകണമെന്നില്ല. അപ്പോൾ, റസാഖിന്റെ അസാന്നിധ്യത്തിൽ ആര് അപ്പീൽ പോകുമെന്നതു ചോദ്യം. റസാഖ് തന്നെ വിജയിയെന്നു കോടതി തീർപ്പാക്കിയാൽ ആ തിരിച്ചടി ഉപതിരഞ്ഞെടുപ്പു സാധ്യതകളെ ബാധിക്കുമോയെന്നത് സുരേന്ദ്രനു കണക്കിലെടുക്കേണ്ടിയും വരും. തിരഞ്ഞെടുപ്പു കമ്മിഷനും കക്ഷിയായതിനാൽ കേസ് തീർപ്പാക്കുംമുൻപ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമോയെന്നതിലും അവ്യക്തതയുണ്ട്. ഈ നിയമയുദ്ധവുമായി ബന്ധപ്പെട്ട് അങ്ങനെ ഒരുപിടി സങ്കീർണതകളുണ്ട്. ചട്ടപ്രകാരം, 2019 ഏപ്രിൽ 19നു മുൻപ് ഉപതിരഞ്ഞെടുപ്പു നടത്തണം. 2014ൽ കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു നടന്നത് ഏപ്രിൽ 10ന്. അപ്പോൾ 2019ൽ രണ്ടും ഒരുമിച്ചാകുമോയെന്നതും തിരഞ്ഞെടുപ്പുകേസുമായി ബന്ധപ്പെട്ടിരിക്കുന്നു. 

തിരഞ്ഞെടുപ്പായാൽ 

മഞ്ചേശ്വരത്തെ വോട്ടർമാരിൽ പകുതി ഭൂരിപക്ഷ സമുദായത്തിൽപെട്ടവരാണ്. ബിജെപിക്കൊപ്പം സിപിഎമ്മും ആ വിഭാഗത്തിൽനിന്നൊരു സ്ഥാനാർഥിയെ നിർത്തുമ്പോൾ ആ വോട്ടുകൾ ഭിന്നിക്കുകയും മുസ്‌ലിം ലീഗ് സ്ഥാനാർഥി ജയിക്കുകയും ചെയ്യുന്നതാണ് പൊതുവിലെ ചിത്രം. 

മഞ്ചേശ്വരം മണ്ഡലത്തിലെ എൻമകജെ പഞ്ചായത്തിൽ ഈയിടെ ഒരു അദ്ഭുതം സംഭവിച്ചു. യുഡിഎഫും സിപിഎമ്മും ചേർന്ന് അവിശ്വാസപ്രമേയത്തിലൂടെ ബിജെപിയെ താഴെയിറക്കി, കോൺഗ്രസ് നോമിനിയെ പ്രസിഡന്റാക്കി. കാസർകോട് മണ്ഡലത്തിലെ കാറടുക്ക പഞ്ചായത്തിലും ഇതേ കൂട്ടുകെട്ട് ബിജെപിയെ പുറത്താക്കിയപ്പോൾ സിപിഎം അധികാരത്തിലെത്തി. ഇക്കഴിഞ്ഞദിവസം, ‌വോർക്കാടി സഹകരണബാങ്ക് ബിജെപി മുക്തമാക്കിയതും ഇവരുടെ തന്ത്രപരമായ നീക്കംതന്നെ. ഈ കൂട്ടുകെട്ട് നിയമസഭാതിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നുകഴിഞ്ഞുവെങ്കിലും അത് എളുപ്പമല്ല. 

വേങ്ങര, മലപ്പുറം ഉപതിരഞ്ഞെടുപ്പുകളിൽ തോറ്റപ്പോഴും ഇടതുമുന്നണി ഊറ്റംകൊണ്ടത് മുന്നണിയുടെ വോട്ട് വിഹിതം വർധിച്ചതിലാണ്. അതുകൊണ്ടുതന്നെ, കൂടുതൽ ജയസാധ്യതയുള്ള യുഡിഎഫിനായി വോട്ട് മറിച്ചെന്നുവന്നാൽ ആ മൂന്നാംസ്ഥാനം സർക്കാരിനെ പ്രതിരോധത്തിലാക്കും. അതേസമയം, ഒ.രാജഗോപാലിനു പിന്നാലെ കെ.സുരേന്ദ്രൻ കൂടി നിയമസഭയിലേക്കു കടന്നുവരുന്നത് കേരളത്തിലെ ഇടതു–വലതു മുന്നണികൾക്കു ചിന്തിക്കാവുന്ന കാര്യവുമല്ല!